‘ചെളി നല്ലതാണ്’, അതിജീവന ചരിത്രമെഴുതി ചേക്കുട്ടി പാവകൾ

ചെളിയിൽ പുതഞ്ഞുപോയ ചേന്ദമംഗലത്തെ കൈപിടിച്ചു കയറ്റുന്ന മുന്നേറ്റങ്ങളിൽ ഏറ്റവും മനോഹരമായ ആശയമായിരുന്നു ചേക്കുട്ടി പാവകൾ. ഒരുപക്ഷേ, കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ നിന്നുളള അതിജീവനത്തിലെ ഏറ്റവും സർഗാത്മകമായ ഏടാണ് ചേക്കുട്ടി തുന്നിയെടുത്തത്. ചെറിയൊരു കാലയളവിനുളളിൽ 16 ലക്ഷം രൂപയുടെ പാവകൾക്കുള്ള ഓർഡറാണ് ലഭിച്ചത്.

chekkutti

കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ ഇഴപൊട്ടിയത് ചേന്ദമംഗലത്തുകാരുടെ ജീവിത സ്വപ്നങ്ങളായിരുന്നു. പ്രളയത്തിന്റെ സംഹാരരൂപം ഒരു ഗ്രാമത്തിന്റെ ജീവിത മാർഗത്തെ തന്നെ ചെളികൊണ്ട് മൂടി. തങ്ങളുടെ ജീവിതത്തിന്റെ  ഊടുംപാവുമായിരുന്ന എല്ലാം നഷ്ടമായി എന്ന് വേദനയോടെ അവർ തിരിച്ചറിഞ്ഞ സമയം.  ചേന്ദമംഗലത്തെ  കൈത്തറിസംഘങ്ങളുടെ കൈവശം നാശമായിപ്പോയ 11 ലക്ഷം രൂപയോളം വില വരുന്ന സാരികളുടെ കൂമ്പാരമാണ് പ്രളയശേഷം  ഉണ്ടായിരുന്നത്. കത്തിച്ചു കളയുകയല്ലാതെ വേറെ വഴിയില്ലെന്ന നെഞ്ചുരുകി നിൽക്കുന്ന നെയ്ത്തുകാരോട് ആ സുഹൃത്തുക്കൾ പറഞ്ഞു, “കത്തിക്കാൻ വരട്ടെ, ഞങ്ങൾക്കൊരു ദിവസം സമയം തരൂ.” ആ ‘ഒരുദിവസത്തെ സമയം’ പിന്നീട് ചേന്ദമംഗലം മറ്റൊരു ചരിത്രം നെയ്ത്തു തുടങ്ങുന്നതിന്റെ നിമിഷങ്ങളായിരുന്നു. ചാരമായി തീരുമായിരുന്ന ആ ചെളിപിടിച്ച തുണിത്തരങ്ങൾ ഇന്ന് ലോകത്തിന് മുന്നിൽ അതിജീവിനത്തിന്റെ അടയാളമായി പുഞ്ചിരി തൂകുന്നു.

ചെളിയിൽ പുതഞ്ഞുപോയ ചേന്ദമംഗലത്തെ കൈപിടിച്ചു കയറ്റുന്ന മുന്നേറ്റങ്ങളിൽ ഏറ്റവും മനോഹരമായ ആശയമായിരുന്നു ചേക്കുട്ടി പാവകൾ. ഒരുപക്ഷേ, കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ നിന്നുളള അതിജീവനത്തിലെ ഏറ്റവും സർഗാത്മകമായ ഏടാണ് ചേക്കുട്ടി തുന്നിയെടുത്തത്. ചെറിയൊരു കാലയളവിനുളളിൽ 16 ലക്ഷം രൂപയുടെ പാവകൾക്കുള്ള ഓർഡറാണ് ലഭിച്ചത്.

chekkutti
ചേക്കുട്ടി പാവകൾ

പ്രതീക്ഷിച്ചതിലും ഓർഡർ എത്തിയതോടെ കൂടുതൽ പാവകൾ നിർമ്മിച്ചെടുക്കാനായി വിവിധയിടങ്ങളിലായി മെഗാ വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കുകയാണ് സന്നദ്ധ പ്രവർത്തകരും ചേക്കുട്ടി ടീമും.

ഒരു ലക്ഷം രൂപയ്കുള്ള പാവകൾ കൂടി നിർമ്മിച്ചെടുക്കുക എന്നതാണ് ചേക്കുട്ടി ടീമിനു മുന്നിലുള്ള ഇപ്പോഴത്തെ ലക്ഷ്യം. അതിനായി, സെപ്തംബർ 30 ഞായറാഴ്ച കൊച്ചിൻ യൂണിവേഴ്സിറ്റി  ക്യാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ഒരു മെഗാ ചേക്കുട്ടി വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെയാണ് വർക്ക് ഷോപ്പിന്റെ സമയം. വർക്ക് ഷോപ്പിനെത്തുന്നവർ ഒരു കത്രിക, പേന, ഉച്ചഭക്ഷണം എന്നിവയും കൂടെ കരുതണം.

കുസാറ്റ് ക്യാമ്പസിൽ സംഘടിപ്പിക്കപ്പെടുന്ന ക്യാമ്പിൽ 200 ലേറെ വളണ്ടിയർമാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചേക്കുട്ടി മെഗാ വർക്ക് ഷോപ്പ് സംഘടാകരിൽ ഒരാളായ യൂത്ത് വെൽഫയർ ഡയറക്ടറായ പികെ ബേബി ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

“ആദ്യം സാരികൾ മാത്രമാണ് ചേക്കുട്ടിയുടെ നിർമ്മാണത്തിന് എടുത്തിരുന്നതെങ്കിൽ ഇപ്പോൾ ഡബ്ബിൾ മുണ്ടും എടുക്കുന്നുണ്ട്. ചെളി പുരണ്ട മുണ്ടുകൾ കഴുകി ഉണക്കിയെടുത്തു അണുവിമുക്തമാക്കിയാണ് പാവകൾ നിർമിക്കുന്നത്. കരിമ്പടം കൈത്തറി യൂണിറ്റിന് പുറമെ ചേന്ദമംഗലത്തെ മറ്റു വേറെ യൂണിറ്റുകളിൽ നിന്നു കൂടി ഇപ്പോൾ പാവയുടെ നിർമാണത്തിനുള്ള തുണി എടുക്കാൻ തുടങ്ങിയിട്ടുണ്ട്,” ചേക്കുട്ടി പാവകളുടെ ഉപജ്ഞാതാക്കളിൽ ഒരാളായ ഗോപിനാഥ് പാറയിൽ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

chekkutti
ചേക്കുട്ടി പാവ ധരിച്ച സ്ത്രീ

“ഇതുവരെ 16 ലക്ഷം രൂപയ്ക്കുള്ള ചേക്കുട്ടി പാവകൾക്കാണ് ഓർഡർ വന്നിരിക്കുന്നത്. കുറച്ചു മുൻപ് ആണ് ആറു ലക്ഷം രൂപയ്ക്കുള്ള ഓർഡർ സ്ഥിതീകരിച്ചത്. കേരള ട്രാവൽ മാർട്ടിലെത്തിയ ഒരു കമ്പനി പ്രതിനിധിയാണ് മൂന്നു ലക്ഷം രൂപയ്ക്കുള്ള ഓർഡറുകൾ തന്നിരിക്കുന്നത്. അവരുടെ ഓർഡറിന് ഒരു പ്രത്യേകത കൂടെയുണ്ട്, മൂന്നു ലക്ഷം രൂപയ്ക്കുള്ള പാവകൾ അവർ വാങ്ങിച്ചതിനു ശേഷം ആ പാവകൾ നമുക്കു തന്നെ തിരിച്ചു തരും. അതുവഴി, ആ പാവകൾ നമുക്ക് വീണ്ടും ആവശ്യക്കാർക്ക് വിൽക്കാൻ സാധിക്കും. അതുവഴി ഏതാണ്ട് മൂന്നുലക്ഷം രൂപയുടെ കൂടി വിൽപ്പന നടക്കും,” ഗോപിനാഥ് കൂട്ടിചേർത്തു. ചേക്കുട്ടിയെ വിറ്റവഴിയിൽ ഇതുവരെ ഏതാണ്ട് ഒമ്പത് ലക്ഷം രൂപയാണ് ചേന്ദമംഗലം കൈത്തറി യൂണിറ്റുകൾക്ക് ലഭിച്ചത്.

ചേക്കുട്ടിയുടെ യാത്ര; ഇതുവരെ

ചെളിയിൽ പുതഞ്ഞുപോയ ചേന്ദമംഗലം കൈത്തറിയൂണിറ്റുകളിൽ എത്തിയ സുഹൃത്തുക്കളായ ലക്ഷ്മി മേനോനും ഗോപിനാഥ് പാറയിലും കണ്ടത്, കഴുകിയിട്ടും കറ പോകാത്ത, ഏതാണ്ട് 11 ലക്ഷം രൂപയോളം വില വരുന്ന സാരികളുടെ കൂമ്പാരമാണ്. കത്തിച്ചു കളയുകയല്ലാതെ വേറെ വഴിയില്ലെന്ന സങ്കടത്തിൽ നിൽക്കുന്ന നെയ്ത്തുക്കാരോട് ആ സുഹൃത്തുക്കൾ പറഞ്ഞു, “കത്തിക്കാൻ വരട്ടെ, ഞങ്ങൾക്കൊരു ദിവസം സമയം തരൂ.”

അവിടുന്ന് വിലകൊടുത്തു വാങ്ങിയ ഏതാനും സാരികളുമായി മടങ്ങിയ അവർ പിന്നീട് ചേന്ദമംഗലത്തേക്ക് തിരിച്ചെത്തിയത്, ഉപയോഗശൂന്യമായ ആ തുണികളിൽ നിന്നും തുണിപ്പാവകൾ നിർമ്മിക്കാം എന്ന ആശയവുമായാണ്. ചേറിനെ അതിജീവിക്കുന്ന ആ പാവക്കുട്ടികൾക്ക് അവർ ചേക്കുട്ടി എന്നു പേരിട്ടു. ചേക്കുട്ടിയെ മലയാളികൾ സ്നേഹത്തോടെ നെഞ്ചോട് ചേർത്തുപിടിച്ചപ്പോഴാകട്ടെ, പിന്നെ പിറന്നത് ചരിത്രമാണ്.

chekkutti

ഓൺലൈൻ വഴി ഏതാണ്ട് 16 ലക്ഷം രൂപയ്ക്കുള്ള ഓർഡറുകളാണ് ചേക്കുട്ടി പാവകളെ തേടിയെത്തിയത്. ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റുകൾക്ക് പുനർജീവൻ നൽകാനായി കൊച്ചിയുടെ തെരുവുകളിൽ ആരംഭിച്ച ചേക്കുട്ടി പാവ മേക്കിങ് വർക്ക്‌ ഷോപ്പുകൾ ജില്ലകളും സംസ്ഥാനങ്ങളും കടന്ന് അങ്ങ് അമേരിക്ക വരെയെത്തി. വളണ്ടിയർമാരും സ്കൂളുകളും റെസിഡൻസ് അസോസിയേഷനുകളും അയൽപ്പക്ക കൂട്ടായ്മകളുമൊക്കെ ചേക്കുട്ടി നിർമ്മാണത്തിനായി മുന്നോട്ട് വന്നു. ഡൽഹിയിലെ ജെ എൻ യു ക്യാമ്പസും കൊച്ചിയിലെ ഇൻഫോ പാർക്കും എന്നു തുടങ്ങി കാലിഫോർണിയ ഫ്രീമോണ്ടിലെ എലിസബത്ത് പാർക്കിലെ മലയാളി കൂട്ടായ്മയിൽ നിന്നു വരെ ചേക്കുട്ടി പാവകൾ പിറന്നു. അങ്ങനെയങ്ങനെ ചേക്കുട്ടി എന്ന ചേറിലെ കുട്ടി ഒരു ‘ഇന്റർനാഷണൽ’ കുട്ടിയായി വളർന്ന സ്നേഹഗാഥയ്ക്ക് കൂടിയാണ് പ്രളയാനന്തര കേരളം സാക്ഷിയായത്.

25 രൂപയാണ് ഒരു ചേക്കുട്ടിപ്പാവയുടെ വില. 1500 രൂപയോളം വില വരുന്ന ഒരു ചേന്ദമംഗലം കൈത്തറി സാരിയിൽ നിന്ന് 360 ചേക്കുട്ടിപ്പാവകൾ വരെയുണ്ടാക്കാൻ കഴിയുന്നു. അതായത്, ഒറ്റ സാരിയിൽ നിന്നുമാത്രം 9000 രൂപയുടെ വരുമാനമാണ് ചേക്കുട്ടിയിലൂടെ ചേന്ദമംഗലം നേടുന്നത്.

സൂപ്പർ സ്റ്റാർ ചേക്കുട്ടി

വാർത്തകളിൽ സജീവമായതോടെ ചേക്കുട്ടി പാവകൾ സോഷ്യൽ മീഡിയയുടെയും സൂപ്പർതാരമായി. പ്രതികൂല സാഹചര്യങ്ങളിൽ തളരാതെ നീങ്ങുന്ന മനുഷ്യരുടെ പ്രതീകമായി വരെ സോഷ്യൽ മീഡിയ ചേക്കുട്ടിയെ വിശേഷിപ്പിച്ചു. വീഡിയോ ബ്ലോഗറായ ‘ബല്ലാത്ത പഹയൻ’ ചേക്കുട്ടിയെ കുറിച്ച് പാട്ട് വരെ ഇറക്കി കളഞ്ഞു.

കേരളം ഒന്നായ്‌ തുന്നിക്കൂട്ടിയ ചേക്കുട്ടി പാവകൾ മലയാളികളുടെ ജീവിതത്തിന്റെ ഓരം ചേർന്നു തന്നെ നിൽക്കും ഇനിയങ്ങോട്ട്. നമ്മുടെ ബാഗുകളിൽ, വീടുകളിൽ, കാറുകളിൽ, ജോലിയിടങ്ങളിലൊക്കെ ചേറിനെ അതിജീവിച്ച ആ പാവക്കുട്ടി ഇനി പുഞ്ചിരി തൂകിയിരിക്കും. മുറിപ്പാടുകൾക്കും പറ്റിപ്പിടിച്ച കറകൾക്കും വരെ ഭംഗിയുണ്ടെന്നും അത് അതിജീവനത്തിന്റെ സൗന്ദര്യമാണെന്നും പ്രളയം ബാക്കിവെയ്ക്കുന്ന നഷ്ടങ്ങളുടെ കൂട്ടത്തിൽ നിന്നും ചിരിയോടെ ഉയർത്തെഴുന്നേറ്റ ചേക്കുട്ടി പാവകൾ വരും തലമുറയോട് പറഞ്ഞു കൊണ്ടേയിരിക്കും.

chekkutti

ചേക്കുട്ടി പാവകളെ കുറിച്ച് കൂടുതലറിയാൻ http://www.chekutty.in എന്ന ഓൺലൈൻ സന്ദർശിക്കാം. ചേക്കുട്ടി പാവകൾ ഓൺലൈനായി വാങ്ങാനുള്ള സൗകര്യവുമുണ്ട്. (ഓൺലൈനിൽ വാങ്ങുമ്പോൾ 20 എണ്ണമാണ് മിനിമം ഓർഡർ)

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Chekkutties writes history in mud

Next Story
പതിനെട്ടാം പടിയില്‍ നായിക നൃത്തം ചെയ്തിട്ടുണ്ടെന്ന് എന്‍എസ് മാധവന്‍; തെളിവായി ഗാന രംഗവുമായി സോഷ്യൽ മീഡിയ
The moderation of comments is automated and not cleared manually by malayalam.indianexpress.com