കൊച്ചി: പ്രളയം ഏറെ തകർത്തെങ്കിലും തിരിച്ചുവരവിന്റെ പാതയിലാണ് ചേന്ദമംഗലം. സ്കൂൾ വിദ്യാർഥികൾക്ക് അടുത്ത അധ്യയന വർഷത്തിനായുള്ള പുതിയ യൂണിഫോമുകൾ തയ്യാറാക്കിയിരിക്കുന്നത് ചേന്ദമംഗലം കെെത്തറിയാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കുന്ന കൈത്തറി യൂണിഫോമുകളുടെ ആദ്യഘട്ട വിതരണത്തിനുളള തുണികള്‍ കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങളില്‍ നിന്നായി  പോയിക്കഴിഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് ജോഡി യൂണിഫോം തുണികള്‍ സൗജന്യമായി നൽകുന്നുണ്ട്.

പ്രളയത്തിൽ തകർന്ന ചേന്ദമംഗലം കെെത്തറി, ഫൊട്ടോ നിർമൽ ഹരീന്ദ്രൻ

2016 മുതലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം തുണികള്‍ ചേന്ദമംഗലത്ത് നെയ്തു തുടങ്ങിയത്. നെയ്ത്ത് സഹകരണ സംഘങ്ങളില്‍ തയ്യാറാകുന്ന യൂണിഫോമുകള്‍ ഹാന്‍ടെക്‌സിലേക്കാണ് കൊണ്ടു പോകുന്നത്. ചേന്ദമംഗലത്ത് തയ്യാറാക്കുന്ന മങ്ങിയ വെളുത്ത നിറത്തിലുള്ള തുണികള്‍, സ്‌കൂളുകളിലെ വ്യത്യസ്ത തരം യൂണിഫോമുകള്‍ അനുസരിച്ച് നിറത്തിലും പാറ്റേണുകളിലും ഹാന്‍ടെക്‌സ് മാറ്റം വരുത്തും. പിന്നീട് സ്‌കൂളുകളിലേക്ക് അവിടെ നിന്ന് വിതരണം ചെയ്യുകയാണ് പതിവ്.

Read More: ഞങ്ങളുണ്ട് കൂടെ: ചേന്ദമംഗലത്തിനൊപ്പമെന്ന് താരങ്ങള്‍

നെയ്ത്തിനായുള്ള നൂലും തൊഴിലാളികൾക്കായുള്ള കൂലിയും സർക്കാരാണ് നൽകുന്നത്. യാണ്‍ ബാങ്കുകള്‍ വഴിയാണ് നൂലുകള്‍ കൈത്തറി സംഘങ്ങളില്‍ എത്തുക. കരയോ കസവോ മറ്റ് ഡിസൈനുകളോ ഒന്നുമില്ലാത്തതിനാല്‍ യൂണിഫോം എളുപ്പത്തില്‍ നെയ്യാന്‍ സാധിക്കുമെന്ന് തൊഴിലാളികള്‍ പറയുന്നു. മറ്റ് തുണിത്തരങ്ങളെ അപേക്ഷിച്ച് യൂണിഫോം നിര്‍മ്മാണത്തിന് ചിലവ് കുറവാണ്. നെയ്യുന്നവര്‍ക്കായി നൂല് ചുറ്റുന്നവരും പാവ് നിര്‍മ്മിക്കുന്നവരും യൂണിഫോം നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടുന്നവരാണ്. ഇവര്‍ക്കുള്ള വേതനം സൊസെെറ്റികൾക്ക് നല്‍കുകയും അവിടെ നിന്നും തൊഴിലാളികള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. കൈത്തറി സംഘങ്ങളില്‍ കൂടാതെ വീടുകളിലും യൂണിഫോം നിര്‍മ്മാണം നടക്കുന്നുണ്ട്.

Read More: ഞങ്ങൾക്കു ശേഷം ആരിത് മുന്നോട്ടു കൊണ്ടു പോകും? ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികൾ ചോദിക്കുന്നു

പ്രളയത്തിന് ശേഷം ഒരു മാസത്തോളം തറികള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. സഹകരണ സംഘങ്ങളും അടച്ചിടേണ്ടി വന്നു. പ്രളയത്തെ തുടർന്ന് വലിയ നാശനഷ്ടങ്ങളാണ് ചേന്ദമംഗലത്ത് നേരിടേണ്ടി വന്നത്. നൂലുകളും മറ്റ് അസംസ്‌കൃത വസ്തുക്കളും വെള്ളത്തില്‍ മുങ്ങി. സര്‍ക്കാരിന്റെയും കൈത്തറി സംഘങ്ങളുടേയും തൊഴിലാളികളുടേയും സന്നദ്ധ സംഘടനകളുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രളയത്തിൽ തകർന്ന കെെത്തറി ഇപ്പോൾ തിരിച്ചുവരുന്നത്. പ്രളയത്തെ തുടർന്ന് പാഴായിപ്പോയ ദിനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ രാത്രിയും പകലുമായി തീര്‍ത്ത് ലഭിച്ച എല്ലാ ഓര്‍ഡറുകളും ഏപ്രില്‍ മാസത്തോടെ നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചു. അടുത്ത വര്‍ഷത്തേക്കുള്ള ഓര്‍ഡറുകളുടെ നെയ്ത്ത് ജോലികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.