തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണ തേടുന്നതിൽ തെറ്റില്ലെന്ന നിലപാടുമായി സിപിഐ കേന്ദ്ര നേതൃത്വം. കേരള കോൺഗ്രസ് എമ്മിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത സിപിഎം നിലപാടിനെതിരെ അതിരൂക്ഷ വിമർശനം സിപിഐ സംസ്ഥാന ഘടകം ഉന്നയിച്ചതിന് പിന്നാലെയാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മാണിയുടെ പാർട്ടിയുടെ പിന്തുണയ്ക്ക് സിപിഐ കേന്ദ്രനേതൃത്വം പച്ചക്കൊടി കാട്ടിയത്.

ഇന്നലെ വൈകുന്നേരം എകെജി ഭവനിൽ നടന്ന ചർച്ചയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എസ്.രാമചന്ദ്രൻ പിളള, സിപിഐ ദേശീയ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി, സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ എന്നിവർ പങ്കെടുത്തു.

അതേസമയം കേരള കോൺഗ്രസിനെ മുന്നണിയിൽ എടുക്കേണ്ടതില്ലെന്ന മുൻ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്നും ചെങ്ങന്നൂരിൽ ഇടത് സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടിയാണ് പിന്തുണ തേടുന്നതെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിലപാട് വിശദീകരിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ സിപിഐ-സിപിഎം സംസ്ഥാന നേതൃത്വം ചർച്ച നടത്തിയ ശേഷമേ കേന്ദ്രനേതൃത്വം നിലപാട് എടുക്കൂ. വിഷയം ഇതുവരെ ഇടതുമുന്നണിയിൽ ചർച്ചയ്ക്ക് വന്നിട്ടില്ലെന്നും, വരുമ്പോൾ നിലപാട് അറിയിക്കുമെന്നുമാണ് കാനം രാജേന്ദ്രൻ മാതൃഭൂമിയോട് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ