വയനാട്: മണ്ണിൽ തങ്ങൾക്കു മനസ്സിലാകാത്ത വിനോദസഞ്ചാര വികസനത്തിന്റെ വിത്ത് മുളപ്പിക്കുമ്പോൾ ചേകാടി എന്ന വനഗ്രാമത്തിലെ ആദിവാസികള്‍ അമ്പരപ്പിലാണ്. തങ്ങളുടെ ചുറ്റുമുള്ള മണ്ണിന് സംഭവിക്കുന്ന മാറ്റം അവരെ ആശങ്കയിലാക്കുന്നു. സ്വന്തം പ്രദേശത്തെ സംഭവിക്കുന്ന ഭൂമികൈമാറ്റം സൃഷ്ടിച്ച അമ്പരപ്പിലാണ് അവർ. ചരക്കായും കൈമാറ്റ വസ്തുവായും മണ്ണ് മാറിയത് അറിയാത്ത ഇവര്‍ തങ്ങള്‍ക്ക് ഉണ്ണാനുള്ളത് ഇനി എവിടെ നിന്നും കണ്ടെത്തുമെന്ന ആശങ്കയിലാണ്. ഒരു നേരത്തെയെങ്കിലും ഭക്ഷണം നല്‍കിയിരുന്ന മണ്ണ് നഷ്ടപ്പെടുന്നതിന്റെ ഉത്കണ്ഠയാണ് ഇവര്‍ക്കിപ്പോഴുള്ളത്. കുറവദ്വീപിലെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് റിസോര്‍ട്ടുകളും ഹോം സ്റ്റേകളും നിര്‍മ്മിക്കാനായി ഭൂമി വാങ്ങിക്കൂട്ടുന്നവരാണ് ഈ വയനാടന്‍ ഗ്രാമത്തെ അശാന്തമാക്കുന്നത്.
വയനാടന്‍ കാട്ടിനുള്ളിലെ പച്ചതുരുത്താണ് കുറുവ. ദൂര്‍ഘടമായ കാനനയാത്രയാണ് വിനോദ സഞ്ചാരികള്‍ക്ക് ഇവിടം ഇഷ്ടതാവളമാക്കിയതെങ്കില്‍ അതിനു സമീപത്തെ ചേകാടിയാണ് വലിയ വില നല്‍കേണ്ടി വന്നത്. ഈ അടുത്ത കാലത്താണ് ചേകാടിയിലേയ്ക്കുള്ള പാത ടാറിട്ടതും കബനിക്കു കുറുകെ പാലം വന്നതും. അക്കരെ, കര്‍ണാടകയ്ക്ക് കടക്കാന്‍ പാലം വന്നതോടെ സഞ്ചാരികളുടെ ഒഴുക്കും കൂടി.
മൂന്നു ഭാഗവും വനത്താല്‍ ചുറ്റപ്പെട്ട ചേകാടിയുടെ മറ്റൊരരിക് കുറുവയെ തഴുകി ഒഴുകുന്ന കബനിയാണ്. വിശാലമായ നെല്‍വയലാണ് ചേകാടിയിലെ മനുഷ്യ ജീവിതത്തിന്റെ കാതല്‍. ജനസംഖ്യയില്‍ 95% ആദിവാസികളായ അടിയരാണെങ്കിലും ഗോത്രജീവിതം നയിക്കുന്ന ചെട്ടിമാരാണ് ഭൂവുടമകള്‍. പ്രാചീനകുടിയേറ്റക്കാരാണ് തങ്ങളെന്ന് വിശ്വസിക്കുന്ന ചെട്ടിമാര്‍ തങ്ങള്‍ക്കൊപ്പം തൊഴിലാളികളായി എത്തിയവരാണ് ആദിവാസികളെന്നും കരുതുന്നു. ഭക്ഷണത്തിനും വീടുണ്ടാക്കാനും മാത്രം മണ്ണിനെ ആശ്രയിച്ചിരുന്നവരായതുകൊണ്ട് കരഭൂമിയോട് ഇവര്‍ അമിത ആഭിമുഖ്യം പുലര്‍ത്തിയില്ല. ക്രമത്തോട് എത്തിയ മഴയെ ആശ്രയിച്ച് കൊല്ലത്തില്‍ രണ്ടുതവണ ഇവര്‍ നെല്‍ കൃഷി ചെയ്തു. പച്ചക്കറി നട്ടു. സുന്ദരസുരഭിലമായില്ലെങ്കിലും കൂട്ടുജീവിതം സന്തുഷ്ടമായിരുന്നുവെന്ന് ചേകാടിയിലെ കാരണവന്‍മാര്‍.
സ്വാഭാവിക വനം വെട്ടിമാറ്റി യുക്കാലിപ്റ്റസും തേക്കും നട്ടുപിടിപ്പിച്ച ഭരണാധികാരികള്‍ ലോലജീവിതം നയിച്ചിരുന്ന ചേകാടിക്കാരുടെയും അന്നം മുടക്കി. മഴകിട്ടാതെ വരണ്ടുണങ്ങുന്ന നെല്‍വയലുകള്‍ തരിശ്ശിട്ടും കൈമാറിയുമാണ് ഇവര്‍ കാലാവസ്ഥ മാറ്റത്തോട് പ്രതികരിച്ചത്. സൂക്ഷ്മദൃക്കുകളായ ഭൂമി കച്ചവടക്കാരുടെ കണ്ണുകള്‍ ഇവിടേക്ക് നീണ്ടതും ഇക്കാലത്താണ്.
ഈ പ്രദേശത്തിന് പുറത്തുളളവരുടെ നീക്കിയിരിപ്പ് മുതലിറക്കാനുള്ള ഇടമായി ചേകാടി മാറിയത് അങ്ങിനെയാണ്. കുറുവയിലേക്ക് ഒഴുകിയത്തുന്ന വിനോദസഞ്ചാരികളുടെ മടിക്കനം ലക്ഷ്യമിട്ട് റിസോര്‍ട്ടുകളും ഹോംസ്റ്റേകളും പണിയാമെന്ന മോഹനവാഗ്ദാനമാണ് ഭൂമി കച്ചവടക്കാര്‍ ഇതിനായി മുന്നോട്ടു വച്ചത്. മണ്ണിന്റെ വിലയെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെയിരുന്ന ചേകാടിയിലുള്ളവര്‍ ഇടനിലക്കാര്‍ നിശ്ചയിച്ച വിലകേട്ട് ഞെട്ടി. തലമുറകള്‍ക്ക് മുമ്പ് ചേകാടിയിലെത്തിയ ചെട്ടികുടുംബത്തിലെ അംഗമായ അജയന്‍ ഭൂമികൈമാറ്റക്കഥയിലെ ഒരേട് ഇങ്ങനെ പങ്കുവച്ചു. വിദ്യാസമ്പന്നനും സാമൂഹ്യപ്രവര്‍ത്തകനുമായി അജയന്‍ ജൈവ കൃഷിയിലൂടെ ഭക്ഷ്യ ഉല്പന്നങ്ങള്‍ ഉണ്ടാക്കി വിതരണം ചെയ്യുന്ന കര്‍ഷകരുടെ സംഘത്തിന് നേതൃത്വം നല്‍കുന്നു.

‘വയലില്‍ അതിരുവന്നത് ഇപ്പോഴാണ്. വിശാലമായിരുന്നു അത്. നടന്നുപോകാനായി വരമ്പുകളുണ്ടാകും. മതിലുകള്‍ ഇല്ലാത്ത ഗ്രാമമാണ് ചേകാടി. ഞങ്ങളുടെ മുന്‍തലമുറക്കാര്‍ മണ്ണിലതിരിടാന്‍ ഒരിക്കലും തുണിഞ്ഞില്ല. ഇപ്പോള്‍ എവിടെ നോക്കിയാലും വേലികളാണ്. അതും വൈദ്യുതകമ്പി വേലികള്‍. വയലോരവും കൈമാറ്റം ചെയ്യപ്പെട്ടു കഴിഞ്ഞു. കരയുടെ കാര്യം പറയുകയും വേണ്ട. വേലികെട്ടി വേര്‍തിരിച്ച ഭൂമി തരിശ്ശിടുകയാണ്. ഈ മണ്ണില്‍ പണിയെടുത്താണ് ഞങ്ങള്‍ തലമുറകളായി കഴിഞ്ഞിരുന്നത്. ഇപ്പോള്‍ പണിയുമില്ല അരിയുമില്ല. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാത്ത ഞങ്ങള്‍ പരമ്പരാഗത കൃഷിക്കാരായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. പുതിയ ഭൂവുടമകള്‍ അനിയന്ത്രിതമായി രാസവളങ്ങളും കീടനാശിനികളും മണ്ണില്‍ കോരിയിടുകയാണ്. ചേകാടി ആകെ വിഷമാകുന്നു. ആറേഴുവര്‍ഷം മുമ്പുവരെ ഇവിടെയുളളവര്‍ പരസ്പരം ചെറിയ തോതിലുള്ള ഭൂമി കൈമാറ്റമൊക്കെ നടത്തിയിരുന്നു. വീടുവയ്ക്കാനും മറ്റുമൊക്കയായി. 50,000/- രൂപവരെയാണ് അന്നൊക്കെ ഒരേക്കാര്‍ ഭൂമിയുടെ വിലയായി കണ്ടിരുന്നത്. പെട്ടെന്നാണ് ഇരുപതും അതിലധികവും ലക്ഷങ്ങള്‍ പറഞ്ഞ് ഇടനിലക്കാര്‍ വന്നത്. കാടുമടുത്ത ചിലര്‍ ഞങ്ങള്‍ക്കിടയിലുണ്ട്. അവര്‍ ഇടനിലക്കാരുടെ വാക്കുകളില്‍ മയങ്ങി ഭൂമി വില്‍ക്കും. ഒന്നിനു പിന്നാലെ ഒന്നായി എത്തിയ മുതലാളിമാര്‍ അങ്ങനെയാണ് ഭൂമിയധികം കൈക്കലാക്കിയത്. അടിയരുടെ ഗോത്ര ഗദ്ദികയില്‍ ചേകാടിയെ കുറിച്ച് പരാമര്‍ശമുണ്ട്. അത്രയ്ക്ക് പഴക്കമുണ്ട് ഇവിടുത്തെ സംസ്‌ക്കാരത്തിന്. കന്നഡയും മലയാളവും ചേര്‍ന്ന വാമൊഴിയാണ് ഞങ്ങള്‍ക്ക് വഴക്കം. അടിയരും കാട്ടുനായ്ക്കരും പണിയരുമെല്ലാം ഇതേ ഭാഷയാണ് സംസാരിക്കുന്നത്. ഇപ്പോള്‍ അതും നഷ്ടമായി. കര്‍ണ്ണാടകയാണ് ഇപ്പോള്‍ തൊഴിലിനായുള്ള ആശ്രയം. ഇവിടുത്തെ മുതലാളിമാര്‍ ആദിവാസികളെ അങ്ങോട്ടു പണിക്ക് കൊണ്ടുപോകുകയാണ്. ഒരുതരം അടിമപ്പണി’. അജയന്‍ പറഞ്ഞു നിര്‍ത്തി.
‘കബനിക്കു കുറുകെ പാലം വന്നപ്പോള്‍ ഞങ്ങളെല്ലാം സന്തോഷിച്ചു. അക്കരെക്കടന്ന് മാനന്തവാടിയിലെത്താന്‍ എളുപ്പമാകുമെന്ന് മാത്രമേ കരുതിയുള്ളു’. കബനിക്കു കുറുകെ നിര്‍മ്മിച്ച പാലം ചൂണ്ടിക്കാണിച്ച് ട്രൈബല്‍ വെല്‍ഫയര്‍ സെക്രട്ടറി രാജു പറഞ്ഞു. ‘പാലം കടന്നത്തുന്നവരെക്കുറിച്ച് ഞങ്ങള്‍ക്ക് പേടിയുണ്ട്. ഇവിടെ അവശേഷിക്കുന്ന ഭൂമി കൂടി കൈവശപ്പെടുത്താന്‍ വരുന്നവരാകുമെന്നാണ് ഭയം. ഞങ്ങളുടെ സ്വന്തമൊന്നുമല്ല ഭൂമി. ജന്മിമാരായ ചെട്ടിമാരുടെയാണ് അതെങ്കിലും ഇവിടെ പണിയെടുത്താണ് കാരണവന്മാര്‍ ഞങ്ങളെ വളര്‍ത്തിയത്. അവരുടെ കൂടെ ഞങ്ങളും വയലിലിറങ്ങി ഞാറു നട്ടും കൊയ്ത്തിനിറങ്ങിയുമാണ് ജീവിതം ഇത്രത്തോളമെത്തിയത്. ഇപ്പോള്‍ വയലെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. കാട്ടില്‍ നിന്നുള്ള മൃഗങ്ങള്‍ വിളയിലിറങ്ങുന്നതുകൊണ്ട് താല്‍പര്യമുള്ളവര്‍ പോലും കൃഷിയിറക്കുന്നില്ല. ഇങ്ങനെ ഒഴിഞ്ഞു കിടക്കുന്ന മണ്ണുനോക്കിയാണ് ഇടനിലക്കാര്‍ ഇങ്ങോട്ടു വരുന്നത്. വൈദ്യുതി കമ്പി വേലി കാണുമ്പോള്‍ ഞങ്ങളുടെ കുടിലിലെ പെണ്ണുങ്ങൾക്ക് ആധിയാണ്. തങ്ങള്‍ പണിയെടുത്തിരുന്ന മണ്ണെല്ലാം അന്യമായതായി തോന്നുകയാണെന്നാണ് അവര്‍ പറയുന്നത്’. രാജു പറഞ്ഞു.

പകല്‍-രാത്രിഭേദമില്ലാതെ പാലം കടന്നെത്തുന്ന ആഡംബര വാഹനങ്ങളെ നോക്കി അന്തംവിട്ടിരിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചേകാടിയിലുള്ളവര്‍. വന്യമൃഗങ്ങളോട് ചങ്ങാത്തം കാണിച്ച് നിശബ്ദരായി കാട്ടില്‍ ജീവിച്ചിരുന്ന തങ്ങളുടെ സ്വസ്ഥത നഷ്ടമായെന്ന് അവർ ആരെയും കുറ്റപ്പെടുത്താതെ പറയുന്നു . തിരികെയുള്ള യാത്രയ്ക്കിടെ പാതമുറിച്ച് കടക്കുന്ന കാട്ടാനക്കൂട്ടത്തിന് വഴിയൊരുക്കാനായി ഞങ്ങള്‍ സഞ്ചരിച്ച വാഹനം അരിക് ചേര്‍ത്ത് നിര്‍ത്തി. പിന്നാലെ വന്ന വാഹനം അത്യുച്ചത്തില്‍ ഹോണ്‍ മുഴക്കി. വാഹനത്തിനുള്ളിലുള്ളവര്‍ കൂകിയാര്‍ത്തു. ആനക്കൂട്ടത്തിനൊപ്പം കാടുതന്നെ വിറകൊണ്ടു. ചേകാടിക്കാർ പറഞ്ഞ നഷ്ടമായ സ്വസ്ഥത അനുഭവിച്ചറിഞ്ഞു. വികസനം വരുത്തിവച്ച വിനയെന്ന് ഒപ്പം ഉണ്ടായിരുന്ന ചേകാടിയിലെ സുഹൃത്തിന്റെ ആത്മഗതം പുറത്തേയ്ക്ക് വന്നു.