കേരളത്തിലെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്‍റെ കേളികൊട്ട് മുറുകിയപ്പോഴായിരുന്നു രണ്ട് സംസ്ഥാന നേതാക്കൾക്ക് പ്രമോഷൻ നൽകി കേരളത്തിൽ നിന്നൊഴിവാക്കിയത്. ഗ്രൂപ്പ് പോരിന്‍റെ വഴിക്കണക്കുകൾ ഗൃഹപാഠം ചെയ്യുന്ന ബിജെപിയും കോൺഗ്രസുമാണ് പരിഹാരം കണ്ടെത്തല്‍ ശ്രമങ്ങളുടെ ഭാഗമായി ഇങ്ങനെ ചില നീക്കങ്ങള്‍ നടത്തിയത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ കാലാവധി തികയ്ക്കാൻ ആറ് മാസം അവശേഷിക്കെ മിസോറം പോലൊരു സ്ഥലത്തേയ്ക്ക്  ഗവർണറാക്കി അയച്ചതും, കേരളത്തിലെ കളത്തിൽ നിറഞ്ഞു കളിച്ചിരുന്ന ഉമ്മൻ ചാണ്ടിയെ എഐ​സിസി ജനറൽ​ സെക്രട്ടറിയാക്കി ആന്ധ്രാ പ്രദേശിലേക്ക് മാറ്റിയതും വോട്ടെടുപ്പിന് തൊട്ടു മുന്നിലെ ദിവസങ്ങളിലായിരുന്നു.

കേരളത്തിലെ കോൺഗ്രസിൽ വരാന്‍ പോകുന്ന ഗ്രൂപ്പ് പോരിന്‍റെ ആദ്യലക്ഷണം പ്രകടിപ്പിച്ച അഭിപ്രായം ഉമ്മൻ ചാണ്ടിയുടെ ഭാഗത്ത് നിന്നും വന്നതിന് തൊട്ടു പിന്നാലെയാണ് സ്ഥാനക്കയറ്റം നൽകി ഒതുക്കിക്കൊണ്ടുളള കേന്ദ്രനേതൃത്തിന്‍റെ തീരുമാനം വന്നത്.

ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്‍റെ കൂടെ വിലയിരുത്തലാകും എന്നായിരുന്നു ഒരു അഭിമുഖത്തിൽ ഉമ്മൻ ചാണ്ടി വ്യക്തമാക്കിയത്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്ഥനായ പി.സി.വിഷ്ണുനാഥിനെ തോൽപ്പിച്ച് സിപിഎം പിടിച്ചെടുത്ത മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ അഭിപ്രായ പ്രകടനം. മാത്രമല്ല, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മദേശമായ ചെന്നിത്തല പഞ്ചായത്തും ഈ​ മണ്ഡലത്തിലാണ് ഉൾപ്പെടുന്നത്. ഈ​ മണ്ഡലത്തിലെ ഏതു നീക്കവും രമേശ് ചെന്നിത്തലയെ ബാധിക്കുമെന്നത് ഉറപ്പാക്കിയാണ് ഉമ്മൻചാണ്ടി കരുനീക്കുന്നത്. ഈ​ അഭിമുഖം പുറത്തുവന്ന് ഒരു ദിവസം പിന്നിടുമ്പോഴേയ്ക്കും എഐ​സിസി ജനറൽ സെക്രട്ടറിയായി ഉമ്മൻ ചാണ്ടിക്ക് സ്ഥാനക്കയറ്റം നൽകി കേന്ദ്ര തീരുമാനം പുറത്തുവന്നു.

തിരഞ്ഞെടുപ്പിൽ തോറ്റാലും ജയിച്ചാലും കേരളത്തിലെ പാർട്ടിക്കുളളിൽ പുതിയ കലാപവഴികൾ​ തുറക്കേണ്ടതില്ലെന്ന തീരുമാനമായിരുന്നു അതിന് പിന്നില്ലെന്നാണ് കോൺഗ്രസിൽ പോലും പലരും കരുതുന്നത്. എഐ​സിസി നേതൃത്വവുമായി പല തവണ കൊമ്പുകോർത്ത ഉമ്മൻ ചാണ്ടി പക്ഷേ ഈ​ നിയമനം ഏറ്റെടുത്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തോൽവിയെ തുടർന്ന്​ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് പദവികളൊക്കെ ഉപേക്ഷിച്ചയാളായിരുന്നു ഉമ്മൻചാണ്ടി. ആ നിലപാടിന്‍റെ ഭാഗമായാണ് അദ്ദേഹം പ്രതിപക്ഷനേതാവിന്‍റെ സ്ഥാനവും ഏറ്റെടുക്കാതിരുന്നത്. ഉപതിരഞ്ഞെടുപ്പ് ഫലത്തിന്‍റെ അടിസ്ഥാനത്തിൽ കരുനീക്കി മുന്നോട്ട് കുതിക്കാനിരുന്ന ഉമ്മൻ ചാണ്ടിയെയാണ് കേന്ദ്ര നേതൃത്വം ഡൽഹിയിലേയ്ക്ക് കൊണ്ടുപോകുന്നത്.

ആന്ധ്രപ്രദേശിന്‍റെ ചുമതല നൽകി ഉമ്മൻചാണ്ടി കേരളം വിടുമ്പോൾ പുതിയ സാഹചര്യത്തിൽ കോൺഗ്രസിന്‍റെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയും. അനുകൂല സാഹചര്യത്തിൽ പോലും കനത്ത പരാജയം ഏറ്റുവാങ്ങിയ രമേശ് ചെന്നിത്തല കേരളത്തിലെ ഏറ്റവും മോശം കാലത്തിലൂടെയായിരിക്കും കടന്നുപോവുക.

കോൺഗ്രസ് നേരിടുന്ന വെല്ലുവിളികളെ നേരിടാൻ രമേശിന് ഇന്നത്തെ നിലയ്ക്ക് സാധ്യമാകുമോ എന്നതാണ് പ്രതിസന്ധി. ഉമ്മൻ ചാണ്ടി കേരളം വിട്ടാലും ഒരു കാലും കണ്ണും കൈയ്യും കേരളത്തിൽ തന്നെയായിരിക്കുമെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നത് അടുത്ത മുഖ്യമന്ത്രി പദം നോട്ടമിട്ടിരിക്കുന്നവർക്ക് തന്നെയാണ്.

കോൺഗ്രസിനേക്കാൾ ഗതികെട്ട അവസ്ഥയിലാണ് ബിജെപി. ത്രിപുര മുഖ്യമന്ത്രിയെ കൊണ്ട് വന്ന് ചെങ്ങന്നൂരിൽ സിപിഎമ്മിനെ പേടിപ്പിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ, കൈയ്യിലിരുന്നതും പോയി ഉത്തരത്തിലിരുന്നതും കിട്ടിയില്ല എന്ന അവസ്ഥയിലായി പോയി ആ​ വിപ്ലവം.

കേന്ദ്രത്തിലെ അധികാരത്തിന്‍റെ സാധ്യതകളൊന്നും മണ്ഡലത്തിൽ വോട്ടാക്കി മാറ്റാൻ ബിജെപിക്ക് സാധ്യമായില്ല. കുമ്മനം രാജശേഖരന്‍ ആർഎസ്എസ്, ഹിന്ദുഐക്യവേദി പ്രവർത്തനം രാഷ്ട്രീയപാർട്ടി പ്രവർത്തനവും രണ്ടാണെന്ന് തിരിച്ചറിയാൻ ബിജെപി കേന്ദ്ര നേതൃത്വം രണ്ട് വർഷത്തോളം വൈകി എന്ന് മാത്രം.

രാഷ്ട്രീയ പ്രവർത്തനത്തിൽ കുമ്മനം നടത്തിയ​ നീക്കങ്ങളൊക്കെ പൊളിഞ്ഞ നാടകങ്ങളായി. കേന്ദ്രത്തിൽ  ബിജെപി അധികാരത്തിൽ​ വന്നപ്പോഴൊക്കെ കേരളത്തിലെ നേതാക്കളും അഴിമതി ആരോപണ വിധേയരായിട്ടുണ്ട്. വാജ്പേയി ഭരണകാലത്ത് പെട്രോൾ പമ്പ് വിവാദവുമായി ബന്ധപ്പെട്ടാണ് കേരളത്തിലെ ചില നേതാക്കളുടെ പേര് ഉയർന്നുവന്നതെങ്കിൽ ഇത്തവണ മെഡിക്കൽ കോളേജ് കോഴ വിവാദവുമായി ബന്ധപ്പെട്ടാണ് ഉയർന്നത്.

പെട്രോൾ പമ്പ് വിവാദം അധികം വിവാദമാകാതെ ഒതുക്കി തീർക്കാൻ സാധിച്ചുവെങ്കിലും മെഡിക്കൽ​ കോളേജ് വിവാദം ബിജെപിയുടെ മുഖം വികൃതമാക്കി എന്ന അഭിപ്രായം പാർട്ടിക്കുളളിൽ തന്നെ ഉയർന്നു. ഇതിന്‍റെ പേരിലുളള നടപടികളും വിവാദമായി.

ചർച്ചകളിലും പ്രസംഗങ്ങളിലും പങ്കെടുക്കുന്ന പല നേതാക്കളും മണ്ടത്തരത്തിലൂടെ പാർട്ടിയെ കോമാളി വേഷം കെട്ടിക്കുകയാണെന്ന അഭിപ്രായം പാർട്ടിക്കുളളിൽ ഉണ്ടായി. “മുൻകാലങ്ങളിൽ ഗൗരവത്തോടെ വിഷയം സമീപിക്കുന്നവർ മാത്രമാണ് ഇടപെട്ടിരുന്നത്. ഇന്ന് വായിൽ വരുന്ന എന്തും വിളിച്ചുപറയുന്ന കുറേ പേരാണ് ഇതിനൊക്കെ പോകുന്നത്. ഇത് പാർട്ടിയുടെ വില കളഞ്ഞു കുളിക്കുന്നതിന് കാരണമായി. ഇതിനുളളിലെ ചിലരുടെ താൽപര്യം സംരക്ഷിക്കാനാണ്”, ഒരു മുതിർന്ന ബിജെപി നേതാവ് വേദനയോടെ വ്യക്തമാക്കി.

“പണ്ട് മികച്ച രീതിയിൽ​ചാനൽ ചർച്ചയിൽ ഇടെപെട്ടിരുന്ന ചില യുവനേതാക്കൾ പോലും ഇപ്പോൾ പലപ്പോഴും അപസ്മാരം വന്നതു പോലെയാണ് പെരുമാറുന്നത്. ചിലരൊക്കെ ഭീഷണി വരെ മുഴക്കുന്നുണ്ട്. അതൊന്നും പാർട്ടിക്ക് നല്ലതിനല്ല.

ചിലപ്പോൾ അതുകണ്ട് കൈയ്യടിക്കുന്ന അണികളുണ്ടാകും പക്ഷേ, ജനം അതല്ല പ്രതീക്ഷിക്കുന്നത്. സിപിഎമ്മിനോടുളള ആളുകളുടെ എതിർപ്പ് അവരുടെ ഈ​ ധാർഷ്ട്യത്തോടാണ്. അപ്പോൾ നമ്മളും ആ വഴിക്ക് പോയാലോ?” അധികാരം പോലും കിട്ടാത്ത കേരളത്തിൽ അദ്ദേഹം ചോദിക്കുന്നു.

“ഇങ്ങനെയൊക്കെ പാർട്ടിയെ കൊണ്ടെത്തിച്ചതിൽ ചിലരുടെ നിക്ഷിപ്ത താൽപര്യമുണ്ട്. അവരാണ് കുമ്മനത്തെ കൊണ്ട് പ്രസിഡന്റാക്കിയതും, അദ്ദേഹത്തെ ഗ്രൂപ്പ് കളിയുടെ ഭാഗമാക്കിയതും” എന്നും നേതാവ് പറയുന്നു.

മറ്റൊരു വഴിയും കാണാതെ വന്നപ്പോഴാണ് കേന്ദ്ര നേതൃത്വം കുമ്മനത്തെ ഇവിടെ നിന്നും മാറ്റാൻ തീരുമാനിച്ചത്. ആർഎസ്എസ് നോമിനിയായാണ് കുമ്മനം ബിജെപി സംസ്ഥാന പ്രസിഡന്റായത്. എന്നാൽ കുമ്മനം പ്രസിഡന്റായ ശേഷം ബിജെപിയിൽ ഗ്രൂപ്പിന്‍റെയും ഗ്രൂപ്പ് വൈരത്തിന്‍റെയും ശക്തികൂടുകയാണ് ചെയ്തതെന്നാണ് പാർട്ടിക്കുളളിലുളളവർ തന്നെ വ്യക്തമാക്കുന്നത്. വി.മുരളീധരന്‍റെയും കൃഷ്ണദാസിന്‍റെയും ഗ്രൂപ്പുകളും പിന്നെ ഒറ്റയ്ക്ക് തന്നെ ഗ്രൂപ്പായി ഭാവിക്കുന്ന ചിലരും, എന്നതായിരുന്നു നേരത്തത്തെ നില. ഇതിൽ ഗ്രൂപ്പിനതീതനായി വന്ന കുമ്മനം. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഒരു ചെറിയകൂട്ടം ആളുകളും ഒരു ഗ്രൂപ്പായി, അവർക്ക് ഏറ്റവും അടുപ്പമുളളത് കൃഷ്ണദാസ് ഗ്രൂപ്പിനോടും ആയി മാറി. ഇത് സംഘടനാ പ്രവർത്തനത്തെ ബാധിച്ചു, കേരളത്തിലെ ബൂത്തുതലം മുതൽ കെട്ടിപ്പെടുത്ത പാർട്ടി സംവിധാനം നഷ്ടമാവുകയും ചെയ്തു.

ഈ​ സാഹചര്യത്തിലാണ് കുമ്മനത്തെ ഒഴിവാക്കി പകരം പദ്ധതി ആലോചിച്ചത്. അമിത് ഷാ ഉൾപ്പടെയുളളവരെ കേരളത്തിൽ ​കൊണ്ട് വന്ന യാത്രകളൊക്കെ സംഘടിപ്പിക്കുകയും ദേശീയ തലത്തിൽ നടത്തിയ ക്യാംപെയിനുമൊക്കെ രാഷ്ട്രീയ വിജയം നേടുന്നതിൽ​ ബിജെപിയെ സഹായിച്ചില്ല. മാത്രമല്ല, പരസ്‌പരം കേരളത്തിലെ സംഘടനാ സംവിധാനങ്ങളെയാകെ ഉലയ്ക്കാനാണ് വഴിയൊരുക്കിയതെന്നും വിമർശനം ഉയർന്നിരുന്നു. സംഘടനയിലെ ഗ്രൂപ്പ് വഴക്ക് വ്യാപിക്കുകയും മൂർച്ഛിക്കുയും ചെയ്യുകയും അഴിമതി ആരോപണങ്ങളും പണം പിരിവ് ആരോപണങ്ങളും ഒക്കെ വിവിധ തലങ്ങളിൽ​ ബിജെപിക്കെതിരെ വാർത്തകളായി വരുകയും ചെയ്ത സാഹചര്യത്തിൽ കുമ്മനത്തെ മാറ്റുകയെന്നത് മാത്രമായിരുന്നു നേതൃത്വത്തിന് മുന്നിലുളള ഏക പോംവഴി. എന്നാൽ അദ്ദേഹത്തിന് മാന്യമായ ഒരു ഒഴിയലിന് വഴികൊടുക്കണമെന്ന് ആർഎസ്എസ് സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രമന്ത്രിസ്ഥാനമോ രാജ്യസഭാ എംപി സ്ഥാനമോ കുമ്മനത്തിന് നൽകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കേരള രാഷ്ട്രീയത്തിൽ സജീവ ഇടപെടലിന് കുമ്മനത്തിന് വഴി നൽകുന്ന ഈ​ രണ്ട് സ്ഥാനങ്ങളും നൽകുന്നതിന് കേന്ദ്രനേതൃത്വം വിസമ്മതിച്ചു.

പകരം മിസോറാമിൽ ഗവർണറാക്കി മാറ്റി. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്‍റെ തൊട്ട് മുന്നേയായിരുന്നു ഈ​ നീക്കവും.  പാർട്ടി തിരഞ്ഞെടുപ്പിനെ അതിന്‍റെ മൂർധന്യത്തിൽ നേരിട്ടത് അതിന്‍റെ അധ്യക്ഷനില്ലാതെയായിരുന്നു.

ഉപതിരഞ്ഞെടുപ്പ് ഫലവും അതിനെ തുടർന്നുണ്ടാകുന്ന ഗ്രൂപ്പു പോരിലും കോൺഗ്രസും ബിജെപിയും അവരുടെ രണ്ട് പ്രധാന നേതാക്കളെ അകറ്റി നിർത്താനുളള തീരുമാനം തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സ്വീകരിച്ചു. ഇനി തിരഞ്ഞെടുപ്പ് ഫലം ഈ​ ഗ്രൂപ്പ് സമവാക്യങ്ങളെ ഇവരില്ലാതെ എങ്ങനെയൊക്കെ മാറ്റി മറിക്കും എന്നതാണ് ഇരുപാർട്ടികളിലെയും  അണികൾ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉറ്റുനോക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ