നിരവധി ഐതീഹ്യങ്ങളും, ചരിത്രവും ഉറങ്ങി കിടക്കുന്ന മണ്ണാണ് ചെങ്ങന്നൂര്‍. ചെങ്കുന്ന് എന്ന് വിളിച്ച് തുടങ്ങി ഒടുവില്‍ ചെങ്ങന്നൂരായി പരിണമിച്ച സ്ഥലത്തിന് എടുത്ത് പറയാന്‍ വലിയ സാംസ്കാരിക ചരിത്രമാണുള്ളത്.  ചെങ്ങന്നൂര്‍ വ്യാപാര കേന്ദ്രം എന്ന നിലയ്ക്ക് കേരളത്തിനെ ഉയര്‍ത്തുന്നതില്‍ അവിഭാജ്യ പങ്ക് വഹിച്ചിട്ടുണ്ട്. കുരുമുളക് കണ്ട് കൊതിച്ച് വന്നവരുമായി  കച്ചവടം തുടങ്ങിയപ്പോള്‍ നിരണം തുറമുഖത്തിന്‍റെ പ്രസിദ്ധിക്കൊപ്പം ചെങ്ങന്നൂരും പ്രാധാന്യം നേടിയെന്ന് പ്രാദേശിക ചരിത്രം പറയുന്നു.

കാലം ചരിത്രത്തിന്റെ കാലുമായി നടന്നു കൊണ്ടേയിരുന്നു. ഇന്നിപ്പോള്‍ കേരള ജനത മൊത്തം ഉറ്റ് നോക്കുകയാണ് ചെങ്ങന്നൂരിനെ. ഓര്‍മയിലെ ചരിത്രത്തില്‍ നിന്ന് ചീന്തിയെടുത്ത കഥകള്‍ കേള്‍ക്കാനല്ല. മറിച്ച് രാഷ്ട്രീയ കേരളത്തില്‍ ചെങ്ങന്നൂര്‍ എന്തെഴുതും എന്നറിയാൻ.

ആലപ്പുഴ ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മാവേലിക്കര ലോക്‌സഭ മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലമാണ് ചെങ്ങന്നൂര്‍. 2016ല്‍ നടത്തിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.കെ.രാമചന്ദ്രന്‍ നായര്‍ ജനപ്രതിനിധിയായെങ്കിലും, അദ്ദേഹത്തിന്‍റെ മരണത്തെത്തുടര്‍ന്ന് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. അതിനാല്‍ത്തന്നെ കേരളത്തിലെ തല മൂത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം ജീവന്‍-മരണ പോരാട്ടം പോലെയാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്. എൽഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎമ്മിന്റെ സജി ചെറിയാനും, യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിന്റെ ഡി.വിജയകുമാറും, എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിയുടെ പി.എസ്.ശ്രീധരന്‍ പിള്ളയുമെല്ലാം പോരാട്ട വേദിയില്‍ അരക്കെട്ടുറപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങി നില്‍ക്കുകയാണ്.

പ്രചാരണങ്ങള്‍, വാഗ്‌ദാനങ്ങള്‍, വാഗ്വാദങ്ങള്‍, പരസ്‌പരമുള്ള കുറ്റം പറച്ചിലുകള്‍ എല്ലാം വളരെ നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ട് ചെങ്ങന്നൂരില്‍. അധികാരത്തിന്റെ അകത്തളങ്ങളിലെ എണ്ണക്കണക്ക് പ്രധാനമായതിനാൽ​ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വളരെ പ്രാധാന്യത്തോടെയാണ് ഈ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. ഏത് വിധേനയും ചെങ്ങന്നൂര്‍ പിടിച്ചെടുക്കുക എന്ന ആഗ്രഹത്തോടെ എല്ലാ പാര്‍ട്ടികളും സർവ്വസന്നാഹങ്ങളുമൊരുക്കി പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്.

എല്‍ഡിഎഫ് ,യുഡിഎഫ് പോരാട്ടം എന്ന് ആദ്യ നോട്ടത്തില്‍ തോന്നുമെങ്കിലും, ചെങ്ങന്നൂരില്‍ നിന്നെങ്കിലും ഒരു വിജയം സാധിച്ചിരുന്നെങ്കില്‍ എന്ന് പ്രതീക്ഷിച്ച് രാവും പകലും ചോര നീരാക്കി പ്രചരണം നടത്തുകയാണ് ബിജെപിയും.

ഐക്യ കേരളം രൂപപ്പെട്ട ആദ്യ തിരഞ്ഞെടുപ്പ് മുതൽ ഇതുവരെ നടന്ന പതിനഞ്ച് തിരഞ്ഞെടുപ്പുകളിലും ചെങ്ങന്നൂർ മണ്ഡലം ഉണ്ടായിരുന്നു. ഒരു കാലത്തും സ്ഥിരമായി ആരോടും കൂറ് പുലർത്താത്ത മണ്ഡലം എന്നു വേണമെങ്കിൽ പറയാം. പക്ഷേ അതിനൊരു തിരുത്തിന്റെ കാൽ നൂറ്റാണ്ടുമുണ്ട്. കൈപ്പത്തി മാത്രം ജയിച്ചു കയറിയ 25 വർഷങ്ങൾക്ക് മാറ്റിയെഴുത്തായിരുന്നു 2016 ലെ തിരഞ്ഞെടുപ്പ്. 1991 മുതൽ 2016 വരെ കൈപ്പത്തിയ്ക്കുളളിലായിരുന്നു ചെങ്ങന്നൂർ. 2016ലെ തന്റെ രണ്ടാമത്തെ പോരാട്ടത്തിലാണ് ആ കൈപ്പത്തിയ്ക്കുളളിൽ കെ.കെ.രാമചന്ദ്രൻ നായർ ചെങ്കൊടി പിടിപ്പിച്ചത്.

1957 ലാണ് ചെങ്ങന്നൂരില്‍ ആദ്യമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് വിജയം സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന ശങ്കരനാരായണന്‍ തമ്പിയുടെ കൂടെയായിരുന്നു. പിന്നീടങ്ങോട്ട് നടന്നിട്ടുള്ളത് 14 തിരഞ്ഞെടുപ്പുകള്‍. കേരള കോൺഗ്രസ്സും എൻഡിപിയും കോൺഗ്രസും കോൺഗ്രസ് (എസ്) സിപിഎം, എല്ലാം ഈ ​മണ്ഡലത്തിൽ വിജയം കണ്ടിട്ടുണ്ട്. മുന്നണികൾ പിന്തുണച്ച് സ്വതന്ത്രരും വിജയികളായ ചരിത്രമാണ് ചെങ്ങന്നൂരിന്റേത്.

1957ൽ സിപിഐയുടെ ശങ്കരനാരായണൻ തമ്പി വിജയിച്ചുവെങ്കിൽ 60 ലും 65 ലും കെ.ആർ.സരസ്വതിയമ്മയാണ് വിജയിച്ചത്. 60 ൽ​ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച സരസ്വതിയമ്മ 65ൽ പുതുതായി രൂപം കൊണ്ട കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായാണ് വിജയം കണ്ടത്. 67ലും 70 ലും സിപിഎമ്മിന്റെ പി.ജി.പുരുഷോത്തമൻ പിളളയാണ് ചെങ്ങന്നൂരിലെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്.

77ൽ​ തങ്കപ്പൻപിളളയും 80 ൽ​ വീണ്ടും കെ.ആർ.സരസ്വതിയമ്മയും ജയിച്ചു. മുന്നണി പിന്തുണയുളള സ്വതന്ത്ര സ്ഥാനാർത്ഥികളായിട്ടായിരുന്നു വിജയം. കേരളത്തിൽ രൂപം കൊണ്ട് അതുപോലെ ഇല്ലാതായി പോയ രണ്ട് പാർട്ടികൾക്കായിരുന്നു പിന്നീട് വിജയം. യുഡിഎഫിന്റെ ഭാഗമായിരുന്ന എൻ​ഡിപിയുടെ എസ്.രാമചന്ദ്രൻ പിളളയായിരുന്നു 1982ൽ വിജയം കണ്ടത്. 87 ൽ ഇന്ത്യൻ കോൺഗ്രസ് (സോഷ്യലിസ്റ്റ് ശരത്ചന്ദ്രസിൻഹ) വിഭാഗത്തിന്റെ മാമ്മൻ ഐപ്പ് വിജയിപ്പിച്ച മണ്ഡലം വീണ്ടും ഇടത്തോട്ട് ചരിഞ്ഞു.

ചെങ്ങന്നൂരിലെ വിജയികൾ 1957 മുതൽ 2016

1957 – ആർ.ശങ്കരനാരായണൻ തമ്പി, സിപിഐ
1960- കെ.ആർ.സരസ്വതി അമ്മ, കോൺഗ്രസ്
1965-കെ.ആർ.സരസ്വതി അമ്മ, കേരള കോൺഗ്രസ്
1967- പി.ജി.പുരുഷോത്തമൻ പിളള, സിപിഎം
1970 -പി.ജി.പുരുഷോത്തമൻ പിളള, സിപിഎം
1977- തങ്കപ്പൻ പിളള, സ്വതന്ത്രൻ
1980- കെ.ആർ.സരസ്വതി അമ്മ- സ്വതന്ത്ര
1982- എസ്.രാമചന്ദ്രൻ പിളള, എൻഡിപി
1987- മാമ്മൻ ഐപ്പ് – കോൺഗ്രസ് (എസ്)
1991- ശോഭനാ ജോർജ്, കോൺഗ്രസ്
1996- ശോഭനാ ജോർജ്, കോൺഗ്രസ്
2001- ശോഭനാ ജോർജ്, കോൺഗ്രസ്
2006- പി.സി.വിഷ്ണുനാഥ്, കോൺഗ്രസ്
2011- പി.സി.വിഷ്ണുനാഥ്, കോൺഗ്രസ്
2016- കെ.കെ.രാമചന്ദ്രൻ നായർ, സിപിഎം

എന്നാല്‍ 1991 ലെ തിരഞ്ഞെടുപ്പോടെ ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് ഇന്നും പ്രസക്തമായ ചരിത്രമെഴുതിയാണ് തുടങ്ങിയത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി അന്ന് ആദ്യം പരിഗണിക്കപ്പെട്ട പേര് ഡി.വിജയകുമാറിന്റേതായിരുന്നു.​ എന്നാൽ അവസാന നിമിഷം അത് മാറിമറിഞ്ഞ് അന്നത്ത യുവ വനിതാ നേതാവായ ശോഭനാ ജോർജിന് നറുക്ക് വീണു. 91 ൽ ശോഭന പിടിച്ചെടുത്ത മണ്ഡലം പിന്നെ അഞ്ച് തിരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പം തന്നെ നിന്നു.

തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ സ്വന്തമാക്കി (1991,1996,2001) ശോഭന ജോര്‍ജ് ചെങ്ങന്നൂരില്‍ യുഡിഎഫിന്‍റെ പേരില്‍ പുതിയ ചരിത്രവും കുറിച്ചു. തുടര്‍ച്ചയായി ചെങ്ങന്നൂരില്‍ ഒരാള്‍ ഒരേ പാർട്ടിയുടെ സ്ഥാനാർത്ഥിയായി വിജയിക്കുന്നത് അതാദ്യം. അടുത്ത രണ്ടു തവണയും ചെങ്ങന്നൂർ ഐ ഗ്രൂപ്പിൽ നിന്നും എ ഗ്രൂപ്പിലേയക്ക് മാറി. എ ഗ്രൂപ്പിലെ യുവ തുർക്കി പി.സി.വിഷണുനാഥ് മണ്ഡലം നിലനിർത്തി. പക്ഷേ അഞ്ച് തവണ കൊണ്ട് കോണ്‍ഗ്രസ്സിനെ മടുത്ത ചെങ്ങന്നൂര്‍ 2016ലെ തിരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ രാമചന്ദ്രന്‍ നായരെ നിയമസഭയിലേയ്ക്ക് അയച്ചു. പക്ഷേ അകാലത്തിലുളള അദ്ദേഹത്തിന്‍റെ മരണം വീണ്ടും ചെങ്ങന്നൂരിനെ ഒരു പോരാട്ട ഭൂമിയാക്കിയിരിക്കുകയാണ്. ആര് വിജയിക്കും എന്ന് ഉറപ്പിക്കാന്‍ പറ്റാത്ത സാഹചര്യം.

രാഷ്ട്രീയ ചരിത്രത്തിലെ ചില വിധികൾ വർത്തമാനകാലത്ത് കൗതുക മുഖങ്ങളാകും. ശോഭനാ ജോർജിന് സീറ്റ് കൊടുക്കാൻ വേണ്ടി 27 വർഷം മുമ്പ് സീറ്റ് നഷ്ടമായ ഡി.വിജയകുമാറാണ് ഈ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി. ശോഭനാ ജോർജ് അദ്ദേഹത്തിന്റെ എതിരാളിയായ സിപിഎം സ്ഥാനാർത്ഥി സജി ചെറിയാനുവേണ്ടി ഉപതിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നു.

മെയ്‌ 28നുള്ള അങ്കത്തിന് ചെങ്ങന്നൂര്‍ തട്ടൊരുക്കുമ്പോള്‍ മിടിക്കുന്നത് കേരളത്തിലെ രാഷ്ട്രീയപാർട്ടികളുടെ ചങ്കാണ്. ഒരുപാട്‌ നാടകങ്ങള്‍ക്ക് ഇതിനോടകം തന്നെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വേദിയായിരിക്കുന്നു.

ചെങ്ങന്നൂരിൽ കടുത്ത ത്രികോണ മൽസരമായിരിക്കും ഇത്തവണയെന്നാണ് ഇതുവരെയുളള പോരാട്ടവീര്യം ഉറപ്പിച്ചിരിക്കുന്നു. മൂന്ന് മുന്നണികളും പ്രതീക്ഷയിലാണ്. ജനങ്ങളുടെ മനസ്സിലുളളത് അറിയാൻ ഇനി കാത്തിരിക്കേണ്ടത് മണിക്കൂറുകൾ മാത്രവും. ഇത്തവണ പോരാട്ടത്തിനിറങ്ങുമ്പോൾ ഇടഞ്ഞു നിന്ന ബിഡിജെഎസ്സും മാണിയും നിലപാടിൽ അയവ് വരുത്തിയത് എൻഡിഎയ്ക്കും യുഡിഎഫിനും നേരിയ​ ആശ്വാസം പകർന്നിട്ടുണ്ട്. യുഡിഎഫിലെ ഘടക കക്ഷിയായിരുന്ന വീരേന്ദ്രകുമാറിന്റെ ജനതാദൾ എൽഡിഎഫിനൊപ്പം എത്തിയത് എൽഡിഎഫും ഗുണകരമാകുമെന്ന് കരുതുന്നു. വെളളാപ്പളളി നടേശനെ സഹായിക്കുന്നവരെ സഹായിക്കുമെന്ന നിലപാടും എൻഎസ്എസ്സിന്റെ സമദൂര സിദ്ധാന്തവും മൂന്ന് മുന്നണികളും തങ്ങൾക്കനുകൂലമാകുമെന്ന് വാദിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ