തിരുവനന്തപുരം: കാസർഗോഡ് ചീമേനി തുറന്ന ജയിലിൽ ഗോപൂജ നടത്തിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു. സുപ്രണ്ട് എ.ജി സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ജയിൽ മേധാവി ആർ. ശ്രീലേഖയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ചീമേനി തുറന്ന ജയിലില്‍ ഗോപൂജ നടത്തിയ സംഭവം നിയമലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഈശ്വരന്റെ പേരിലായാല്‍ പോലും നിയമത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ലെന്നാണ് സംഭവത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം.
ഗോപൂജ ജയിലിലെ മതസൗഹാര്‍ദത്തിനും മതേതര കാഴ്ചപ്പാടിനും വിരുദ്ധമാണെന്ന് എഡിജിപി ശ്രീലേഖ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. പൂജ സംബന്ധിച്ച് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം ധിക്കാരപരമായിരുന്നെന്നും ജയില്‍ മേധാവി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
കര്‍ണാടകയില്‍ നിന്നുള്ള ആര്‍.എസ്.എസ് നേതാക്കളെ പങ്കെടുപ്പിച്ച് ഫെബ്രുവരി അഞ്ചാം തീയതിയാണ് ജയിലില്‍ ഗോപൂജ നടന്നത്. കര്‍ണാകയിലെ മഠം അധികൃതര്‍ ജയിലിലേക്ക് പശുക്കളെ കൈമാറുന്ന ചടങ്ങിന്റെ ഭാഗമായിരുന്നു പൂജ. ജയില്‍ സുപ്രണ്ടിന്റെ നേതൃത്വത്തിലാണ് പൂജ നടത്തിയത്. കര്‍ണാടകയില്‍ നിന്നെത്തിയ സംഘ്പരിവാര്‍ അനുഭാവിയായ സ്വാമിയാണ് പൂജ നടത്തിയത്. ജയില്‍ സൂപ്രണ്ടും ജോയിന്റ് സൂപ്രണ്ടും ചേര്‍ന്നാണ് സ്വാമിയെയും സംഘത്തെയും സ്വീകരിച്ചത്.
പൂജയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ തടവുകാരും പങ്കെടുത്തിരുന്നു. ഗോ മാതാവിന് ജയ് വിളിച്ചു കൊണ്ടായിരുന്നു പൂജ. ചടങ്ങിന്റെ വീഡിയോ പുറത്തുവന്നതോട് കൂടി സംഭവം വിവാദമായിരുന്നു.
കര്‍ണാടകയിലെ ഹൊസനഗര മഠം ഗോശാല അധികൃതര്‍ കുള്ളന്‍ പശുക്കളെ ജയിലിലേക്ക് സംഭാവന ചെയ്യുകയായിരുന്നു. പശുക്കളെ കൈമാറുന്നതിനിടയില്‍ വിളക്ക് കത്തിച്ച് വയ്ക്കുകയും ഗോ മാതാ കീ ജയ് വിളികള്‍ ഉയരുകയുമായിരുന്നു.
കൃഷിത്തോട്ടത്തിനായി പശുക്കളെ തേടി നേരത്തെ ജയില്‍ അധികൃതര്‍ നിരവധി പേരെ സമീപിച്ചിരുന്നു. ഇതിനിടെയാണ് പശുക്കളെ സംഭാവന ചെയ്യാന്‍ സന്നദ്ധരായ കര്‍ണാടകയിലെ ഹൊസനഗര മഠം ഗോശാല രംഗത്തെത്തിയത്. രണ്ട് ലക്ഷം രൂപ വിലവരുന്ന 20 കുള്ളന്‍ പശുക്കളെയാണ് മഠം സംഭാവന ചെയ്തത്.