തിരുവനന്തപുരം: ക്യാന്‍സറില്ലാത്ത യുവതിയെ കീമോ തെറാപ്പിക്ക് വിധേയയാക്കി. പന്തളത്തിനടുത്ത് കുടശനാട് സ്വദേശിനിയായ യുവതിക്കാണ് ക്യാന്‍സര്‍ സ്ഥിരീകരിക്കാതെ കിമോ തെറാപ്പി നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളജിലാണ് സംഭവം. ഡയനോവ എന്ന് പേരുള്ള സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കീമോ തെറാപ്പി ചെയ്തത്. പ്രാഥമിക പരിശോധനകളില്‍ ക്യാന്‍സറുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കീമോ നടത്തിയതെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Read More: ജോസഫിന്റെ ആറടി മണ്ണും ക്ലിന്റിന്; മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക്
മാറിടത്തില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് ക്യാന്‍സറാണെന്ന സംശയം ഉടലെടുക്കുകയായിരുന്നു. ഫെബ്രുവരി 28 നാണ് രജനി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുന്നത്. പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളജ് പതോളജി ലാബിലും മറ്റൊന്ന് സ്വകാര്യ ലാബിലും പരിശോധിക്കുകയായിരുന്നു. സ്വകാര്യ ലാബിലെ ക്യാന്‍സറുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ചികിത്സ ആരംഭിച്ചു. ഇതേ തുടര്‍ന്ന് രജനിയ്ക്ക് കീമോയും ചെയ്തു.
എന്നാല്‍, ആദ്യ കീമോ ചെയ്തതിനു ശേഷമാണ് ക്യാന്‍സറില്ലെന്ന പതോളജി ലാബിലെ പരിശോധന ഫലം ലഭിച്ചത്. സാമ്പിളുകള്‍ പരിശോധിച്ചതില്‍ വീഴ്ചയുണ്ടെന്ന് പീന്നീടാണ് ബോധ്യപ്പെട്ടത്. ഉടനെ തന്നെ സ്വകാര്യ ലാബില്‍ പരിശോധനയ്ക്ക് നല്‍കിയ സാമ്പിളുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം രജനി തിരികെ വാങ്ങി. തുടര്‍ന്ന് പതോളജി ലാബിലും തിരുവനന്തപുരം ആര്‍സിസിയും പരിശോധിച്ചു. ഈ പരിശോധനയിലും ക്യാന്‍സര്‍ കണ്ടെത്താനായില്ല.
Read More: എറണാകുളത്ത് നിപ വൈറസ്: വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് ജില്ലാ കലക്ടര്‍
പിന്നീട് കോട്ടയം മെഡിക്കൽ കോളജിൽ മുഴ നീക്കം ചെയ്തെങ്കിലും രജനിക്ക് സ്വന്തം ജോലി നഷ്ടപ്പെട്ടു. ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലായിരുന്നു രജനി ജോലി ചെയ്തിരുന്നത്. കുടുംബത്തിന്റെ വരുമാനമാര്‍ഗവും വഴി മുട്ടി. കടുത്ത ആരോഗ്യ പ്രശ്നങ്ങളും രജനി നേരിടുന്നുണ്ട്. മുടിമുഴുവൻ പൊഴിഞ്ഞു പോയ നിലയിലാണ്.
ക്യാൻസർ സ്ഥിരീകരിക്കാതെ കീമോ നൽകിയ സംഭവത്തിൽ ആരോഗ്യമന്ത്രി കെ.കെ.ശെെലജ ഇടപെട്ടിട്ടുണ്ട്. മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മെഡിക്കൽ കോളജ് പ്രിൻസിപ്പാലിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം വിഷയത്തിൽ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രണ്ട് ദിവസത്തിനകം ക്യാൻസർ ചികിത്സാ പ്രോട്ടോകോൾ ഇറക്കുമെന്നും കെ.കെ.ശെെലജ പറഞ്ഞു.