Chengannur By Election Results 2018: ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് തിളക്കമാർന്ന വിജയം. സജി ചെറിയാൻ 20,956 വോട്ടുകൾക്ക് വിജയിച്ചു. 67,303 വോട്ടുകളാണ് സജി ചെറിയാൻ നേടിയത്. 2016 ലെ ചെങ്ങന്നൂരിലെ എൽഡിഎഫ് ഭൂരിപക്ഷവും സജി ചെറിയാൻ മറികടന്നു. അന്ന് എൽഡിഎഫിന്റെ കെ.കെ.രാമചന്ദ്രൻ നായർക്ക് കിട്ടിയത് 7,983 ന്റെ വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു.
46,347 വോട്ടുകൾ നേടി യുഡിഎഫ് സ്ഥാനാർത്ഥി ഡി.വിജയകുമാർ രണ്ടാം സ്ഥാനത്തും 35,270 വോട്ടുകൾ നേടി ബിജെപി സ്ഥാനാർത്ഥി പി.സ്.ശ്രീധരൻപിളള മൂന്നാം സ്ഥാനത്തുമെത്തി. യുഡിഎഫിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് ചെങ്ങന്നൂരിൽ നേരിടേണ്ടി വന്നത്. ഇരുമുന്നണികൾക്കും പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ല. ബിജെപിക്ക് കഴിഞ്ഞ തവണത്തെക്കാൾ വോട്ട് വളരെയേറെ കുറയുകയും ചെയ്തു.
മാന്നാർ, പാണ്ടനാട്, തിരുവൻവണ്ടൂർ, മുളക്കുഴ, ആല, പുലിയൂർ, ബുധനൂർ, ചെന്നിത്തല, ചെറിയാനാട്, വെണ്മണി എന്നീ പഞ്ചായത്തുകളിലും ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലും സജി ചെറിയാൻ വ്യക്തമായ ലീഡ് നേടിയാണ് വിജയിച്ചത്. യുഡിഎഫ്, ബിജെപി ശക്തികേന്ദ്രങ്ങളിലെല്ലാം സജി ചെറിയാൻ മേൽക്കൈ നേടി.
യുഡിഎഫ് ക്വാട്ടയായ മാന്നാർ, പാണ്ടനാട് പഞ്ചായത്തുകളിൽ സജി ചെറിയാൻ ലീഡ് ഉയർത്തി. ഈ രണ്ടു പഞ്ചായത്തുകളും യുഡിഎഫ് ഏറെ പ്രതീക്ഷിച്ചിരുന്നവയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മാന്നാറിൽ യുഡിഎഫ് വ്യക്തമായ മേൽക്കൈ നേടിയിരുന്നു. എന്നാൽ ഇത്തവണ കാര്യങ്ങൾ യുഡിഎഫിന് അനുകൂലമായിരുന്നില്ല.
മാന്നാർ പഞ്ചായത്തിൽ 2,629 വോട്ടുകളാണ് സജി ചെറിയാന്റെ ലീഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 440 വോട്ടുകളുടെ ലീഡാണ് ഇവിടെ ലഭിച്ചത്. കഴിഞ്ഞ തവണ യുഡിഎഫിന് ഒപ്പംനിന്ന പാണ്ടനാട് ഇത്തവണ സജി ചെറിയാനൊപ്പമാണ് നിന്നത്. ഇവിടെ എൽഡിഎഫ് 649 വോട്ടിന്റെ ഭൂരിപക്ഷം നേടി. യുഡിഎഫിന് മുൻതൂക്കമുളള ചെങ്ങന്നൂർ നഗരസഭയിൽ ഇത്തവണ എൽഡിഎഫ് മേൽക്കൈ നേടി. ഇവിടെ 321 ലീഡാണ് എൽഡിഎഫിന് കിട്ടിയത്.
ബിജെപി ശക്തികേന്ദ്രമായ തിരുവൻവണ്ടൂരും സജി ചെറിയാൻ പിടിച്ചു. ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തായി. കേരള കോൺഗ്രസ് ഭരിക്കുന്ന തിരുവൻവണ്ടൂരിൽ യുഡിഎഫ് മൂന്നാമതായാണ് എത്തിയത്.
മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പകരക്കാരനായി ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാനെയാണ് പാർട്ടി നിയോഗിച്ചത്.