തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്നു വെച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ആണ് തീരുമാനം അറിയിച്ചത്. ഇതിന് പുറമെ മറ്റ് ആറിടത്തെ തിരഞ്ഞെടുപ്പുകൾ കൂടി വേണ്ടെന്നു വച്ചു. ബിഹാർ തിരഞ്ഞെടുപ്പിനൊപ്പം ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നടത്താമെന്നായിരുന്നു തീരുമാനം. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിലപാടും ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തേടിയിരുന്നു.
അടുത്ത ഏപ്രിലിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് നടത്തിയാലും, തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് ആറുമാസം മാത്രമേ അവസരം ലഭിക്കൂ.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ(ഐഎംഎ)നിർദേശം. ഇക്കാര്യം ആവശ്യപ്പെട്ട് ഐഎംഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. സംസ്ഥാനത്തെ രോഗ്യവ്യാപനത്തിന്റെ ഗുരുതര സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും രോഗവ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ വേണമെന്നും ഇതിന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നും ഐഎംഎ പറയുന്നു.
ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് വേണ്ടെന്നു വച്ചത്. സ്ഥാനാർത്ഥി നിർണയം ഉൾപ്പടെയുള്ള ഘട്ടങ്ങളിലേക്ക് കടക്കുകയും തീരുമാനമാകുകയും ചെയ്തെങ്കിലും പ്രതിപക്ഷവും സർക്കാരും ഒറ്റക്കെട്ടായി ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടിൽത്തന്നെയായിരുന്നു. ആറ് മാസത്തിൽ തെരഞ്ഞെടുപ്പ് നടക്കേണ്ട മറ്റു സംസ്ഥാനങ്ങളിലെ ഏഴ് സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് വച്ചു.