കാസർഗോഡ്: ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം.സി.കമറുദ്ദീനെതിരെ ഏഴ് വഞ്ചനാ കേസുകൾ കൂടി. എംഎൽഎയ്‌ക്കെതിരായ ആകെ വഞ്ചനാ കേസുകളുടെ എണ്ണം ഇതോടെ 63 ആയി. നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് എംഎൽഎയ്‌ക്കെതിരെ ഇപ്പോൾ അന്വേഷണം നടക്കുന്നത്. നേരത്തെ എംഎൽഎയുടെ കാസർഗോഡ് പടന്നയിലെ വീട്ടിൽ പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു.

കാസർഗോഡ് തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഖമറുദ്ദീനെതിരെ പൊലീസ് കേസുകൾ. മൂന്ന് പേരിൽ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്‌തത്. എണ്ണൂറോളം പേരിൽനിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർ നൽകിയ പരാതിയിലാണ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തത്.

Read Also; ക്വാറന്റെെൻ ഇനി ഏഴ് ദിവസം; കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്നുമുതൽ

എണ്ണൂറോളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് പണം തിരിച്ചുനൽകിയില്ല. പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു.

അതേസമയം, താൻ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഉപജീവനമാർഗത്തിനായി ചേർന്ന ഫാഷൻ ഗോൾഡ് ജ്വല്ലറി ബിസിനസ് സംരംഭം തകർന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും മഞ്ചേശ്വരം കമറുദ്ദീൻ പറയുന്നു. സിപിഎം ഉൾപ്പടെയുള്ള നേതാക്കളെ മധ്യസ്ഥരാക്കി നിക്ഷേപകർക്ക് പണം തിരികെ നൽകാൻ താൻ തയ്യാറാണെന്നും കമറുദ്ദീൻ പറഞ്ഞിരുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.