തൃശൂർ: അഞ്ച് പതിറ്റാണ്ടിലേറെ തൃശൂരിലെ പുലിക്കളി മഹോത്സവത്തില്‍ സ്ഥിരം സാന്നിധ്യമായിരുന്ന ചാത്തുണ്ണിപ്പുലി (79) വിടവാങ്ങി. പുലികളി പ്രേമികള്‍ ‘ചാത്തുണ്ണി ആശാന്‍’ എന്നു വിളിക്കുന്ന ചാത്തുണ്ണി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നു വിശ്രമ ജീവിതത്തിലായിരുന്നു. തൃശൂര്‍ ജില്ലയിലെ കല്ലൂരിലുള്ള മകന്റെ വീട്ടില്‍വച്ചായിരുന്നു അന്ത്യം.

2017 ല്‍ തൃശൂരില്‍ പുലികളി നടക്കുന്നതിനിടെ വീണു കാലിനു പരുക്കേറ്റിരുന്നു. അതിനുശേഷം പിന്നീട് പുലിവേഷം കെട്ടിയിട്ടില്ല. ഇത്തവണ പുലിവേഷം കെട്ടണമെന്ന് ആഗ്രഹിച്ചെങ്കിലും ആരോഗ്യപ്രശ്‌നങ്ങളാള്‍ സാധിച്ചില്ല. 2018 ല്‍ പ്രളയത്തെ തുടര്‍ന്നു പുലികളി ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

Read Also: പുലികളെ വിറപ്പിച്ച കൊമ്പന്‍; പുലിക്കളിക്കിടെ അപ്രതീക്ഷിത അതിഥി, വീഡിയോ

പതിനാറാം വയസിfലാണ് ചാത്തുണ്ണിപ്പുലി ആദ്യമായി പുലിവേഷം കെട്ടിയത്. കൂടുതല്‍ തവണ പുലിവേഷമിട്ടും പുലികളുടെ കാരണവരായും ചാത്തുണ്ണി ആശാന്‍ റെക്കോര്‍ഡിട്ടുണ്ട്. ചാത്തുണ്ണി ആശാനെ പുലിവേഷം കെട്ടിക്കാന്‍ കാരണക്കാരന്‍ മാരാത്ത് മണിമേനോനാണ്. വരയന്‍ പുലിയുടെ വേഷമിടാനാണ് ചാത്തുണ്ണിക്കു കൂടുതല്‍ ഇഷ്ടം.

Read Also: തൃശൂരില്‍ പുലികളിറങ്ങി; സ്വരാജ് റൗണ്ടില്‍ താളം ചവിട്ടാന്‍ പെണ്‍പുലികളും

സാധാരണ പുലികളെ പോലെയല്ല ചാത്തുണ്ണിപ്പുലി. മറ്റു പുലികള്‍ കുടവയറും കുലുക്കി വരുമ്പോള്‍ ചാത്തുണ്ണിപ്പുലി മെലിഞ്ഞു, വയറൊട്ടിയ നിലയിലാണ് ചുവടുവയ്ക്കുക. ചാത്തുണ്ണി ആശാന്‍ പുലിവേഷം കെട്ടുന്നതിനും പ്രത്യേകതയുണ്ട്. 41 ദിവസത്തെ വ്രതമെടുത്ത്, മത്സ്യമാംസാദികള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചാണ് ചാത്തുണ്ണി ആശാന്‍ പുലിവേഷം കെട്ടാന്‍ എത്തുക. മറ്റു പുലികളെല്ലാം വയറില്‍ പുലിമുഖം വരയ്ക്കുമ്പോള്‍ ചാത്തുണ്ണി മാസ്റ്റര്‍ അതു വേണ്ടെന്നുവയ്ക്കും. പൂങ്കുന്നം ദേശത്തിന്റെ പുലിമടയില്‍ നിന്നാണ് ചാത്തുണ്ണി ആശാന്‍ വേഷം കെട്ടാന്‍ തുടങ്ങിയത്. പിന്നീട് നായ്ക്കനാല്‍ പുലികളി സമാജത്തിലെ അംഗമായി.

ആശാരിപ്പണിയായിരുന്നു ചാത്തുണ്ണി ആശാന്റെ ജീവിതമാര്‍ഗം. വയറുള്ളവര്‍ക്കും തടിയന്‍മാര്‍ക്കും മാത്രമല്ല, മെലിഞ്ഞവര്‍ക്കും പുലിക്കളി ആരാധകരെ നേടാൻ സാധിക്കുമെന്ന് ചാത്തുണ്ണി ആശാൻ തെളിയിച്ചു. ഭാര്യ: നാരായണി, മക്കള്‍: രമേഷ്, രാധ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.