തൃശ്ശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ മുബീന്‍ ആണ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ മുബീന് കൊലപാതകത്തില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നും കൊലപാതകത്തെ കുറിച്ച് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന് അറിവുണ്ടായിരുന്നുവെന്നും മുബീന്‍ പറഞ്ഞതായാണ് പൊലീസ് അറിയിച്ചത്. മുന്‍പും നൗഷാദിനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായും മുബീന്‍ പറഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകനെ അക്രമിച്ചതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ജൂലൈ 30-നാണ് ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റത്. ഇതില്‍ നൗഷാദ് കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തിനു പിന്നില്‍ എസ്ഡിപിഐയാണെന്നതിനെച്ചൊല്ലി ഏറെ വിവാദം ഉണ്ടായിരുന്നു. പ്രാദേശിക നേതൃത്വവും കോണ്‍ഗ്രസ് നേതാക്കളും എസ്ഡിപിഐയുടെ പേര് പറഞ്ഞെങ്കിലും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആദ്യഘട്ടത്തില്‍ അതു പറഞ്ഞില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.