വടകര: ചെമ്പനോടയിൽ ജോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വില്ലേജ് അസിസ്റ്റന്റ് സലീഷ് കീഴടങ്ങി. പേരാമ്പ്ര സിഐക്ക് മുന്നിൽ ഇന്നലെ അർധരാത്രിയോടെയാണ് ഇയാൾ കീഴടങ്ങിയത്. ഭൂനികുതി അടയ്ക്കാൻ ജോയിയെ അനുവദിക്കാതിരുന്നത് സിലീഷ് ആണെന്നാണ് ആരോപണം. ഇതിനായി ജോയിയിൽ നിന്നും ഇയാൾ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നും ജോയിയുടെ കുടുംബം ആരോപിച്ചിരുന്നു. ജോയിയുടേത് എന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പിൽ സലീഷിനെതിരെ പരാമർശമുണ്ട്. 3 ദിവസമായി ഇയാൾ ഒളിവിലായിരുന്നു.

ജോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യപ്രേരണക്കുറ്റത്തിനാണ് സലീഷിനെതിരെ കേസ് എടുത്തിരിക്കുന്നത്. സിആർപിസി 306 വകുപ്പ് പ്രകാരം 10 വർഷം തടവ് ശിക്ഷ ലഭിക്കാനിടയുള്ള വകുപ്പുകളാണ് സലീഷിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് പേരാമ്പ്ര സിഐ പറഞ്ഞത്.

ജോയിയുടെ ഭൂനികുതി സ്വീകരിക്കുന്നതിൽ സലീഷ് അനാവശ്യമായി കാലതാമസം വരുത്തിയെന്ന് ജില്ലാ കലക്ടർ റിപ്പോർട്ട് നൽകിയിരുന്നു. പ്രഥമിക അന്വേഷണത്തിന് ശേഷം സലീഷിനെയും വില്ലേജ് ഓഫീസർ സണ്ണിയെയും ജില്ലാ കലക്ടർ സസ്പെൻഡ് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ