അഗളി: പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ ആൾക്കൂട്ടത്തിലെ 16 പ്രതികൾക്കും എതിരെ പൊലീസ് ചുമത്തിയത് അതീവ ഗുരുതരമായ കുറ്റങ്ങൾ. ആദ്യം അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്ത പൊലീസ് ഇന്നലെ 16 പ്രതികൾക്കും എതിരായ പ്രാഥമികാന്വേഷണ റിപ്പോർട്ടിലാണ് ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.
ഹുസൈൻ (50), ഷംസുദ്ദീൻ (34), രാധാകൃഷ്ണൻ (34), അബൂബക്കർ (31), മരക്കാർ (33), അനീഷ് (30), സിദ്ധിഖ് (38), ഉബൈദ് (25), നജീബ് (33), ജൈജുമോൻ (44), അബ്ദുൾ കരീം (48), സജീവ് (30), സതീഷ് (39), ഹരീഷ് (34), ബൈജു (41), മുനീർ (28) എന്നിവരാണ് സംഭവത്തിൽ ഇതുവരെ പിടിയിലായ പ്രതികൾ. ഈ 16 അംഗ സംഘമാണ് മധുവിനെ ആക്രമിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
മധുവിന്റെ കൊലപാതകത്തിൽ വർഗ്ഗീയ പരാമർശം: വീരേന്ദർ സെവാഗ് മാപ്പു പറഞ്ഞു
ജാമ്യമില്ലാത്ത നിരവധി കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143 (നിയമവിരുദ്ധമായി സംഘംചേരൽ), 147 (കലാപം നടത്തുക), 148 (ആയുധങ്ങൾ ഉപയോഗിച്ച് അക്രമം നടത്തുക), 323 (മനഃപൂർവ്വം മുറിവേൽപ്പിക്കുക, 324 (ആയുധമുപയോഗിച്ച് മനഃപൂർവ്വം മുറിവേൽപ്പിക്കുക), 225 (മനഃപൂർവ്വം ബന്ധനസ്ഥനാക്കുക), 364 (തട്ടിക്കൊണ്ടുപോവുക), 365 (തട്ടിക്കൊണ്ടുപോയി ബന്ധിപ്പിക്കുക), 387 (പിടിച്ചുപറി, മോഷണം), 302 (കൊലപാതകം) എന്നീ കുറ്റങ്ങളാണ് 16 പ്രതികൾക്കും എതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനാണ് സാധ്യത. ഇവരെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി സംഭവത്തിൽ തുടരന്വേഷണം നടത്തും. ഗുരുതരമായ വകുപ്പുകൾ ചുമത്തിയിരിക്കുന്നതിനാൽ പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം നേടാൻ സാധിക്കില്ലെന്നാണ് നിയമവിദഗ്‌ധരുടെ വിശദീകരണം.