കല്‍പ്പറ്റ: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രവും ജൈവവൈധ്യങ്ങളുടെ കലവറകളിലൊന്നുമായ ചെമ്പ്രമലയിലെ മനുഷ്യനിര്‍മിത തീപിടിത്തം കവര്‍ന്നത് ബാണാസുര ചിലപ്പന്‍ പക്ഷി ഉള്‍പ്പെടെയുള്ള അപൂര്‍വയിനം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ. അഞ്ചുവര്‍ഷത്തിനുശേഷം ചെമ്പ്രയിലുണ്ടായ തീപിടിത്തത്തില്‍ 150 ഏക്കറിലധികം പുല്‍മേടാണു നശിച്ചത്. ചോലയുടെ അരികില്‍ പുല്‍മേട്ടിനോടു ചേര്‍ന്ന് കുറിഞ്ഞി പോലുള്ള ചെടികള്‍ വളരുന്ന പ്രദേശത്താണു ബാണാസുര ചിലപ്പന്‍ പക്ഷികളുടെ വാസം. തീപിടിത്തത്തില്‍ ഈ സ്ഥലം ഉള്‍പ്പെടെ മല മൊത്തമായി കരിഞ്ഞു.

വയനാട്ടില്‍ ചെമ്പ്രയിലും ബാണാസുര മലയിലും മാത്രമാണ് ബാണാസുര ചിലപ്പന്‍ പക്ഷിയുള്ളത്. ലോംഗ് ബില്‍ഡ് പിപിറ്റ് (വരമ്പന്‍), ബ്രോഡ് ടെയ്ല്‍ഡ് ഗ്രാസ് ബാര്‍ബ്ലര്‍ എന്നീ അപൂര്‍വയിനം പക്ഷികളുടെയും ചെടികളുടെയും പുല്‍മേടുകളില്‍ മാത്രം കാണുന്ന അപൂര്‍വയിനം തവള ഇനങ്ങളായ റോര്‍ചെസ്റ്റസ് ചാരിസ്, റോര്‍ചെസ്റ്റസ് ടിന്നിയന്‍സ് എന്നിവയുടെയും ആവാസകേന്ദ്രം കൂടിയാണു ചെമ്പ്രമല. ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ന്നതിനൊപ്പം അന്തരീക്ഷ മലിനീകരണം, മണ്ണൊലിപ്പ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍, കുടിവെള്ളക്ഷാമം എന്നിവയും തീപിടിത്തത്തിന്റെ അനന്തരഫലങ്ങളാണെന്നു വയനാട് സ്വദേശിയും ബെംഗളുരു നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞനുമായ സി.കെ.വിഷ്ണുദാസ് പറഞ്ഞു.

ചെമ്പ്രമലയില്‍ കാണുന്ന അപൂര്‍വയിനം പക്ഷിയായ ബാണാസുര ചിലപ്പന്‍

കത്തിക്കരിഞ്ഞ ചെമ്പ്രമലയില്‍ മഴ പെയ്യുന്നതോടെ പുല്ല് മുളയ്ക്കുമെങ്കിലും തല്‍ക്കാലം പഴയരീതിയില്‍ തിങ്ങിനിറയാനിടയില്ല. ചെങ്കുത്തായ മലയില്‍ പുല്ലുകള്‍ തമ്മിലുള്ള അകലം വര്‍ധിക്കുന്നതിനാല്‍ മഴക്കാലത്ത് മേല്‍മണ്ണ് ഒലിച്ചുപോകാനുള്ള സാധ്യത കൂടുതലാണ്. ഇതുകാരണം പാറയുടെ സാന്നിധ്യം വളരെക്കൂടുതലാവും. സസ്യജാലങ്ങളുടെ സാന്നിധ്യം കുറയുന്നതോടെ മലയ്ക്കു മഴമേഘങ്ങളെ തടഞ്ഞുനിര്‍ത്താനുള്ള കഴിവ് കുറയും. കാറ്റിനനുസരിച്ച് മഴ മറ്റു പ്രദേശങ്ങളിലേക്കു പോകും. ഇതോടെ മല ശേഖരിക്കുന്ന വെള്ളത്തിന്റെ തോത് വന്‍തോതില്‍ കുറയും. നീരുറവകള്‍ ഇല്ലാതാവുന്നതോടെ താഴ്‌വാരത്ത് രൂക്ഷമായ കുടിവെള്ളക്ഷാമമുണ്ടാക്കും. വനത്തേക്കാള്‍ കൂടുതല്‍ വെള്ളം ശേഖരിച്ചുവയ്ക്കാന്‍ കഴിവ് പുല്‍മേടുകള്‍ക്കാണെന്നും വിഷ്ണുദാസ് ചൂണ്ടിക്കാട്ടി. മേഖലയിലെ ജനങ്ങള്‍ക്കു കുടിക്കാനും കൃഷിക്കും വെള്ളം നല്‍കുന്ന കലവറയാണു ചെമ്പ്രമല.

Read More: കർണാടക വനത്തിലെ തീ അണയാതെ കത്തുന്നു. വയനാട്ടിൽ അതീവ ജാഗ്രത

ചെമ്പ്രമലയിലെ അപൂര്‍വയിനം തവള ഇനങ്ങളായ റോര്‍ചെസ്റ്റസ് ചാരിസ്, റോര്‍ചെസ്റ്റസ് ടിന്നിയന്‍സ് എന്നിവ

ചെമ്പ്രമല കത്തിയതിനെത്തുടര്‍ന്ന് അന്തരീക്ഷം മലിനമായതു പലതരം രോഗങ്ങള്‍ക്കു കാരണമാകുമെന്നും വിഷ്ണുദാസ് ചൂണ്ടിക്കാട്ടി. തീപിടിത്തത്തെത്തുടര്‍ന്നു പൊടിപടലം ഉടലെടുക്കുന്നതിനൊപ്പം കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഡയോക്‌സൈസ്, അമോണിയ എന്നിവ വന്‍തോതില്‍ അന്തരീക്ഷത്തില്‍ കലരും. ഇതുവഴി വായു മലിനീകരണമുണ്ടാകുന്നതോടെ ശ്വാസതടസം, കഫക്കെട്ട്, ചുമ, പനി, തലവേദന തുടങ്ങിയ അസുഖങ്ങളുണ്ടാകുന്നുണ്ട്. ചെമ്പ്രയിലെ തീപിടിത്തത്തിന്റെ അനന്തരഫലമായി തന്റെ കുട്ടി ഉള്‍പ്പെടെ നിരവധി പേരാണു ചികിത്സ തേടിയതെന്നു വിഷ്ണുദാസ് പറഞ്ഞു.

കത്തിക്കരിഞ്ഞ ചെമ്പ്രമല

നഗരത്തിലെ വായു മലീനീകരണത്തിന് സമാനമായിരിക്കും കാട്ടുതീ ഉണ്ടായ പ്രദേശങ്ങളിലെ അവസ്ഥ. കാട്ടുതീയെത്തുടര്‍ന്നുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കുട്ടികളെയാണു വേഗത്തില്‍ ബാധിക്കുക. വിഷലിപ്തമായ വായു ശ്വസിക്കുന്നത് നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കും. കാട്ടുതീയുണ്ടാകുന്ന സ്ഥലങ്ങളില്‍ മനുഷ്യരില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നുവെന്ന കാര്യം നേരത്തെ നടന്ന പഠനങ്ങള്‍ തെളിയിച്ചതാണെന്നു വിഷ്ണുദാസ് പറഞ്ഞു. കാട് കത്തിക്കുന്നതിലൂടെ പ്രകൃതി മാത്രമല്ല, മനുഷ്യനും നശിപ്പിക്കപ്പെടുമെന്ന് അദ്ദേഹം തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടുന്നു.

‘ഹൃദയതടാകം’ ഉള്‍പ്പെടുന്ന ചെമ്പ്രമലയുടെ യഥാര്‍ഥ സൗന്ദര്യം

കേരളത്തില്‍ ആനമുടി കഴിഞ്ഞാല്‍ ഏറ്റവും ഉയരംകൂടിയ മലനിരകളിലൊന്നാണു മേപ്പാടി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ചെമ്പ്ര. ജൈവവൈവിധ്യത്തിന്റെ കലവറയായ ഈ മലനിരകള്‍ സമുദ്രനിരപ്പില്‍നിന്ന് 2050 മീറ്റര്‍ ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്. ലോകത്തുനിന്ന് അപ്രത്യക്ഷമായെന്നു കരുതുന്ന യൂജീനിയ അര്‍ജന്‍ഷിയാ, ഹിഡിയോട്ടീസ് വയനാടന്‍ സിസ് എന്നീ ചെറുമരങ്ങളുടെയും പശ്ചിമഘട്ടിലെ നല്ലൊരു ശതമാനം ഓര്‍ക്കിഡുകളുടെയും കേന്ദ്രമാണു ചെമ്പ്ര മല. മലമുകളില്‍ ഹൃദയാകൃതിയിലുള്ള അരയേക്കറോളം വരുന്ന തടാകമാണ് ഇവിടുത്തെ ഏറ്റവും വിസ്മയകരമായ കാഴ്ച.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.