എറണാകുളം: ചെമ്പനോടയിലെ കർഷകനായ ജോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ഉപാധികളോടെ സിലീഷിന് ജാമ്യം അനുവദിച്ചത്. ജോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യപ്രേരണക്കുറ്റത്തിനാണ് സലീഷിനെതിരെ കേസ് എടുത്തിരിക്കുന്നത്. സിആർപിസി 306 വകുപ്പ് പ്രകാരം 10 വർഷം തടവ് ശിക്ഷ ലഭിക്കാനിടയുള്ള വകുപ്പുകളാണ് സലീഷിനെതിരെ ചുമത്തിയിരിക്കുന്നത്.

വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് അകാരണമായി ജോയിയുടെ നികുതി ഒടുക്കുന്നതിന് തടസം നിന്ന് എന്നും കൈക്കൂലി ആവശ്യപ്പെട്ടു എന്നുമാണ് ബന്ധുക്കളുടെ പരാതി. കരം ഒടുക്കാൻ കഴിയാത്തതിന്റെ മനോവിഷമം മൂലമാണ് ജോയി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ പരാതി. ജോയിയുടേത് എന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു. ഇതിൽ സിലീഷ് തോമസിനെതിരെയും ജോയിയുടെ സഹോദരന് എതിരെയും ആരോപണം ഉണ്ടായിരുന്നു.

ജോയിയുടെ നികുതിയുടെ കാര്യത്തിൽ നിയമപരമായ കാര്യങ്ങളെ ചെയ്തിട്ടുള്ളു എന്നും അദ്ദേഹത്തിന്റെ ബന്ധുക്കളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സിലീഷ് പേരാമ്പ്ര സിഐക്ക് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി സിലീഷിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. വില്ലേജ് ഓഫീസിലെ റവന്യു രേഖകളിൽ ഉണ്ടായ പിഴവുകൾ വർഷങ്ങൾക്ക് മുൻപേ ഉണ്ടായ ക്ലറിക്കൽ പിഴവുകൾ ആണെന്നും സിലീഷ് മൊഴി നൽകിയുരുന്നു.

സംഭവത്തിൽ പേരാമ്പ്ര സിഐയുടെ നേത്രത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വില്ലേജ് ഓഫീസുകളിലെ രേഖകളെപ്പറ്റി വിജിലൻസും അന്വേഷിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ