Chengannur By Election Results 2018: തിരുവനന്തപുരം: ചെങ്ങന്നൂരിലെ ജനവിധി എൽഡിഎഫ് സർക്കാരിന്റെ നയനിലപാടുകൾക്കുളള പിന്തുണയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനുളള അംഗീകാരമാണ് ചെങ്ങന്നൂരിലെ വിജയം. എല്ലാ വിഭാഗങ്ങളുടെയും പിന്തുണ മുൻപ് ഒരു കാലത്തും ഇല്ലാത്ത വിധത്തിൽ എൽഡിഎഫ് സർക്കാരിന് കിട്ടിയെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുൻപില്ലാത്ത വിധത്തിൽ ഇടതുമുന്നണിക്കും സർക്കാരിനും എല്ലാ മേഖലയുടെയും പിന്തുണ കിട്ടി. രാഷ്ട്രീയത്തിനപ്പുറം വികസന സ്വപ്നങ്ങൾ ജനം ഏറ്റെടുക്കുന്നു. സർക്കാരിന്റെ നയങ്ങൾക്കുളള വർധിച്ച സ്വീകാര്യതയാണ് ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പിലൂടെ പ്രകടമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം ഇല്ലാതിരുന്ന വലിയൊരു ജനവിഭാഗം ഇത്തവണ ഒപ്പംനിന്നു. സർക്കാരിന്റെ നയങ്ങൾ അവർ അംഗീകരിച്ചുവെന്നതിന്റെ സൂചനയാണിത്.
ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ച് മുന്നോട്ടു പോകുന്നതിൽ സർക്കാർ കാട്ടുന്ന പ്രതിബദ്ധതയ്ക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ചെങ്ങന്നൂരിലെ വിജയം. ബിജെപിയെ പ്രബുദ്ധരായ കേരള ജനത ഒരിക്കലും അംഗീകരിക്കില്ല എന്നതിന്റെ തെളിവ് കൂടിയാണ്. ജനനന്മയ്ക്കും നാടിന്റെ വികസനത്തിനും വേണ്ടി നടപ്പാക്കുന്ന നയപരിപാടികളുമായി കൂടുതൽ ശക്തമായി മുന്നോട്ടു പോകാൻ ജനങ്ങളുടെ ഭാഗത്തുനിന്സർക്കാരിന് കിട്ടിയ പച്ചക്കൊടിയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ തിളക്കമാർന്ന വിജയം നേടിയിരുന്നു. സജി ചെറിയാൻ 20,956 വോട്ടുകൾക്ക് വിജയിച്ചു. 67,303 വോട്ടുകളാണ് സജി ചെറിയാൻ നേടിയത്. 2016 ലെ ചെങ്ങന്നൂരിലെ എൽഡിഎഫ് ഭൂരിപക്ഷവും സജി ചെറിയാൻ മറികടന്നു. അന്ന് എൽഡിഎഫിന്റെ കെ.കെ.രാമചന്ദ്രൻ നായർക്ക് കിട്ടിയത് 7,983 ന്റെ വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.
46,347 വോട്ടുകൾ നേടി യുഡിഎഫ് സ്ഥാനാർത്ഥി ഡി.വിജയകുമാർ രണ്ടാം സ്ഥാനത്തും 35,270 വോട്ടുകൾ നേടി ബിജെപി സ്ഥാനാർത്ഥി പി.സ്.ശ്രീധരൻപിളള മൂന്നാം സ്ഥാനത്തുമെത്തി.