തൊടുപുഴ: മണ്ണിടിച്ചിലും പാറവീഴ്ചയും തുടര്‍ക്കഥയായ പള്ളിവാസല്‍ മേഖലയിലെ റിസോര്‍ട്ടുകളില്‍ വിദഗ്‌ധ പരിശോധന നടത്താന്‍ ഇടുക്കി ജില്ലാ ഭരണകൂടം തയാറെടുക്കുന്നു. വ്യാഴാഴ്ച ഇടുക്കി കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ സമിതിയുടെ യോഗത്തിലാണ് പള്ളിവാസല്‍ മേഖലയിലെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ തീരുമാനമെടുത്തത്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് മേഖലയിലെ റിസോര്‍ട്ടുകള്‍ ഉള്‍പ്പടെയുള്ളവയ്ക്കു ദുരന്തനിവാരണ സമിതിയുടെ സുരക്ഷാ നിബന്ധനകള്‍ ബാധകമാക്കാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം ദുരന്തനിവാരണ സമതിയുടെ വിദഗ്ധ സംഘം ഉടന്‍ തന്നെ മേഖലയില്‍ പരിശോധന നടത്തും. ഇതിനായുള്ള മാനദണ്ഡങ്ങള്‍ രണ്ടുദിവസത്തിനകം തയാറാക്കും.
ജില്ലാ ദുരന്ത നിവാരണ സമിതിയുടെ യോഗത്തിനു മുമ്പായി ജില്ലാ കലക്ടര്‍ പള്ളിവാസല്‍ മേഖലയിലെ അപകട സാധ്യതയുള്ള റിസോര്‍ട്ടുകളുടെ പട്ടിക തയാറാക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഇന്നു നടന്ന പ്രത്യേക യോഗത്തില്‍ പ്രദേശത്തെ റിസോര്‍ട്ടുകളുടെ അപകട സാധ്യതയെക്കുറിച്ചു വിദഗ്‌ദ്ധ സംഘം വിലയിരുത്തി.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന റിസോര്‍ട്ടുകള്‍ക്കു മാത്രം തുടര്‍ന്നും പ്രവര്‍ത്തനാനുമതി നല്‍കിയാല്‍ മതിയെന്നാണ് ഇപ്പോള്‍ റവന്യൂ വകുപ്പിന്റെ തീരുമാനം. രണ്ടാഴ്ച മുമ്പു പെയ്ത കനത്ത മഴയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായതിനെത്തുടര്‍ന്നു പള്ളിവാസല്‍ രണ്ടാം മൈല്‍ മേഖലയിലെ രണ്ടു റിസോര്‍ട്ടുകള്‍ക്കു ജില്ലാ കലക്ടര്‍ സ്‌റ്റോപ് മെമ്മോ നല്‍കിയിരുന്നു. തുടര്‍ച്ചയായ പാറ വീഴ്ചകളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പള്ളിവാസലിലുള്ള പ്ലം ജൂഡി റിസോര്‍ട്ടും സമീപത്തുള്ള ഹോംസ്‌റ്റേയും റവന്യൂ അധികൃതര്‍ അടച്ചുപൂട്ടിയിരുന്നു.
പാറ വീഴ്ചയെത്തുടര്‍ന്നു സുരക്ഷാ ഭീഷണിയുണ്ടായ പ്ലം ജൂഡിക്ക് ജില്ലാ കളക്ടര്‍ സ്റ്റോപ് മെമ്മോ നല്‍കിയിരുന്നുവെങ്കിലും ഇതിനെതിരേ ഉടമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി തള്ളിയ ഹൈക്കോടതി സംസ്ഥാന ദുരന്ത നിവാരണ സമിതിയില്‍ അപ്പീല്‍ നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ജില്ലാ ദുരന്തനിവാരണ സമിതിയ യോഗത്തില്‍ പൂട്ടിയ റിസോര്‍ട്ട് ഉടമകള്‍ നല്‍കിയ അപ്പീലുകളും പരിഗണിച്ചിരുന്നു.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍പു നടത്തിയ പഠനത്തില്‍ നിര്‍ദേശിച്ച തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ പൂട്ടിയ പ്ലം ജൂഡി ഉള്‍പ്പടെയുള്ള റസോര്‍ട്ടുകള്‍ക്കും വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കുമെന്നും റവന്യൂ അധികൃതര്‍ പറഞ്ഞു. വിദഗ്‌ദ്ധ സമിതിയുടെ പരിശോധനകള്‍ക്കു ശേഷമായിരിക്കും ഇത്തരത്തില്‍ അനുമതി നല്‍കുക. റിസോര്‍ട്ടുകളുടെ സുരക്ഷ സംബന്ധിച്ച പരിശോധനാ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ജില്ലാ ദുരന്തനിവാരണ സമിതി ഈ മാസം 26-ന് വീണ്ടും യോഗം ചേരും.