ചെല്ലാനം തീരസംരക്ഷണത്തിന് 344 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

കടല്‍ഭിത്തി നിര്‍മാണത്തിനു 254 കോടി രൂപയും പുലിമുട്ട് ശൃംഖല നിര്‍മാണത്തിനു 90 കോടി രൂപയുമാണു വകയിരുത്തിയിരിക്കുന്നത്

കൊച്ചി: കടലേറ്റം മൂലം പൊറുതിമുട്ടിയ ചെല്ലാനത്ത് 344 കോടി രൂപയുടെ തീരസംരക്ഷണ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ജലവിഭവ- ജലസേചന മന്ത്രി റോഷി അഗസ്റ്റിനാണു പദ്ധതി പ്രഖ്യാപിച്ചത്. അടുത്ത കാലവര്‍ഷത്തില്‍ ചെല്ലാനം നിവാസികളെ മാറ്റി പാര്‍പ്പിക്കേണ്ട അവസ്ഥ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും കാലതാമസം കൂടാതെ നിര്‍മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ചെല്ലാനം പഞ്ചായത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും കടലേറ്റത്തിനും തീരശോഷണത്തിനും പരിഹാരം കാണുന്നതിനാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കാനാവശ്യമായ ടെന്‍ഡര്‍ നടപടികള്‍ സെപ്റ്റംബര്‍ 15 ന് ആരംഭിച്ച് നവംബറില്‍ നടപടി ക്രമം പൂര്‍ത്തിയാക്കും. ശേഷിച്ച ഭാഗം പഠന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കാന്‍ ജലസേചന വകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനു വേണ്ട തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ചെന്നെ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സംസ്ഥാനത്ത് തീരസംരക്ഷണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ തീരമേഖലകളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തീവ്ര തീരശോഷണം നേരിടുന്ന 10 ഹോട്ട്‌സ്‌പോട്ടുകളാണ് കണ്ടെത്തിയത്. ഇതില്‍ ചെല്ലാനത്തിനു പ്രഥമ പരിഗണന നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

കടലേറ്റ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി ചെല്ലാനത്ത് ജലസേചന വകുപ്പ് കിഫ്ബി സഹായത്തോടെ 344.2 കോടി രൂപ മുതല്‍ മുടക്കി, ടെട്രാപോഡുകള്‍ സ്ഥാപിക്കുന്നതിനൊപ്പം ജിയോട്യൂബുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളുമാണു നടപ്പാക്കുന്നത്. സംസ്ഥാനത്തെ ആദ്യ മത്സ്യ ഗ്രാമം പദ്ധതിയും ചെല്ലാനത്ത് ഒരുക്കും.

Chellanam, Chellanam sea erosion, Chellanam coastal protection, Chellanam sea wall, Chellanam coastal protection project, Chellanam coastal protection 344 crore project, Roshy Augustine, indian express malayalam, ie malayalam
ഫൊട്ടോ: നിതിൻ ആർ കെ

ചെല്ലാനം ഹാര്‍ബറിനു തെക്കുവശം മുതല്‍ 10 കി.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ കടല്‍ഭിത്തി പുനരുദ്ധാരണവും ബസാര്‍- കണ്ണമാലി ഭാഗത്ത് ഒരു കി.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ പുലിമുട്ട് ശൃംഖലയുടെ നിര്‍മാണമാണ് ആദ്യ ഘട്ടത്തില്‍ നടത്തുന്നത്. കടല്‍ഭിത്തി നിര്‍മാണത്തിനു 254 കോടി രൂപയും പുലിമുട്ട് ശൃംഖല നിര്‍മാണത്തിനു 90 കോടി രൂപയുമാണു വകയിരുത്തിയിരിക്കുന്നത്.

കടലാക്രമണം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന കമ്പനിപ്പടി, വച്ചാക്കല്‍, ചാളക്കടവ് എന്നിവിടങ്ങളില്‍ കടല്‍ഭിത്തിയുടെ പുനരുദ്ധാരണം വലിയ ഗുണം ചെയ്യും. ബസാറില്‍ ആറും കണ്ണമാലിയില്‍ ഒന്‍പതും പുലിമുട്ടുകള്‍ നിര്‍മിക്കുന്നതോടെ തീരം തിരിച്ചു പിടിക്കാനും. പദ്ധതിയിലൂടെ കൊച്ചി കോര്‍പറേഷനിലെയും ചെല്ലാനം പഞ്ചായത്തിലെ തീരപ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും കടലേറ്റത്തിനു ശാശ്വത പരിഹാരം കാണാന്‍ കഴിയും.

10 കി.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ 5.5 മീറ്റര്‍ ഉയരത്തിലും 24 മീറ്റര്‍ വീതിയിലുമാണ് കടല്‍ഭിത്തിയുടെ പുനരുദ്ധാരണം. ജിയോ ഫാബ്രിക് ഫില്‍റ്റര്‍, മണല്‍ നിറച്ച ജിയോ ബാഗ്, 10-50, 150-200 കി. ഗ്രാം കല്ലുകള്‍, അതിനു മുകളില്‍ രണ്ടു ടണ്‍ ഭാരമുള്ള ടെട്രാപോഡ് എന്നിങ്ങനെയാണ് പ്രവൃത്തിയുടെ ഘടന.

പുലിമുട്ട് ശൃംഖലയുടെ നിര്‍മാണത്തില്‍ ബസാര്‍ ഭാഗത്ത് 700 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ശരാശരി 140 മീറ്റര്‍ ഇടവിട്ട് ‘ടി’ ആകൃതിയില്‍ 55 മീറ്റര്‍ നീളത്തില്‍ നാലും പുലിമുട്ടും അറ്റത്ത് 35 മീറ്റര്‍ നീളത്തില്‍ രണ്ടും പുലിമുട്ടും നിര്‍മിക്കും. കണ്ണമാലി ഭാഗത്ത് 1.2 കി മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ശരാശരി 140 മീറ്റര്‍ ഇടവിട്ട് ‘ടി’ ആകൃതിയിലുള്ള യഥാക്രമം 45, 55, 75 മീറ്റര്‍ നീളത്തില്‍ ഏഴു പുലിമുട്ടും അറ്റത്ത് 35 മീറ്റര്‍
നീളത്തില്‍ രണ്ടു പുലിമുട്ടും നിര്‍മിക്കും.

Chellanam, Chellanam sea erosion, Chellanam coastal protection, Chellanam sea wall, Chellanam coastal protection project, Chellanam coastal protection 344 crore project, Roshy Augustine, indian express malayalam, ie malayalam
ചെല്ലാനം തീരസംരക്ഷണ പദ്ധതി പ്രഖ്യാപനത്തിന് ചെല്ലാനത്ത് എത്തിയ മന്ത്രിമാരായ റോഷി അഗസ്റ്റിനും പി രാജീവും

ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം കേന്ദ്രം ചെല്ലാനത്ത് നടപ്പിലാക്കുമെന്നു മന്ത്രി പറഞ്ഞു. കണ്ണമാലി ഭാഗത്തെ പുലിമുട്ടുകള്‍ക്കിടയില്‍ 2.35 മില്യണ്‍ മീറ്റര്‍ ക്യൂബ് മണല്‍ നിറച്ച് കൃത്രിമ ബീച്ച് നിര്‍മിക്കും.

സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ 5,300 കോടി പൂര്‍ണമായി പ്രയോജനപ്പെടുത്തി തീരദേശ സംരക്ഷണം നടപ്പാക്കും. ജലസേചന വകുപ്പ് ഡാമുകള്‍ കേന്ദ്രീകരിച്ച് ടൂറിസം കേന്ദ്രങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൃത്രിമ ബീച്ച് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ചെല്ലാനത്തെ ടൂറിസം കേന്ദ്രമായി മാറ്റാന്‍ സാധിക്കുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി. രാജീവ് പറഞ്ഞു. സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചെല്ലാനം മേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Also Read: ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിൻ; പുഷ്പം പോലെ വാക്‌സിന്‍ നല്‍കിയ പുഷ്പലതയെ തേടി മന്ത്രിയെത്തി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Chellanam coastal protection 344 crore project launched roshy augustine

Next Story
ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സിൻ; പുഷ്പം പോലെ വാക്‌സിന്‍ നല്‍കിയ പുഷ്പലതയെ തേടി മന്ത്രിയെത്തിveena george, pushpalatha, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com