ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണിയിൽ പ്രതിഷേധത്തിന്റെ അലയൊലികൾ ശക്തമാകുന്നു. മലപ്പുറം, വേങ്ങര ലോകസഭ, നിയമസഭ ഉപതിരഞ്ഞെടുപ്പുകളിൽ പ്രതിഷേധം ഉന്നയിക്കുകയും അതിവേഗം പിണക്കം മാറ്റി ഇണങ്ങുകയും ചെയ്തുവെങ്കിലും ചെങ്ങന്നൂരിൽ ഇപ്പോഴും പിണക്കം മാറാതെ നിൽക്കുകയാണ് ഘടകകക്ഷിയായ ബി ഡി ജെ. എസ്.

ചെങ്ങന്നൂരിൽ ബി ജെ പിക്കൊപ്പം ഇല്ലെന്ന് നേരത്തെ ബി ഡി ജെ എസ് പറഞ്ഞിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രം ഒപ്പം എന്നായിരുന്നു സംസ്ഥാന സമിതിയോഗത്തിന് ശേഷം കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നത്. ഇന്ന് നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ബി ഡി ജെ എസ്സിനെ പങ്കെടുപ്പിക്കാൻ പറ്റുമെന്ന വിശ്വാസത്തിലായിരുന്നു ബി ജെ പി. എന്നാൽ അവർ അതിൽ നിന്നും വിട്ടു നിന്നു.

തങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാത്തിൽ പ്രതിഷേധിച്ചാണ് ബി ഡി ജെ എസ് മലപ്പുറം ലോകസഭാ തിരഞ്ഞെടുപ്പ് കാലത്ത് ആദ്യം പ്രതിഷേധം ഉന്നയിച്ച് രംഗത്തെത്തിയത്.​ അന്ന് ചർച്ചയിൽ​ പരിഹാരം ഉണ്ടായെങ്കിലും വേങ്ങര നിയമസഭ ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ വീണ്ടും ബി ഡി ജെ എസ് തങ്ങളുടെ പരാതികൾക്ക് പരിഹാരമായില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നു. അതിന്മേൽ ചർച്ച നടക്കുകയും ചെയ്തു പ്രശ്നപരിഹാരം ഉണ്ടായതായി അഭിപ്രായങ്ങൾ വരുകയും ചെയ്തു. എന്നാൽ, തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തങ്ങൾക്ക് നൽകുന്ന ഉറപ്പുകൾ നടപ്പാക്കാതിരിക്കുകയാണെന്ന് ബി ഡി ജെ എസ് നേതാക്കൾ ബി ജെ പി യെ കുറ്റപ്പെടുത്തുന്നു.

ബി ഡി ജെ എസ്സിന് നൽകാമെന്ന് വാഗ്‌ദാനം ചെയ്തിരുന്ന ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ ഇതുവരെ നൽകിയില്ലെന്നാണ് പരാതി. ഈ പരാതി പരിഹരിക്കാമെന്ന് പറയുകയും തിരഞ്ഞെടുപ്പുകൾ കഴിയുമ്പോ8 അവ മറക്കുകയുമാണ് ചെയ്യുന്നതാണെന്നാണ് ബി ഡി ജെ എസ്സിന്റെ പരാതി.

മലപ്പുറം ലോകസഭാ തിരഞ്ഞെടുപ്പ് മുതൽ വെളളാപ്പളളി നടേശൻ ബി ജെ പി ക്കൊപ്പം നിൽക്കുന്നത് ബി ഡി ജെ എസ്സിന് ഗുണകരമല്ലെന്ന് വ്യക്തമാക്കുന്നുണ്ടായിരുന്നു. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ എസ് എൻ ഡി പി മനഃസാക്ഷി വോട്ട് രേഖപ്പെടുത്താൻ അദ്ദേഹം പറയുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ചെങ്ങന്നൂരിലെ പടലപ്പിണക്കത്തിൽ കടുത്ത നിലപാടുമായി വെളളാപ്പളളി രംഗത്ത് വന്നത്.

ചെങ്ങന്നൂരിൽ ബി ഡി ജെ എസ് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി കരുത്ത് തെളിയിക്കണമെന്ന് വെളളാപ്പളി നടേശൻ ബി ഡി ജെ എസിനോട് ആവശ്യപ്പെട്ടു. എന്നാൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെളളാപ്പളളി മാധ്യമങ്ങളോട് വ്യക്തമാക്കി.

തൽക്കാലം ആർക്കും പിന്തുണ പ്രഖ്യാപിക്കുന്നില്ലെന്നും പിന്തുണ ആവശ്യമുളളവർ വന്നാൽ അപ്പോൾ അതേ കുറിച്ച് ആലോചിക്കാമെന്നുമാണ് ബി ഡി ജെ എസ്സിന്റെ ഇപ്പോഴത്തെ നിലപാട്. എന്നാൽ മുന്നണി വിട്ടിട്ടില്ലെന്നും തിരഞ്ഞെടുപ്പിൽ നിസ്സഹകരണം മാത്രമാണ് നിലവിലെന്നും അത് പരിഹരിക്കുമെന്ന പ്രതീക്ഷയാണ് ഉളളതെന്നും ബി ഡി ജെ എസ്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.