Chengannur By Election Results 2018: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാകുക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും കെ.എം.മാണിക്കുമായിരിക്കും. ഉപതിരഞ്ഞെടുപ്പിൽ ജയിക്കാനുളള എല്ലാ സാഹചര്യങ്ങളുമുണ്ടെന്ന് കരുതപ്പെട്ട മണ്ഡലത്തിൽ​ ഒരു പഞ്ചായത്തിൽ​പോലും മേൽകൈ കിട്ടാതെ തകർന്ന ദയനീയ ചിത്രമാണ് യുഡിഎഫിന്റേത്.

സമകാലിക സംഭവങ്ങളൊക്കെ അനുകൂലമായ സാഹചര്യത്തിലേയ്ക്ക് നയിച്ചിട്ടും വിജയത്തിന്റെ കരകാണാനാകാതെ യുഡിഎഫ് എത്തി. പ്രത്യേകിച്ച് കോൺഗ്രസ്. ഇതിന് മുമ്പ് നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിലെ ഘടകക്ഷിയായ മുസ്‌ലിം ലീഗ് വിജയിച്ചിട്ടും അതിലും അനുകൂല സാഹചര്യങ്ങൾ ഉയർന്നു വന്നിട്ടും വിജയം കാണാതെ പോയത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ​ രമേശ് ചെന്നിത്തലയ്ക്കും തിരഞ്ഞെടുപ്പിലെ നേതൃപരമായ പങ്ക് വഹിച്ച നേതാവെന്ന നിലയിൽ ഉമ്മൻ ചാണ്ടിക്കും തിരിച്ചടിയാണ്. കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സൻ കാവലിൽ മാത്രമൊതുങ്ങിയേക്കാം.

പ്രതിപക്ഷനേതാവിന്റെ ജന്മദേശം ഉൾപ്പെടുന്ന മണ്ഡലത്തിൽ​ കനത്ത തോൽവി.​ പ്രതിപക്ഷ നേതാവിന്റെ ബൂത്തിലോ പഞ്ചായത്തിലോ പോലും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷം ലഭിച്ചില്ല. സ്വന്തംനാട്ടുകാരെപോലും പ്രതിപക്ഷ നേതാവിന് തന്റെ നിലപാട് വ്യക്തമാക്കി കൊടുക്കാൻ സാധിച്ചില്ല എന്നാണ് കോൺഗ്രസിനുളളിൽ തന്നെ ഉയർന്ന പരിഹാസം.

ചെങ്ങന്നൂരിൽ കാൽനൂറ്റാണ്ട് കാലം കോൺഗ്രസ് കുത്തകയാക്കിവച്ചിരുന്ന മണ്ഡലത്തെ കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് സിപിഎം വീണ്ടും പിടിച്ചെടുത്തത്. അത് കഴിഞ്ഞ് കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്ന് വന്ന ഉപതിരഞ്ഞെടുപ്പിൽ മണ്ഡലം തിരികെ പിടിക്കാൻ രമേശും ഉമ്മൻചാണ്ടിയുമൊക്കെ അരയും തലയും മുറുക്കി രംഗത്തിറങ്ങി. പക്ഷേ, സ്വന്തം സ്വാധീന മണ്ഡലങ്ങളിൽ പോലും തോറ്റമ്പി. എൻഎസ്എസ്സുമായി സ്ഥാനാർത്ഥി വിജയകുമാറിനും രമേശിനും ഉളള​ പിന്തുണ വോട്ടായി മാറുമെന്നായിരുന്നു കോൺഗ്രസ്സിന്റെ കണക്കുകൂട്ടൽ എന്നാൽ അതുണ്ടായില്ല എന്നാണ് വോട്ട് കണക്കുകൾ വ്യക്തമാക്കുന്നത്. കോൺഗ്രസിന് വോട്ട് കൂടിയെങ്കിലും ബിജെപിക്ക് കുറഞ്ഞ വോട്ട് പൂർണമായും തിരികെ കോൺഗ്രസിലേയ്ക്ക് എത്തിയില്ല. മാത്രമല്ല, കോൺഗ്രസിൽ നിന്നും ബിജെപി പിടിച്ചെടുത്ത വോട്ടുകൾ പൂർണമായി ബിജെപിയെ വിട്ടുപോയതുമില്ല എന്നത് കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലെ വോട്ട് നിലപരിശോധിക്കുമ്പോൾ വ്യക്തമാകും.

ഉമ്മൻചാണ്ടിക്ക് ബന്ധുബലമുളള മാന്നാർ പഞ്ചായത്തിലും മുൻതൂക്കം സജി ചെറിയാനായിരുന്നു. ഓർത്തഡോക്സ് സഭയിൽ​ ഉമ്മൻ ചാണ്ടിയുടെ സ്വാധീനം വിജയകുമാറിന് സഹായകമാകും എന്നായിരുന്നു വിശ്വാസം. പക്ഷേ അത് രക്ഷിച്ചില്ല. രമേശ് ചെന്നിത്തല വഴി എൻഎസ്എസ്സും ഉമ്മൻചാണ്ടി വഴി ഓർത്തഡോക്സ് വോട്ടും പിന്നെ മാണി വഴി അവശേഷിക്കുന്ന ക്രൈസ്തവ വോട്ടുകളും കിട്ടും. ഇതിനെല്ലാം പുറമെ വിജയകുമാറിന്റെ അയ്യപ്പ സേവാസംഘം ഉൾപ്പടെയുളള ബന്ധങ്ങൾ വഴി ബിജെപിയിലേയ്ക്ക് പോകുന്ന കുറെ വോട്ടും ലഭിക്കും. ഇതായിരുന്നു വിജയകുമാറിന്റെ സ്ഥാനാർത്ഥിത്വം മുതൽ മാണി പിന്തുണ പ്രഖ്യാപിക്കുകന്നതുവരെയുണ്ടായിരുന്ന കണക്കുകൂട്ടലുകൾ. മാണിയുടെ പിന്തുണകൂടി വന്നതോടെ മലർപൊടിക്കാരന്റെ സ്വപ്‌നം പോലെ യുഡിഎഫുകാർ കണക്കുകൾ നിരത്താൻ തുടങ്ങി. എന്നാൽ ജനം ഈ മനക്കോട്ടകളുടെ അടിത്തറ പൊളിച്ചു. ഉമ്മൻചാണ്ടി ഭരിച്ചകാലത്ത് എങ്ങനെ ഉമ്മൻചാണ്ടിയെ ഉപതിരഞ്ഞെടുപ്പുകളിൽ ജയിപ്പിച്ചോ അതേ പോലെ ഇവിടെ പിണറായി വിജയനെയും അവർ ജയിപ്പിച്ചു.

പക്ഷേ, പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകുമെന്ന ഉമ്മൻചാണ്ടിയുടെ പരാമർശവും പ്രതിപക്ഷത്തിന്റെ റോൾ സംബന്ധിച്ച വിമർശനവുമൊക്കെ ഇനി രമേശ് ചെന്നിത്തലയെ കൂടുതൽ പ്രതിരോധത്തിലാക്കും. ഇത് പാർട്ടിക്കുളളിലെ ഗ്രൂപ്പ് സമവാക്യങ്ങളെ മാറ്റിമാറിക്കുന്നതിലേയ്ക്കായിരിക്കും എത്തിക്കുയെന്നാണ് വിലയിരുത്തുന്നത്. ഉമ്മൻചാണ്ടിയുടെ ഡൽഹിയിലേയ്ക്കുളള മാറ്റവും കൂടെ വരുന്നതോടെ കേരളത്തിലേയ്ക്ക് ഡൽഹിയിൽ നിന്നും നീന്തിയെത്തുന്നത് ആരാകും എന്നതാണ് പുതിയ സമവാക്യങ്ങളെ രൂപപ്പെടുത്തുക. അതിനുളള അണിയറ നീക്കങ്ങളുടെ അധ്യാപന പാഠങ്ങൾ കോൺഗ്രസിനുളളിൽ രൂപം കൊണ്ടുകഴിഞ്ഞു. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും അവരുടെ ഗ്രൂപ്പുകളും അനുയായികളും വരും ദിവസങ്ങളിൽ ഈ​ പുതിയ സമവാക്യങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്നും പ്രതിരോധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

യുഡിഎഫിലേയ്ക്ക് മാണിയെ കൊണ്ടുവരുന്നതിൽ​ ഘടകകക്ഷികൾക്കൊന്നും എതിർപ്പുണ്ടാകില്ലെങ്കിലും മാണിയുടെ വിലപേശൽ​ ശക്തി കുറയുന്നതിന് ഈ​ തിരഞ്ഞെടുപ്പ് കാരണമായി. മാണിക്ക് ഇനി മറ്റൊരു മുന്നണിയുമായി സഹകരിക്കുകയെന്നതിലും വിലപേശൽ ശക്തി കുറയും. അതിനാൽ യുഡി​എഫിനൊപ്പം കൂടാനായിരിക്കും സാധ്യത. എന്നാൽ സിപിഎമ്മിലെയും ബിജെപിയിലെയും നിലവിലത്തെ ഔദ്യോഗിക വിഭാഗങ്ങൾക്ക് മാണിയോടുളള​ താൽപര്യം നഷ്ടമായിട്ടില്ല. അവരും മാണിയെ കണ്ണെറിഞ്ഞ് തന്നെ തുടരുകയാണ്. അതുകൊണ്ട് മാണിക്ക് പിടിച്ചു നിൽക്കാനും വഴിയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.