മൂവാറ്റുപുഴ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ.ബാബുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. മന്ത്രിയായിരുന്നപ്പോൾ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് ബാബുവിനെതിരായ കേസ്. അന്വേഷണത്തിൽ വരവിനെക്കാൾ 45 ശതമാനം അധികം സ്വത്ത് കണ്ടെത്തിയിരുന്നു.
2011 മുതല്‍ അഞ്ചുവര്‍ഷം യുഡിഎഫ് മന്ത്രിസഭയില്‍ എക്സൈസ് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കെ.ബാബു സംസ്ഥാനത്തിന് അകത്തും പുറത്തുമായി കോടികളുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് സ്പെഷൽ സെൽ നടത്തിയ രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കുറ്റത്തിനു 2016 സെപ്റ്റംബറിൽ ബാബുവിനെതിരെ വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തത്.
മന്ത്രിയും എംഎൽഎയുമായിരുന്ന കാലത്തെ ടിഎ, ഡിഎ, മക്കളുടെ വിവാഹസമയത്തു ലഭിച്ച സമ്മാനങ്ങൾ എന്നിവ വരുമാനമായി കണക്കാക്കണമെന്നു ബാബു വിജിലൻസിനോട് ആവശ്യപ്പെട്ടിരുന്നു. ഭാര്യവീട്ടിൽ നിന്നു ലഭിച്ച സ്വത്തുക്കളും മറ്റും വരുമാന സ്രോതസ്സായി കാണണമെന്നുള്ള ആവശ്യവുമുന്നയിച്ചു. ടിഎയുടെയും ഡിഎയുടെയും കാര്യം വിജിലൻസ് സംഘം ഭാഗികമായി അംഗീകരിച്ചു. എന്നാൽ മറ്റുളള അംഗീകരിക്കാനാവില്ലെന്ന് വിജിലൻസ് വ്യക്തമാക്കിയിരുന്നു.