കൊച്ചി: ലാറ്റിനമേരിക്കൻ വിപ്ലവ പോരാട്ടത്തിന്റെ എക്കാലത്തെയും വീരനായകൻ ചെഗുവേരയുടെ മകൾ കേരളത്തിലെത്തുന്നു. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലേക്കാണ് ഡോ അലൈഡ ഗുവേര എത്തുന്നത്.

ഇകെ നായനാർ അക്കാദമി കണ്ണൂരിൽ സംഘടിപ്പിക്കുന്ന ക്യൂബൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അലൈഡയുടെ വരവ്. ലാറ്റിനമേരിക്കൻ ചരിത്രത്തെ കുറിച്ചുളള വിവിധ പുസ്തകങ്ങൾ അവർ പ്രകാശനം ചെയ്യും.

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് പരിപാടിയുടെ പ്രധാന സംഘാടകൻ. ഇതിന് പുറമെ പുസ്തക പ്രസാധക കമ്പനിയായ തൃശ്ശൂർ  സമതയും പരിപാടിയിൽ സഹകരിക്കുന്നുണ്ട്. പരിപാടിയുടെ സംഘാടക സമിതി നാളെ രൂപീകരിക്കും.

ചെഗുവേരയുടെ രണ്ടാം ഭാര്യയിലെ നാല് മക്കളിൽ മൂത്തവളാണ് എലൈഡ. ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ കുട്ടികളുടെ ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് എലൈഡ. അംഗോള, ഇക്വഡോർ, നിക്കരാഗ്വ എന്നിവിടങ്ങളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്.

ലോകത്ത് അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകരിൽ ഒരാളാണ് ഇവർ. ഇതിന് പുറമെ ഷാവേസ്, വെനസ്വല ആന്റ് ദി ന്യൂ ലാറ്റിനമേരിക്ക എന്ന പുസ്തകവും അവർ രചിച്ചിട്ടുണ്ട്.

കോംഗോയുടെ വിമോചനത്തിനായി ചെഗുവേര ക്യൂബ വിടുമ്പോൾ വെറും നാലര വയസ് മാത്രമായിരുന്നു എലൈഡയുടെ പ്രായം. പിന്നീട് എലൈഡയ്ക്ക് ഏഴ് വയസായപ്പോഴാണ് ബൊളീവിയയിൽ വച്ച് ചെഗുവേര കൊല്ലപ്പെട്ടത്. തന്റെ വ്യക്തിജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയത് അച്ഛൻ ചെഗുവേരയാണെന്ന് പലപ്പോഴും അലൈഡ ലോകത്തോട് വിളിച്ചുപറഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.