Chengannur By Election Results 2018:  ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഏറ്റവും ശക്തമായി തിരിച്ചടിച്ചത് കേരളത്തിലെ ബിജെപിക്കാണ്. കുറഞ്ഞപക്ഷം വോട്ട് വർധനവെങ്കിലും പ്രതീക്ഷിച്ച ബിജെപിക്ക് കനത്ത പ്രഹരായി ഇന്നത്തെ ഫലം.

വോട്ട് വർധിച്ചില്ലെന്ന് മാത്രല്ല, വോട്ട് ചെയ്യുമെന്ന് ബിഡിജെഎസ് ഉറപ്പ് പ്രഖ്യാപിച്ചിട്ടും​ ഏഴായിരം വോട്ടിലേറെ കുറവാണ് ബിജെപിക്കുണ്ടായത്.

കോൺഗ്രസ് സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്ത് എത്തുമ്പോൾ ആയിരത്തോളം വോട്ട് വർധിപ്പിച്ചു. എന്നാൽ​ ബിജെപിയ്ക്ക് ചെങ്ങന്നൂരിൽ നിർത്താവുന്ന ഏറ്റവും കരുത്തനായ സ്ഥാനാർത്ഥിക്ക് പോലും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2016ലും നേടിയ വോട്ട് വര്‍ദ്ധിപ്പിക്കാനായില്ല ബിജെപിക്ക് എന്ന് മാത്രമല്ല, നല്ല ശതമാനം വോട്ട് കുറയുകയും ചെയ്തു. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ 42,682 വോട്ട് നേടിയ പി.എസ്.ശ്രീധരൻ പിളളയ്ക്ക്  ഇപ്പോള്‍ 35,270 വോട്ട് മാത്രമാണ് നേടാനായത്. വോട്ട് ശതമാനത്തിലും വോട്ടിന്‍റെ എണ്ണത്തിലും കുറവുണ്ടായത് ബിജെപിക്കുളളിൽ കലാപത്തിന്‍റെ പുതിയ പോർമുഖങ്ങൾ തുറക്കുമെന്ന് ഉറപ്പാണ്.

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ബിജെപിയുടെ ഉളളിലെ പോര് വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. അത് തന്നെയാണ് നേതാക്കളുടെ നേരത്തെയുളള നീക്കം വ്യക്തമാക്കുന്നതും. തിരഞ്ഞെടുപ്പ് സമയത്ത് തന്നെയാണ് സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ ആ സ്ഥാനത്ത് നിന്നും മാറ്റി മിസോറാം ഗവർണറാക്കിയത്.

ഗ്രൂപ്പിന്‍റെയും വിഭാഗീയതയുടെ താമരയായിരിക്കും ഇനി ബിജെപിയിൽ വിടരുക. ചെങ്ങന്നൂരിലെ തിരിച്ചടി ബിജെപിക്കുളളിലെ ഗ്രൂപ്പ് സമവാക്യങ്ങളെ ഉടച്ചുവാർക്കുമെന്നാണ് അവിടെ നിന്നും ഉയരുന്ന സൂചനകൾ.

ബിജെപിയിലെ ഗ്രൂപ്പ് പോരും ജാതി വിഭാഗീയതയും വീണ്ടും കൊടി കുത്തി ഉയരുമെന്നാണ് ബിജെപിക്കുളളിൽ നിന്നു തന്നെ ലഭിക്കുന്ന സൂചനകള്‍. ഈ​ ഗ്രൂപ്പ് പോര് ഒതുക്കുന്നതിനാണ് നേരത്തെ ആർ​എസ്എസ് നിർദേശ പ്രകാരം കുമ്മനം രാജേശഖരനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കുന്നത്. എന്നാൽ കാലാവധി പൂർത്തിയാക്കാൻ പോലുമാകാതെ അദ്ദേഹത്തെ അവിടെ നിന്നും തിരഞ്ഞെടുപ്പ് ദിവസത്തിന് തൊട്ടു മുന്നേ മിസോറാം ഗവർണറാക്കി മാറ്റിയത് കേരളത്തിൽ സംഘടന എത്രത്തോളം ദുർബലമാണ് എന്നതിന്‍റെ ദൃഷ്ടാന്തമാണെന്ന് ബിജെപിയിലെ ഗ്രൂപ്പുകാരെല്ലാം സമ്മതിക്കുന്നുണ്ട്. ഗ്രൂപ്പിന് അതീതൻ എന്ന നിലയിൽ​ വന്ന കുമ്മനം ഗ്രൂപ്പിന്‍റെ ഭാഗമായി എന്നാണ് മറ്റുളളവർ ആരോപിക്കുന്നത്.

കേന്ദ്ര ഭരണത്തിന്‍റെ തിണ്ണമിടുക്കിൽ  കേരളത്തിലെ ടെലിവിഷൻ ചർച്ചകളിലും പുറത്തും ഭീഷണിയും വെല്ലുവിളിയും നടത്തുന്ന പാര്‍ട്ടി നേതാക്കളോടുള്ള പൊതുസമൂഹത്തിന്‍റെ അതൃപ്തി  സാമാന്യ ജനങ്ങളിൽ വെളിവായിത്തുടങ്ങിയിട്ടുണ്ട്.

കേന്ദ്രസർക്കാരിന്‍റെ നയങ്ങളോടുളള അഭിപ്രായ വ്യത്യാസവും അവിശ്വാസവും നേരത്തെ ബിജെപിക്ക് വോട്ട് ചെയ്ത നല്ലൊരു വിഭാഗത്തിൽ ഇപ്പോൾ​ രൂഢമൂലമാണ്. ആധാർ, പെട്രോൾ വില, നോട്ട് നിരോധനം തുടങ്ങി സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്‍റെ നിലപാടാണ്  ഇവിടെ ബിജെപിക്ക് തിരിച്ചടിയായത്. കേരളത്തിലെ ഭൂരിപക്ഷ സവർണ വോട്ടുകളും ചെറിയൊരു ന്യൂനപക്ഷം ബിഡിജെഎസ് വോട്ടുകളുമാണ് ഇവിടെ ലഭിച്ചത്.

കഴിഞ്ഞ തവണ ലഭിച്ച വോട്ട് പൂർണമായും നിലനിർത്താൻ സാധിച്ചില്ല എന്നതാണ്  ബിജെപിയുടെ തായ്‌വേര് തന്നെ പിടിച്ചുലയ്ക്കുന്നത്.

തമ്മിലടി മൂത്ത് നിന്ന ബിജെപിക്കുളളിൽ  ​ഈ പരാജയം പാർട്ടിയിലെ ശാക്തിക പോരിൽ കൂടുതല്‍ തമ്മിലടിയുടെ അടിയൊഴുക്കിന് കാരണമാകും. വി.മുരളീധരനും പി.കെ.കൃഷ്ണദാസും നേതൃത്വം നൽകുന്ന രണ്ട് ചേരികളും അവരുടെ താൽപര്യങ്ങളും ഇതിനിടിയിലൂടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരാന്‍ ശ്രമിക്കുന്നവരുമൊക്കെ ​ഈ കരുനീക്കങ്ങളിൽ ഫലം വരുന്നതിന് മുന്പെ തന്നെ കച്ച മുറുക്കി കഴിഞ്ഞിരുന്നു. ബിജെപി തങ്ങളുടെ ഉറച്ച കോട്ടയായി കണ്ടിരുന്ന തിരുവൻവണ്ടൂര്‍ പഞ്ചായത്തിൽ പോലും പിന്നിലായത് പ്രാദേശികമായും പാർട്ടിക്കുളളിൽ പുതിയ വിവാദങ്ങൾ ഉയർത്തും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ