ചവറ: പ്രശസ്ത കഥകളി കലാകാരി ചവറ പാറുക്കുട്ടി ഓർമ്മയായി. മൃതദേഹം കൊല്ലം മുളങ്കാടകം ശ്മശാനത്തിൽ  (75) സംസ്കരിച്ചു. ചവറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം.

സ്വർണ്ണപ്പണിക്കാരന്റെ മകളായി ജനിച്ച് അരനൂറ്റാണ്ട് കാലം കേരളത്തിലെ കഥകളി അരങ്ങിൽ സജീവ സാന്നിദ്ധ്യമായി വളർന്ന പാറുക്കുട്ടി, പുരുഷാധിപത്യം നിലനിന്നിരുന്ന കഥകളി രംഗത്ത് ആദ്യമുയർന്നുവന്ന സ്ത്രീ കൂടിയാണ്.   കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ചവറ ചെക്കാട്ടു കിഴക്കേതില്‍ പരേതരായ എന്‍. ശങ്കരന്‍ ആചാരിയുടെയും നാണിയമ്മയുടേയും മകളാണ്.

അന്‍പതുവര്‍ഷത്തിലധികമായി കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലുള്ള കഥകളിയരങ്ങുകളിലെ സജീവമായിരുന്നു. സ്ത്രീ വേഷങ്ങൾക്ക് പുറമെ പുരുഷ വേഷങ്ങളും കെട്ടിയാടിയ പാറുക്കുട്ടിയുടെ പരശുരാമൻ ഏറെ പ്രസിദ്ധമായിരുന്നു. അരങ്ങില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ പാറുക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി ‘ചവറ പാറുക്കുട്ടി: കഥകളിയിലെ സ്ത്രീപര്‍വം’ എന്ന ഡോക്യൂമെന്ററി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനോടൊപ്പം നൃത്തവും പഠിച്ചിരുന്ന പാറുക്കുട്ടി കോളേജിലെത്തിയതോടെ കഥകളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മുതുപ്പിലക്കാട് ഗോപാലപ്പണിക്കർ,  പോരുവഴി  ഗോപാലപ്പിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി എന്നിവരായിരുന്നു ഗുരുക്കൾ. മകള്‍ കലാമണ്ഡലം ധന്യ എസ് കുമാറിനൊപ്പം ‘നാട്യധർമ്മി’ എന്ന നൃത്തവിദ്യാലയം നടത്തിവരികയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.