കോട്ടയം: ബിജെപിയുമായ്‌ യാതൊരു രാഷ്ട്രീയ ധാരണയുമില്ലെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസിന്റെ സന്ദര്‍ശനത്തിന് യാതൊരു രാഷ്ട്രീയ പ്രാധാന്യവും ഇല്ലെന്ന് കേരളാ കോണ്‍ഗ്രസ്-എം ചെയർമാൻ കെഎം മാണി.

ബിജെപി മുൻ പ്രസിഡന്‍റ് പി.കെ. കൃഷ്ണദാസ് ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ മാണിയുടെ പാലായിലെ വസതിയിലെത്തുകയും അദ്ദേഹവുമായ് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് അടുത്തതിനാലാണ് മാണിയുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തിയത് എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“യാതൊരു രാഷ്ട്രീയ പ്രാധാന്യവുമില്ലാത്ത കൂടിക്കാഴ്ചയായിരുന്നു അത്. ബിജെപിയുടെ നേതാവ് പാലായിലെവിടെയോ വന്നതാണ്. അപ്പോള്‍ എന്നെ കാഷ്വലായ് വിസിറ്റ് ചെയ്തതാണ്. ഞാനപ്പോള്‍ കുളിക്കുകയായിരുന്നു. അരമണിക്കൂറോളം അദ്ദേഹം കാത്ത് നില്‍ക്കേണ്ടി വന്നു. അപ്പോഴേക്കും ബിജെപി നേതാവ് വന്നു രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നു എന്നൊക്കെ അഭ്യൂഹങ്ങള്‍ പരന്നതാണ്. അത് വെറുമൊരു കാഷ്വല്‍ വിസിറ്റ് ആയിരുന്നു,” കെഎം മാണി ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിലെക്കോ മറ്റ് രാഷ്ട്രീയ വിഷയങ്ങളിലേക്കോ ചര്‍ച്ച പോയില്ല എന്ന് പറഞ്ഞ മാണി ബിജെപിയുമായ്‌ കേരളാ കോണ്‍ഗ്രസ് എമ്മിന് യാതൊരു രാഷ്ട്രീയ ധാരണയും ഇല്ലെന്ന് കൂട്ടിച്ചേര്‍ത്തു. “വെറും സൗഹൃദ സംഭാഷനമായിരുന്നു. എല്ലാം അറിയാമല്ലോ, ഞങ്ങള്‍ ഒന്നും പറയേണ്ടതില്ലല്ലോ എന്ന് സാമ്പ്രദായികമായ് പറയുകയല്ലാതെ ഒരു ചര്‍ച്ചയിലേക്ക് അത് പോയില്ല,” കെ എം മാണി പറഞ്ഞു.

ചെങ്ങന്നൂരില്‍ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും യു.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വക്കേറ്റ് ഡി.വിജയകുമാറുമാണ് മത്സരിക്കുന്നത്. അഡ്വക്കേറ്റ് പി.എസ്.ശ്രീധരൻ പിള്ളയാണ് ബി.ജെ.പി സ്ഥാനാർത്ഥി.

ഞായറാഴ്ച കേരള കോണ്‍ഗ്രസ്- എമ്മിന്‍റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടക്കാനിരിക്കെയായിരുന്നു ബിജെപി നേതാക്കള്‍ കെഎം മാണിയെ സന്ദര്‍ശിച്ചത്. തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആഗ്രഹിക്കുന്നുവെന്ന് പി.കെ. കൃഷ്ണദാസ് കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ