ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ബിജെപിയുടെ പിആർഒ ആയി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധഃപതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരിയുടെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും കണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍ പോലും ഞെട്ടിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ബിജെപിയ്ക്ക് വോട്ട് വർധിക്കണമെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിയായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അധഃപതിച്ചതില്‍ തനിക്ക് ദുഃഖമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസം യുഡിഎഫ് ബിജെപിയുടെ വോട്ടുതേടിയെന്ന ആരോപണവുമായി കോടിയേരിയും സിപിഎമ്മും രംഗത്തെത്തിയിരുന്നു. ഇതിനു മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ഭരണത്തിന്റെ വിലയിരുത്തലാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പെന്ന് പറയാനുള്ള ധൈര്യം പിണറായിക്കുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. വികസനം എന്നത് പിണറായിക്ക് വാചകമടി മാത്രമാണെന്നും ചെങ്ങന്നൂരിൽ എൽഡിഎഫ് വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മെയ് 28 നാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മെയ് 31 ന് നടക്കും. പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായ സജി ചെറിയാനാണ് എൽഡിഎഫിനായി മൽസര രംഗത്തുളളത്. അയ്യപ്പസേവാ സംഘം നേതാവും കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവുമായ ഡി.വിജയകുമാറാണ് യുഡിഎഫ് സ്ഥാനാർഥി. മുതിർന്ന ബിജെപി നേതാവായ പി.ശ്രീധരൻ പിള്ളയാണ് ബിജെപിയുടെ സ്ഥാനാർഥി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ