ഉപതിരഞ്ഞെടുപ്പിലെ മൂന്നിരട്ടിയോളം ഭൂരിപക്ഷം നേടിയ വിജയം എൽഡിഎഫിനും സർക്കാരിനും അതിലുപരി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. പല വിധ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴാണ് ഈ​ വിജയം ഉണ്ടാകുന്നത്. സർക്കാരിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ് ​ഈ വിജയം. ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ഒമ്പതാം തിരഞ്ഞെടുപ്പിലാണ് എൽ​ഡിഎഫ് ഒരു ഉപതിരഞ്ഞെടുപ്പ് വിജയം നേടുന്നത്. അതിനാൽ തന്നെ അവർക്ക് അത് പകരുന്നത് ഇരട്ടിമധുരമാണ്.

എൽഡിഎഫ് സർക്കാർ വന്ന ശേഷം ഒരു ലോക്‌സഭ സീറ്റിലേയ്ക്കും രണ്ട് നിയമസഭാ സീറ്റുകളിലേയ്ക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.​ ഇതിൽ മലപ്പുറം ലോക്‌സഭാ സീറ്റും വേങ്ങര നിയമസഭാ സീറ്റും യുഡിഎഫ് നിലനിർത്തി. യുഡിഎഫിന്‍റെ, പ്രത്യേകിച്ച് ‌മുസ്‌ലിം ലീഗിന്റെ കോട്ടകളായി അറിയപ്പെടുന്ന മണ്ഡലങ്ങളാണിവ. ചെങ്ങന്നൂർ പ്രത്യേകിച്ച് ആരോടും മമത കാണിക്കാറില്ലെങ്കിലും 1991 മുതൽ 2011 തിരഞ്ഞെടുപ്പ് വരെ കോൺഗ്രസിനാണ് അവിടെ നിന്നും വിജയിക്കാനായത്. അതിന് മുമ്പ് പലതവണ സിപിഐയും​, സിപിഎമ്മും മറ്റ് എൽ​ഡിഎഫ് സ്ഥാനാർത്ഥികളും ജയിച്ചിട്ടുണ്ട്.

2016ൽ തിരിച്ചു പിടിച്ച മണ്ഡലമാണ് എൽഡിഎഫ് നിലനിർത്തിയത്.

കേരളത്തിൽ കുത്തക മണ്ഡലങ്ങളിലല്ലാത്ത മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഭരണകക്ഷികൾ തന്നെ ജയിക്കുന്ന പ്രതിഭാസം ആരംഭിച്ചത് അടുത്ത കാലത്തൊന്നുമല്ല. തൊട്ടു മുന്നിൽ കഴിഞ്ഞുപോയ ഉമ്മൻചാണ്ടി സര്‍ക്കാര്‍ അതിന് ഉദാഹരണമാണ്. അന്ന് നേരിട്ട മൂന്ന് ഉപതിരഞ്ഞെടുപ്പിലും ഭരണകക്ഷിയായ യുഡിഎഫാണ് വിജയിച്ചത്. അതിലൊന്ന് സിപിഎമ്മിൽ നിന്നും രാജിവച്ച് യുഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ച ശെൽവരാജാണ്.

എന്നാൽ അതേ ശെൽവരാജ് 2016 ലെ തിരഞ്ഞെടുപ്പിൽ തോൽക്കുകയും മണ്ഡലം വീണ്ടും എൽഡിഎഫിനൊപ്പം വരികയും ചെയ്തു. ​ഈ മണ്ഡലം ഒരിക്കലും എൽ​ഡിഎഫിന്‍റെയോ യുഡിഎഫിന്‍റെയോ കുത്തക മണ്ഡലവും ആയിരുന്നില്ല. അരുവിക്കര, പിറവം മണ്ഡലങ്ങളിലും ജി.കാർത്തികേയൻ, ടി​.എം.ജേക്കബ് എന്നിവരുടെ മരണത്തെ തുടർന്നായിരുന്നു മൽസരം. അവരുടെ മക്കളാണ് അവിടെ മൽസരിച്ചത്. ടി.എം.ജേക്കബ്ബ് ജയിച്ചത് 157 വോട്ടിനായിരുന്നു എന്നാൽ അനൂപ് ജേക്കബ് ജയിച്ചുവന്നത് ഏതാണ്ട് പന്ത്രണ്ടായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്. സിപിഎമ്മിന്‍റെ കൈവശമുണ്ടായിരുന്ന സീറ്റ് പോലും തിരിച്ച് പിടിച്ച് ഭരണകാലത്ത് ഉമ്മൻചാണ്ടിയുടെ കരുനീക്കങ്ങൾ ഉപതിരഞ്ഞെടുപ്പിൽ വിജയം കണ്ടിരുന്നു. എന്നാൽ അതൊന്നുമായിരുന്നില്ല ഒരു പാൻ-കേരള കാഴ്ചപ്പാടെന്ന് 2016ലെ തിരഞ്ഞെടുപ്പ് വ്യക്തമാക്കി. കേരളത്തിലെ വോട്ടർമാർ ആ ഭരണത്തോടുളള മടുപ്പ് വ്യക്തമാക്കി. എൽഡിഎഫ് അധികാരത്തിലെത്തി.

അതുകൊണ്ട് തന്നെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഭരണത്തെയോ വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളെയോ വിലയിരുത്തുക എന്നത് തെറ്റായ വിശലകനങ്ങളിലേയ്ക്കും വ്യഖ്യാനങ്ങളിലേയ്ക്കുമായിരിക്കും എത്തുക.

ഉപതിരഞ്ഞെടുപ്പുകളായിരിക്കും പൊതുതിരഞ്ഞെടുപ്പിന്‍റെ ഫലം നിർണയിക്കുക എന്നത് ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് ലഭിച്ച ഉപതിരഞ്ഞെടുപ്പ് വിജയങ്ങളുടെ പശ്ചാത്തലത്തിലാണെങ്കിൽ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ അവർ ജയിക്കേണ്ടതായിരുന്നു. എന്നാൽ ഒരു പാൻകേരള കാഴ്ചപ്പാടിൽ യുഡിഎഫിന്‍റെ തകർച്ചയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായത്. ഉപതിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം വച്ചും കണക്കാക്കാൻ കഴിയില്ല.

കാരണം 157 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ടി.എം.ജേക്കബ് ജയിച്ചതെങ്കിൽ അദ്ദേഹത്തിന്‍റെ മരണത്തെ തുടർന്ന് മകൻ അനൂപ് പന്ത്രണ്ടായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. അത് 2012ലായിരുന്നു. നാല് വർഷം പിന്നിടുമ്പോൾ അതിന് പിന്നാലെ നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ്. യുഡിഎഫിൽ ചേക്കേറി മൽസരിച്ച സിപിഎമ്മിന്‍റെ ശെൽവരാജ് ആറായിരത്തിലേറെ ഭൂരിപക്ഷത്തോടെ തന്നെ അന്ന് ജയിച്ചു. 2016ൽ സെൽവരാജ് തോൽക്കുകയും ചെയ്തു. അരുവിക്കര മണ്ഡലത്തിൽ​ കാർത്തികേയന്‍റെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ മകൻ ശബരീനാഥ് ജയിച്ചു. ഇതൊക്കെ ഭരണം മികച്ചതായിരുന്നതുകൊണ്ടായിരുന്നുവെന്ന് വാദിക്കാൻ സിപിഎമ്മിനോ കോൺഗ്രസിനോ സാധിക്കില്ല.

2006 മുതലുളള പന്ത്രണ്ട് വർഷത്തെ കണക്കെടുത്താൽ യുഡിഎഫിന് മുന്നിൽ എൽഡിഎഫിന്‍റെ രണ്ടാം വിജയം മാത്രമാണിത്. സാധാരണഗതിയിൽ എല്ലാ ഉപതിരഞ്ഞെടുപ്പുകളും വിജയിക്കുന്നതിൽ പാടവം കാണിച്ചിരുന്നത് എൽഡിഎഫായിരുന്നു ഒരു കാലത്ത്. അത് അട്ടിമറിക്കപ്പെട്ടത് 2006 മുതലാണ്.

മത്തായി ചാക്കോ എന്ന സിപിഎം നേതാവിന്‍റെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലത്തിൽ നിന്നും ജോർജ് എം.തോമസ് എന്ന സിപിഎം നേതാവ് ജയിച്ചുവന്നു. എന്നാല്‍ പിന്നീട് വന്ന നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ തോൽവിയായിരുന്നു എൽ​ഡിഎഫിന് ഏറ്റുവാങ്ങേണ്ടി വന്നത്. ഭരണപക്ഷത്തിരുന്നപ്പോഴും പ്രതിപക്ഷത്തിരുന്നപ്പോഴും തോൽവി നേരിടേണ്ടി വന്നിട്ടുണ്ട്. ഈ​ സർക്കാരിന്‍റെ കാലത്തും രണ്ട് ഉപതിരഞ്ഞെടുപ്പിൽ തോൽവി രുചിച്ച ശേഷമാണ് വിജയം കണ്ടത്.

2006 ലെ വി.എസ്.സർക്കാരിന്‍റെ കാലത്ത് നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകൾ എംഎൽഎമാരായിരുന്നവർ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ്. ആലപ്പുഴയിൽ നിന്നും കെ.സി.വേണുഗോപാലും എറണാകുളത്ത് നിന്നും കെ.വി.തോമസും കണ്ണൂരിൽ നിന്നും കെ.സുധാകരനും ലോക്‌സഭയിലേയ്ക്ക് പോയപ്പോഴാണ് ഉപതിരഞ്ഞെടുപ്പ് ഉണ്ടായത്. ആ മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും വിജയം കോൺഗ്രസ് സ്ഥാനാർത്ഥികളായിരുന്നു.

ആലപ്പുഴയിൽ എ.എ.ഷൂക്കൂറും, എറണാകുളത്ത് ഡൊമനിക് പ്രസന്റേഷനും കണ്ണൂരിൽ അബ്ദുളളക്കുട്ടിയും വിജയിച്ചു. പിന്നീട് ഇതിൽ രണ്ട് മണ്ഡലങ്ങൾ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നഷ്ടമാവുകയും ചെയ്തു. അതിന് ശേഷം ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളും കോൺഗ്രസ് നേടി. പിറവം, നെയ്യാറ്റിൻകര, അരുവിക്കര മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയം കണ്ടു. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം നടന്ന ആദ്യ രണ്ട് ഉപതിരഞ്ഞെടുപ്പുകളിൽ ഒന്ന് മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പും വേങ്ങര നിയമസഭാ തിരഞ്ഞെടുപ്പുമായിരുന്നു. ഇത് രണ്ടും യുഡി​എഫിന് വേണ്ടി മൽസരിച്ച മുസ്‌ലിം ലീഗ് നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.