ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 28 നാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മെയ് 31 ന് നടക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുളള അവസാനദിവസം മെയ് 10 ആണ്. മെയ് 11 ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുളള അവാസന തീയതി മെയ് 14 ആണ്. വിജ്ഞാപനം മെയ് മൂന്നിന് പുറത്തിറങ്ങും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

ചെങ്ങന്നൂരിൽ സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ച മുന്നണികൾ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായ സജി ചെറിയാനാണ് എൽഡിഎഫിനായി മൽസര രംഗത്തുളളത്. അയ്യപ്പസേവാ സംഘം നേതാവും കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവുമായ ഡി.വിജയകുമാറാണ് യുഡിഎഫ് സ്ഥാനാർഥി. മുതിർന്ന ബിജെപി നേതാവായ പി.ശ്രീധരൻ പിള്ളയാണ് ബിജെപിയുടെ സ്ഥാനാർഥി.

നേരത്തെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതിക്കൊപ്പം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ടായിരുന്നു. പക്ഷേ അതുണ്ടായില്ല. മെയ് 12 നാണ് കർണാടകയിലെ തിരഞ്ഞെടുപ്പ്. ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന 8 സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. മൂന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് നടന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ