ചെങ്ങന്നൂര്‍: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ചെങ്ങന്നൂരില്‍ അയ്യപ്പസേവാ സംഘം നേതാവും കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവുമായ ഡി.വിജയകുമാറാണ് സ്ഥാനാർഥി. അന്തിമപ്രഖ്യാപനം ഡല്‍ഹിയില്‍ നിന്ന് ഹൈക്കമാന്‍ഡാവും നടത്തുക. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി അടിയന്തര രാഷ്ട്രീയ നിർവ്വാഹക സമിതി യോഗത്തിലാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്.

യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയരംഗത്തേക്ക് കടന്നു വന്ന ഡി.വിജയകുമാര്‍ അണികള്‍ക്കിടയിലും സ്വീകാര്യനായ നേതാവായാണ് വിലയിരുത്തപ്പെടുന്നത്. ശക്തമായ ത്രികോണ മൽസരം ഉറപ്പായ സാഹചര്യത്തില്‍ യുഡിഎഫ് വോട്ടുകള്‍ ഉറപ്പിക്കാനും ബിജെപി വോട്ടുകളില്‍ വിളളല്‍ വീഴ്ത്താനും വിജയകുമാറിനെ രംഗത്തിറക്കുന്നത് വഴി സാധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കു കൂട്ടുന്നു.

അയ്യപ്പസേവാസംഘം നേതാവെന്ന നിലയില്‍ ചെങ്ങന്നൂര്‍ മേഖലയില്‍ വിജയകുമാറിനുള്ള സ്വാധീനവും പാര്‍ട്ടി കണക്കിലെടുത്തുവെന്നാണ് സൂചന. പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായ സജി ചെറിയാനാണ് എൽഡിഎഫിനായി മൽസര രംഗത്തുളളത്. മുതിർന്ന ബിജെപി നേതാവായ പി.ശ്രീധരൻ പിള്ളയാണ് ബിജെപിയുടെ സ്ഥാനാർഥി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ