മാനന്തവാടി: മാവോയിസ്റ്റ് പരിശീലന കേന്ദ്രമെന്ന് പൊലീസ് വിശേഷിപ്പിച്ച വയനാട്ടിലെ ചേകാടിയിലെ ആദിവാസികളുടെ അശാന്തിക്ക് അറുതിയില്ല. സർക്കാരിന്റെ വികസന പ്രഖ്യാപനങ്ങളൊക്കെ മുറപോലെ നടക്കുന്നുണ്ടെങ്കിലും ഇവിടുത്തെ ജീവിത സൂചിക ദാരിദ്ര്യത്തിൽ നിന്നും ദാരിദ്ര്യത്തിലേയ്ക്ക് കൂപ്പുകുത്തുകയാണെന്നതാണ് ഇതുവഴി കടന്നുപോകുമ്പോൾ കാണാനാകുന്നത്.

അതിരുകളും അധാരവുമില്ലാതെ ജീവിക്കുന്ന ഒരു ജനവിഭാഗത്തിന്റെ ജീവിതത്തിൽ അതിക്രമിച്ചു കയറുകയാണ് പൊതു സമൂഹത്തിൽ നിന്നുളള ഓരോ ഇടപെടലും. തങ്ങൾക്ക് അർഹതപ്പെട്ട അവകാശങ്ങൾ ചോദിക്കുമ്പോൾ കുറ്റവാളികളാക്കപ്പെടുന്ന അവസ്ഥയാണ് ഇവിടുത്തുകാർക്ക്. മാവോയിസ്റ്റ് മുദ്രകുത്തിയും അല്ലാതെയും നടക്കുന്ന അക്രമത്തിന്റെ ഇരകളാണ് ഈ ഗ്രാമത്തിന്റെ അവസ്ഥ.

മാധവനും രാജവും ഷിനോജും പങ്കുവയ്ക്കുന്നത് ഈ ഗ്രാമജീവിതത്തിന്റെ ഉത്കണ്ഠകളാണ്. ഭൂമിയുടെ ഉടമകളല്ലാതിരുന്നിട്ടും പൂര്‍വ്വികര്‍ കൃഷി ചെയ്തിരുന്ന മണ്ണ് എന്നന്നേക്കുമായി നഷ്ടപ്പെടുന്നതിലും പട്ടിണിയുടെ നീര്‍ക്കയത്തില്‍ നിന്ന് കരകയറാനാവാത്തതിലും അസ്വസ്ഥരാണിവര്‍. കേരളം രൂപപ്പെട്ടതിന് ശേഷവും അടിമകളായി ജന്മിമാരുടെ ഭൂമിയില്‍ പണിയെടുത്തിരുന്നവരാണ് മാധവന്റെയും രാജുവിന്റെയും മുന്‍തലമുറക്കാര്‍. ഭൂപരിഷ്‌ക്കരണ നിയമവും ഈ മനുഷ്യരെ പണിയെടുക്കുന്ന പാടത്തിന്റെ ഉടമകളാക്കിയില്ല. അടിമപ്പണിക്ക് വിരാമം വന്നപ്പോഴേക്കും മണ്ണും മഴയും ദേശത്തെ വിട്ടുപോയിരുന്നു.

Read More: ടൂറിസം കൃഷി; അന്നം അന്യമാകുന്ന അടിയരുടെ ഗ്രാമമായി മാറുന്ന ചേകാടി

കേരളത്തിന്റെ കമ്മ്യുണിസ്റ്റ് വിപ്ലവ ചരിത്രത്തില്‍ ചേകാടി ഇടം നേടിയിരുന്നു. എ.വര്‍ഗ്ഗീസ്, കെ.അജിത, ഫിലിപ്പ് എം. പ്രസാദ്, തേറ്റമല കൃഷ്ണന്‍കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നക്‌സലെറ്റ് സംഘം ചേകാടിയിലെത്തി ജന്മിമാർക്കെതിരായ യുദ്ധപ്രഖ്യാപനം നടത്തിയത് 1968 നവംബര്‍ 23 നാണ്. പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ അക്രമണത്തിന് ശേഷം മടങ്ങിയ നക്‌സലെറ്റ് സംഘം ജന്മിമാരായ ചെട്ടിമാരില്‍ നിന്ന് ആദിവാസികളെ മോചിപ്പിക്കാനായി ചേകാടിയിലെത്തിയത്. ഇവിടുത്തെ രണ്ട് ജന്മിമാരുടെ വീട്ടിൽ കടന്നുകയറുകയും അവിടെ നിന്നും നെല്ലെടുത്ത് ​ആദിവാസികൾക്ക് വിതരണം ചെയ്യുകയും ആദിവാസികളിൽ നിന്നും മറ്റ് പാവപ്പെട്ടവരിൽ നിന്നു പിടിച്ചുവച്ചിരുന്ന ആധാരങ്ങളും മറ്റ് രേഖകളും കത്തിച്ചു കളയുകയും ചെയ്തു അന്നത്തെ നക്‌സലൈറ്റുകൾ. എ.വർഗീസ്, കിസാൻ തൊമ്മൻ, കെ.അജിത, ശശിമല രാമൻനായർ, ഫിലിപ്പ് എം പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുളള ചെറു സംഘമാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത്. ഈ പ്രവർത്തനങ്ങളെ ആദിവാസികൾ അനുകൂലിച്ചതായും നക്‌സലൈറ്റ് പ്രസ്ഥാനത്തെ കുറിച്ചെഴുതിയ പുസ്തകങ്ങളിലും കോടതി, പൊലീസ് രേഖകളിലും കാണാം. എന്നാൽ അതിനപ്പുറം തീവ്ര ഇടതുപക്ഷ രാഷ്ട്രീയബന്ധമൊന്നും ഈ പ്രദേശത്ത് കാണാനാകില്ല. അതേസമയം വനഗ്രാമമായതിനാൽ ഇവിടെ മാവോയിസ്റ്റുകൾ വരുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതിന് തങ്ങളെ പീഡിപ്പിക്കുന്നതെന്തിനാണ് എന്നാണ് അവിടുത്തുകാർ ചോദിക്കുന്നത്. ആ ചോദ്യത്തിന് ഉത്തരമില്ലാതെ സർക്കാരും.

‘പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആദിവാസികളുടെ ജീവിതത്തില്‍ കാതലായ മാറ്റമൊന്നും ഉണ്ടായില്ലായെന്ന തിരിച്ചറിവാണ് മാധവനെയും രാജുവിനെയും പോലുള്ള ചേകാടിക്കാരെ ഇപ്പോഴും രോഷാകുലരാക്കുന്നത്. ‘മുത്തങ്ങയില്‍ സമരം ചെയ്ത ആദിവാസികളെ പിന്തുണച്ചെന്ന പേരിലാണ് മാവോയിസ്റ്റ് ലേബല്‍ ഞങ്ങളുടെ മേല്‍ പതിപ്പിച്ചത്. ഊരുകളില്‍ പലരും പോലീസിന്റെ മാവോയിസ്റ്റ് പട്ടികയില്‍ നിന്നും മോചിതരായിട്ടും ഇടക്കിടെ ജയില്‍വാസത്തിന് വിധിക്കപ്പെടുന്ന മാധവന്‍ പറയുന്നു’.

മാധവൻ

‘ജയിലില്‍ കിടക്കുമ്പോഴും പിടിക്കിട്ടാപ്പുള്ളികളുടെ പട്ടികയില്‍ എന്റെ പേരുണ്ടായിരുന്നു. നിലമ്പൂര്‍ വനത്തില്‍ രണ്ട് പേരെ പോലീസ് വെടിവച്ച് കൊന്നപ്പോള്‍ ഞാന്‍ ജയിലിലായിരുന്നു. അതുകൊണ്ട് എന്നായാ തോക്കില്‍ ബലിയാക്കാനായില്ല. അതിക്രമങ്ങളും അനീതികളും പരാതിപ്പെട്ടാല്‍ തീവ്രവാദികളായി. മാവോയിസ്റ്റ് ആണെന്ന് വരുത്തിതീര്‍ക്കുകയാണ്. അങ്ങനെ ആയാലെ അവര്‍ക്ക് പണം കിട്ടൂ. ചേകാടിയിലെ ആദിവാസികളുടെ ജീവിതം ഒന്നു നോക്കൂ. ഒരു സ്വാതന്ത്ര്യവും ഞങ്ങള്‍ക്കില്ല. ഞങ്ങളെ വളഞ്ഞിട്ടിരിക്കുകയാണ്. പച്ചക്കറി നട്ടും പോത്തിനെ വളര്‍ത്തിയുമാണ് കുടുംബത്തെ പോറ്റുന്നത്. മാവോയിസ്റ്റ് എന്ന പേരില്‍ എപ്പോഴും പോലീസ് പിടിച്ചുകൊണ്ടുപോകാം’. മാധവന്‍ പറഞ്ഞു.

Read More: “നോട്ടുണ്ടേലെന്താ, നോട്ടില്ലേലെന്താ” ചേകാടിക്കാർ ചോദിക്കുന്നു

‘ഞങ്ങളെ സംശയമാണ്. നിങ്ങളുടെ പരിപാടിയെന്തന്ന ചോദ്യമാണ് എപ്പോഴും. ഞങ്ങള്‍ സ്വതന്ത്രരായ മനുഷ്യരാണെന്ന് അംഗീകരിക്കാന്‍ അവര്‍ക്കായിട്ടില്ല. പോലീസിനൊപ്പം നാട്ടുകാര്‍ക്കും ഞങ്ങള്‍ കലാപകാരികളാണ്, തീവ്രവാദികളാണ്’. ട്രൈബല്‍ വെല്‍ഫയര്‍ സൊസൈറ്റി സെക്രട്ടറി കൂടിയായ രാജു പറഞ്ഞു. ‘സ്വതന്ത്രമായി അഭിപ്രായം പറയാന്‍ പാടില്ല. രാഷ്ട്രീയപാര്‍ട്ടിക്കാര്‍ പറയുന്നതിനപ്പുറം എന്തെങ്കിലും ഒന്നു ഉരിയാടിയാല്‍ പിന്നെ മാവോയിസ്റ്റായി. ജീവിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. ആദിവാസികളുടെ വീട് നിര്‍മ്മിക്കുകയാണ് സൊസൈറ്റിയുടെ ജോലി. നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ പണം കൈക്കലാക്കി കരാറുകാര്‍ മുങ്ങുന്നത് ഇവിടെ പതിവാണ്. നൂറുക്കണക്കിന് വീടുകളുടെ നിര്‍മ്മാണം പാതിവഴിയിലാണ്. ഇതിനെല്ലാം രാഷ്ട്രീയക്കാര്‍ കൂട്ടിനുണ്ട്. ഒരു പരിഹാരം എന്ന നിലയ്ക്കാണ് വെല്‍ഫയര്‍ സൊസൈറ്റി രുപീകരിച്ച് വീടുനിര്‍മ്മാണം ഞങ്ങളെ ഏല്‍പ്പിച്ചത്. രാഷ്ട്രീയക്കാരെ പോലെ ഉദ്യോഗസ്ഥര്‍ക്കും ഇതിഷ്ടമായിട്ടില്ല. വീടു പണിയുന്നതിന് പണം കൃത്യമായി നല്‍കാതെ സൊസൈറ്റികളെ തകര്‍ക്കുകയാണ്. വയനാട് ജില്ലയില്‍ ഇരുപത്തിയഞ്ചോളം ട്രൈബല്‍ സൊസൈറ്റികള്‍ ഈ രംഗത്തുണ്ട്. അതില്‍ അധികം സി പി എം ആണ് നിയന്ത്രിക്കുന്നത്. ചിലരുടെ ബിനാമി ആയാണ് ചില സംഘങ്ങളുടെ പ്രവര്‍ത്തനം’. രാജു ആരോപിക്കുന്നു.

രാജു

‘ജീവിത പ്രയാസങ്ങള്‍ ചൂണ്ടിക്കാണിച്ച് ചിലര്‍ ഞങ്ങളുടെ അരികിലെത്തിയിരുന്നു. അവര്‍ പറഞ്ഞത് പൂര്‍ണ്ണമായും ശരിയായിരുന്നു. എന്നിട്ടും ഞങ്ങള്‍ അതില്‍ നിന്നും മാറി നിന്നു. എന്നിട്ടും ഞങ്ങളെ എന്തിനാണ് ഭയക്കുന്നത്. മാവോയിസ്റ്റുകളെ എതിര്‍ക്കണമെന്നാണ് അവര്‍ പറയുന്നത്. എന്തിനാണ് അത്? അവരൊരിക്കലും ഞങ്ങളെ ദ്രോഹിച്ചിട്ടില്ല. പ്രാക്തന ഗോത്രവര്‍ഗ്ഗ വികസനത്തിനായുള്ള പദ്ധതിയുടെ ഫണ്ട് ചെലവഴിക്കുന്നതിലെ അഴിമതി ചൂണ്ടിക്കാണിക്കുന്നത് വലിയ കുറ്റമാണ്. പിന്നെ ഞങ്ങള്‍ തീവ്രവാദികളാണ്. സ്വതന്ത്രരാണെന്ന് സമ്മതിച്ച് തരാന്‍ ആരും തയ്യാറല്ല. ഓരോരുത്തരും അവരുടെ പാര്‍ട്ടികളില്‍ ചേരാന്‍ നിര്‍ബന്ധിച്ച് പിന്നാലെ നടക്കുകയാണ്. വേറൊരു കാര്യം കൂടിയുണ്ട്, ഈ കാട്ടിനുള്ളില്‍ വൈദ്യുതിയെത്തിയതും റോഡുണ്ടായതും ഞങ്ങള്‍ മുറവിളി കൂട്ടിയിട്ടാണ്. പഞ്ചായത്ത് ഭരിക്കുന്നവരെല്ലാം ഇതിലുണ്ട്. എന്ത് പ്രയോജനം? രാജു ചോദിക്കുന്നു.

അശാന്തമായ ആദിവാസി കോളനികളില്‍ നിന്നും ഉയരുന്ന ഇത്തരം ചോദ്യങ്ങള്‍ ഒറ്റപ്പെട്ടതല്ല. തങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കപ്പെട്ട ലക്ഷങ്ങളുടെയും കോടികളുടെയും പേരില്‍ അവകാശവാദമായി എത്തുന്നവരോടുള്ള വെറുപ്പില്‍ നിന്നാണിവരുടെ രോഷം അണപ്പൊട്ടുന്നത്. വിമോചനത്തിനായി നടന്നതും സർക്കാരുകൾ അടിച്ചമർത്തുകയും ചെയ്ത സമരങ്ങളുടെ വാർഷിക അനുസ്‌മരണങ്ങൾ കടന്നുപോകുന്പോൾ ജീവിതാവസ്ഥയിൽ കാര്യമായ പുരോഗതിയൊന്നുമുണ്ടാകാത്ത കേരളത്തിലെ ആദിവാസി ജനതയുടെ ജീവിത ചിത്രമാണ് ഇത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ