കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ റവന്യു ഉദ്യോഗസ്ഥരെ വെള്ളപൂശിക്കൊണ്ട് റവന്യു സെക്രട്ടറിയുടെ റിപ്പോർട്ട്. ജോയിയുടെ മരണത്തിൽ ഉദ്യോഗസ്ഥൻ നേരിട്ട് ഉത്തരവാദിയാണെന്നതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കർഷകനോട് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലെന്നും റവന്യൂമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ജോയിയുടെ കരം സ്വീകരിക്കുന്നത് സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിൽ തഹസീൽദാർക്കും വില്ലേജ് ഓഫീസർക്കും വീഴ്ചപറ്റിയെന്നും പി.എച്ച് കുര്യൻ റിപ്പോർട്ടിൽ പറയുന്നു.

ഉദ്യോഗസ്ഥർക്ക് ജാഗ്രത കുറവ് ഉണ്ടായെന്നും തഹസീൽദാരുടെ മുന്നിലുണ്ടായിരുന്ന പ്രശ്നം പരിഹരിക്കാൻ വില്ലേജ് ഓഫീസറുടെ ഭാഗത്തുനിന്ന് കാര്യമായ നീക്കമുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു . കുടുംബപ്രശ്നങ്ങളും ജോയി ജീവനൊടുക്കുന്നതിന് കാരണമായെന്നും സഹോദരനുമായി ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ് അകാരണമായി ജോയിയുടെ നികുതി ഒടുക്കുന്നതിന് തടസം നിന്ന് എന്നും കൈക്കൂലി ആവശ്യപ്പെട്ടു എന്നുമാണ് ബന്ധുക്കളുടെ പരാതി. കരം ഒടുക്കാൻ കഴിയാത്തതിന്റെ മനോവിഷമം മൂലമാണ് ജോയി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ പരാതി. ജോയിയുടേത് എന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു. ഇതിൽ സിലീഷ് തോമസിനെതിരെയും ജോയിയുടെ സഹോദരന് എതിരെയും ആരോപണം ഉണ്ടായിരുന്നു.

വില്ലേജ് അസിസ്റ്റൻഡ് സിലീഷ് തോമസിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കേസിൽ റിമാൻ‌ഡിലായിരുന്ന സിലീഷ് തോമസിന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞമാസം 21 നാണ് സ്വന്തം ഭൂമിക്ക് കരമടയ്ക്കാൻ വൈകുന്നതിലുള്ള മനോവിഷമത്തിൽ കർഷകൻ ജോയി ചെമ്പനോട വില്ലേജ് ഓഫീസിൽ തൂങ്ങിമരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ