കോയമ്പത്തൂർ: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പ്രതികളായ പൾസർ സുനിക്കും വിജീഷിനും കോയന്പത്തൂരിൽ താമസമൊരുക്കിയ ചാർലി പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കൊച്ചി സിറ്റി പൊലീസ് മുന്പാകെ ഇയാൾ കീഴടങ്ങാൻ എത്തിയത്. കോയമ്പത്തൂരുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ തെറ്റാണെന്ന് പൊലീസ് കസ്റ്റഡിയിലാകും മുൻപ് ഇയാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
“കോയമ്പത്തൂരിൽ ജോലി ആവശ്യത്തിനാണ് വന്നതെന്നായിരുന്നു ഇരുവരും എന്നോട് പറഞ്ഞ്. നാട്ടുകാരനാണ് വിജീഷ്. ഇങ്ങനെയൊരു കാര്യം ചെയ്തിട്ടാണ് അങ്ങോട്ട് വരുന്നതെന്ന് അറിയില്ലായിരുന്നു. കോയമ്പത്തൂരിലെ ആ വീട്ടിൽ താമസിക്കുന്നതിന് കെട്ടിട ഉടമ എന്നോട് വാടക പോലും മിക്കപ്പോഴും വാങ്ങാറില്ല. എട്ട് വർഷമായി ഞാനവിടെയുണ്ട്. ഇങ്ങനെയൊരു കാര്യം ചെയ്തിട്ടാണ് വന്നതെന്ന് അറിഞ്ഞാൽ ഞാൻ അവരെ താമസിപ്പിക്കില്ലായിരുന്നു”, ചാർലി പറഞ്ഞു.
“മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയല്ല. മൂന്ന് ദിവസം അവർ അവിടെ താമസിച്ചിട്ടില്ല. ഒറ്റ ദിവസം മാത്രമാണ് താമസിച്ചത്. ചിലത് പറയാനുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ ഒന്നും പറഞ്ഞിരുന്നില്ല. ഞാനീ വാർത്തകൾ അറിഞ്ഞത് പിന്നീടാണ്. വീട്ടിലേക്ക് വന്ന ഞാൻ, പൊലീസെത്തിയ വിവരമറിഞ്ഞ് കീഴടങ്ങനാണ് വന്നത്. എനിക്കിതിൽ യാതൊരു പങ്കുമില്ല” ചാർലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇയാളെ ആലുവയിൽ അന്വേഷണ സംഘത്തിന് കൈമാറി. കോയന്പത്തൂരിൽ വെൽഡിങ് സ്ഥാപനത്തിൽ ജീവനക്കാരനാണ് ചാർലി. പൾസർ സുനിയും വിജീഷുമായി കോയന്പത്തൂരിലേക്ക് അന്വേഷണ സംഘം തെളിവെടുക്കാൻ പോയപ്പോൾ ചാർലി ഇവിടെയുണ്ടായിരുന്നില്ല. ഇവർ വരുന്ന വിവരമറിഞ്ഞ് ചാർലി മുങ്ങിയതാണെന്ന് വാർത്തകൾ വന്നിരുന്നു.