കോഴിക്കോട്: അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം തുടരുന്നു. ആരോപണവിധേയനായ ഫിറോസ് കുന്നുംപറമ്പലിനെ പൊലീസ് ചോദ്യം ചെയ്‌തു. അമ്മയുടെ ചികിത്സയ്‌ക്കും മറ്റാവശ്യങ്ങൾക്കുമുള്ള പണത്തില്‍ അധികമുള്ളത് മറ്റ് രോഗികൾക്ക് നൽകാമെന്ന് വർഷ അറിയിച്ചിരുന്നതായി ഫിറോസ് പൊലീസിനോട് പറഞ്ഞു. പണം നൽകാമെന്ന് പറഞ്ഞശേഷം പിന്നീട് വാക്കുമാറുകയായിരുന്നെന്നും ഫിറോസ് ആരോപിച്ചു.

ഫിറോസ് കുന്നുംപറമ്പിലടക്കം നാല് പേർക്കെതിരെയാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്. കൊച്ചി ഡിസിപി ജി.പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നീ നാലുപേർക്കെതിരെയാണ് ചേരാനല്ലൂർ പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്.

Read Also: സ്ഥിതി ഗുരുതരം; എറണാകുളത്ത് കൂടുതൽ കണ്ടെയ്‌ൻമെന്റ് സോണുകൾ

കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷയാണ് പരാതിക്കാരി. ജൂണ്‍ 24-നാണ് അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയ നടത്താൻ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫെയ്‌സ്‌ബുക്ക് ലെെവിലെത്തുന്നത്. വളരെ വെെകാരികമായാണ് വർഷ ഫെയ്‌സ്‌ബുക്ക് ലെെവിൽ സഹായം അഭ്യർത്ഥിച്ചത്. വര്‍ഷയ്‌ക്ക് സഹായവുമായി സാജന്‍ കേച്ചേരി പിന്നീട് എത്തുകയായിരുന്നു. നിരവധിപേർ വർഷയെ സഹായിക്കാൻ രംഗത്തെത്തി. ശസ്‌ത്രക്രിയ‌യ്‌ക്കു ആവശ്യമായതിനേക്കാൾ അധികം തുക അക്കൗണ്ടിലേക്ക് എത്തിയിരുന്നു. പിന്നീട് പണമയക്കുന്നത് നിർത്താൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെടേണ്ടിവന്നു.

വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് തന്നോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി വർഷ ആരോപിക്കുന്നു. ഇതിനു സമ്മതിക്കാതെ വന്നപ്പോൾ ഫിറോസ് കുന്നുപറമ്പിൽ അടക്കമുള്ളവർ തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്‌തതായാണ് വർഷയുടെ പരാതി.

Read Also: Horoscope Today July 22, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

അതിനിടെ, വർഷയുടെ അക്കൗണ്ടിലേക്ക് ഹവാല പണമെത്തിയതായി ആരോപണമുയർന്നിരുന്നു. നിലവിൽ ഹവാല പണമെത്തിയതിനു തെളിവില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ബാങ്കിങ് ചാനൽ വഴി ഹവാല ഇടപാടിനു യാതൊരു സാധ്യതയുമില്ലെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. ഫിറോസ് കുന്നുംപറമ്പിലടക്കമുള്ളവരുടെ മുൻ ജീവകാരുണ്യപ്രവർത്തനങ്ങളും പരിശോധിക്കാൻ സാധ്യതയുണ്ടെന്ന തരത്തിലാണ് ഐജി വിജയ് സാഖറെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.