കടലാക്രമണം രൂക്ഷമായ കൊച്ചി ചെല്ലാനം മേഖലയില്‍ 500ഓളം വീടുകളില്‍ വെള്ളം കയറി. സംഭവ സ്ഥലത്ത് സന്ദര്‍ശനത്തിന് എത്തിയ ജില്ലാ കലക്ടര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കടല്‍ ഭിത്തി നിര്‍മ്മിച്ച് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികളിലേക്ക് കടക്കുമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

കടല്‍കയറ്റത്തെ ചെറുക്കുന്നതിന് കടല്‍ഭിത്തിക്ക് പകരം ജിയോ ട്യൂബ് സ്ഥാപിക്കുന്നതിനായി മണ്ണു നീക്കിയ ഭാഗത്തു കൂടിയാണ് വെള്ളം ഇരച്ചുകയറുന്നത്. മറുവക്കാട്, കമ്പിനിപടി,ബസാര്‍,വേളാങ്കണ്ണി വാച്ചാക്കല്‍ ഭാഗത്ത് മാത്രം 500 ലേറെ വീടുകള്‍ വെള്ളത്തിലായി. ആളുകള്‍ക്ക് കിടന്നുറങ്ങാനോ, ഭക്ഷണം പാകം ചെയ്യാനോ പറ്റാത്ത രീതിയില്‍ വീടുകളില്‍ വെള്ളം ഒഴുകി നടക്കുകയാണ്.

Chellanam, ചെല്ലാനം, Sea, കടലാക്രമണം, കടൽ, കടൽ ഭിത്തി, Ernakulam, എറണാകുളം, Weather, കാലാവസ്ഥ, Rain, മഴ, Vayu, വായു, iemalayalam, ഐഇ മലയാളം

വര്‍ഷങ്ങളായി രൂക്ഷമായ കടലാക്രമണം നടക്കുന്ന പ്രദേശമാണ് ചെല്ലാനം. ഓഖി ദുരന്തത്തെ തുടര്‍ന്ന് ഇവിടെ മരണങ്ങള്‍ അടക്കം വന്‍ നാശമാണ് നേരിട്ടത്.തുടര്‍ന്ന് പ്രദേശവാസികളുടെ നിരന്തരമായ സമരത്തെ തുടര്‍ന്നാണ് കടലാക്രമണത്തില്‍ നിന്നും രക്ഷനേടുന്നതിനുള്ള പരിഹാരമെന്ന നിലയില്‍ ജിയോ ട്യൂബ് ഉപയോഗിച്ചുള്ള കടല്‍ ഭിത്തി നിര്‍മാണ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്.

Read More: തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷം; തിരയില്‍ പെട്ട് പതിനേഴുകാരനെ കാണാതായി

എറണാകുളം ജില്ലയുടെ തീരദേശപ്രദേശങ്ങളായ വൈപ്പിന്‍, ഞാറക്കല്‍ പ്രദേശങ്ങളിലും കടലാക്രമണം ശക്തമാണ്. ഇവിടെയും നിരവധി വീടുകളില്‍ വെള്ളം കയറി. സാധാരണകാലവര്‍ഷം ശക്തി പ്രാപിച്ചതിന് ശേഷമാണ് കടലാക്രമണം രൂക്ഷമാകാറുള്ളത്. ഇത്തവണ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കടലാക്രമണം ശക്തിപ്രാപിച്ചത് തീരദേശവാസികളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്.

അതേസമയം ‘വായു’ ചുഴലിക്കാറ്റ് അതിതീവ്രരൂപം പ്രാപിച്ച് ഗുജറാത്ത് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മണിക്കൂറില്‍ 17 കിലോമീറ്റര്‍ വേഗതയിലാണ് ‘വായു’ നാളെ രാവിലെ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദം ഇന്നലെ രാവിലെയോടെയാണ് ചുഴലിക്കാറ്റായി മാറിയത്. ചുഴലിക്കാറ്റ് നേരിട്ടു ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

Read More: ‘വായു’ ചുഴലിക്കാറ്റ് തീവ്രമാകുന്നു; ഗുജറാത്ത് തീരത്ത് അതീവ ജാഗ്രത

മഴ കനത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമായി. നിരവധി വീടുകളില്‍ വെള്ളം കയറി. പുലിമുട്ടുകളില്ലാത്ത ചെല്ലാനം മേഖലയിലാണ് കടലാക്രമണം കൂടുതല്‍ നാശം വിതക്കുന്നത്. ഇതിനിടെ കൊല്ലം തങ്കശ്ശേരിയില്‍ 17കാരനെ തിരയില്‍ പെട്ട് കാണാതായി. ആഷിഖിനെയാണ് കാണാതായത്. തിങ്കളാഴ്ച കടലുണ്ടിയില്‍ തിരയില്‍ പെട്ട് കാണാതായ 17കാരന്‍ മുസമ്മലിന്റെ മൃതദേഹം കണ്ടെത്തി.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആരംഭിച്ച കടലാക്രമണം പൊന്നാനി താലൂക്കില്‍ രൂക്ഷമായി. പൊന്നാനി അഴീക്കല്‍ മുതല്‍ പുതുപൊന്നാനി വരെയുള്ള നഗരസഭ പരിധിയിലും, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് കടലാക്രമണം രൂക്ഷമായത്. പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, മുക്കാടി, അലിയാര്‍ പളളി, എംഇഎസിന് പിറകുവശം, മുറിഞ്ഞഴി, പൊലീസ് സ്റ്റേഷന്റെ പിറകുവശം, മുല്ലറോഡ്, പുതുപൊന്നാനി, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പാലപ്പെട്ടി അജ്മീര്‍ നഗര്‍ എന്നിവിടങ്ങളില്‍ കടല്‍ ആഞ്ഞടിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.