കോഴിക്കോട്​: കർഷകൻ ജോയി അത്മഹത്യ ചെയ്​തതിന് കാരണമായ ചെ​​മ്പനോട്​ വില്ലേജ്​ ഓഫീസിലെ രേഖകളിൽ വ്യാപക ക്രമക്കേടെന്ന്​ കണ്ടെത്തൽ. വിജിലൻസ്​ പരിശോധനയിലാണ്​ ​ക്രമക്കേടുകൾ സംബന്ധിച്ച സൂചനകൾ ലഭിച്ചത്​. ഭുവിസ്​തൃതി കൂട്ടിയും കുറച്ചും രേഖപ്പെടുത്തി, കരം സ്വീകരിച്ചു കൊണ്ടിരുന്ന ഭൂമി വനഭൂമിയായി രേഖപ്പെടുത്തി എന്നിങ്ങനെയുള്ള ക്രമക്കേടുക്കളാണ്​ വിജിലൻസി​​ന്റെ ശ്രദ്ധയിൽപെട്ടിരിക്കുന്നത്​. ഇതുസംബന്ധിച്ച സ്ഥിരീകരണം നടത്തുന്നതിനായി താലൂക്ക്​ ഓഫീസിലെ രേഖകളും വിജിലൻസ്​ പരിശോധിക്കുമെന്ന് വ്യക്തമാക്കി.

അതേ സമയം, ഇന്ന് റവന്യൂ സെക്രട്ടറി ചെമ്പനോട്​ വില്ലേജ്​ ഓഫീസ്​​ സന്ദർശിക്കും. ക്രമക്കേടുകൾ സംബന്ധിച്ച്​ റവന്യൂ സെക്രട്ടറിയും പരിശോധന നടത്തും. നേരത്തെ കർഷകൻ ജോയിയുടെ മരണത്തിൽ വിജിലൻസ്​ അന്വേഷണത്തിന്​ ഉത്തരവിട്ടിരുന്നു.

വില്ലേജ് ഓഫിസ് അധികൃതർ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്നാണ് കർഷകൻ ജോയി ആത്മഹത്യ ചെയ്തത്. ഭാര്യയുടെ പേരിലുള്ള 80 സെന്റ് ഭൂമിയുടെ ഇക്കൊല്ലത്തെ നികുതി സ്വീകരിക്കാത്തതിനെ തുടർന്നായിരുന്നു ജോയിയുടെ ആത്മഹത്യ.

സംഭവത്തിനു പിന്നാലെ വില്ലേജ് ഓഫിസറെയും വില്ലേജ് അസിസ്റ്റന്റിനെയും കലക്ടർ സസ്പെൻഡ് ചെയ്തു. ചെമ്പനോട വില്ലേജ് ഓഫിസർ കെ.എ.സണ്ണി, ഈയിടെ കൂരാച്ചുണ്ട് വില്ലേജ് ഓഫിസിലേക്കു സ്ഥലംമാറിയ സിലീഷ് തോമസ് എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണത്തിനും കലക്ടർ ഉത്തരവിട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ