തിരുവനന്തപുരം: ചെങ്ങന്നൂരിൽ കെ.എം.മാണിയുടെയും ബിഡിജെഎസിന്റെയും വോട്ട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസ് ഒഴികെ ആരുടെ വോട്ടും സ്വീകരിക്കും. ബിഡിജെഎസിന്റെ നിസഹകരണം ബിജെപിയെ ക്ഷീണിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

എൽഡിഎഫ് വിപുലീകരണം വരുമ്പോൾ എല്ലാ പാർട്ടികളിലെയും മാറ്റം ഉൾക്കൊളളും. കേരള കോൺഗ്രസ് യുഡിഎഫിന് ഒപ്പമില്ല. എസ്എൻഡിപിയുമായും എൻഎസ്എസുമായും സൗഹൃദപരമായ ബന്ധമാണുളളത്. വെളളാപ്പളളി നടേശനുമായി ചർച്ച നടത്താൻ തീരുമാനിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

ചെങ്ങന്നൂരിൽ മാണിയുടെ വോട്ടിനെ ചൊല്ലി സിപിഎമ്മിലും സിപിഐയിലും ഭിന്നത തുടരുകയാണ്. മാണിയുടെ വോട്ട് വേണ്ടെന്ന നിലപാടിലാണ് സിപിഐ. ഇതിനെതിരെ പരസ്യമായി സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത് വന്നിരുന്നു.

മെയ് 28 നാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മെയ് 31 ന് നടക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുളള അവസാനദിവസം മെയ് 10 ആണ്. മെയ് 11 ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുളള അവാസന തീയതി മെയ് 14 ആണ്.

പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായ സജി ചെറിയാനാണ് എൽഡിഎഫിനായി മൽസര രംഗത്തുളളത്. അയ്യപ്പസേവാ സംഘം നേതാവും കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവുമായ ഡി.വിജയകുമാറാണ് യുഡിഎഫ് സ്ഥാനാർഥി. മുതിർന്ന ബിജെപി നേതാവായ പി.ശ്രീധരൻ പിള്ളയാണ് ബിജെപിയുടെ സ്ഥാനാർഥി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ