കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്ട്രേട്ട് കോടതി സ്വീകരിച്ചു. കഴിഞ്ഞ മാസം 22നാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിന്റെ പകർപ്പ് കേസിലെ പ്രതികൾക്ക് നൽകാൻ കോടതി ഉത്തരവിട്ടുണ്ട്. മഞ്ജു വാര്യരുമായുള്ള ദാമ്പത്യ ബന്ധം തകരാൻ ഇടയാക്കിയത് ആക്രമണത്തിന് ഇരയായ നടിയാണെന്ന വിശ്വാസമാണ് ദിലീപ് ക്വട്ടേഷൻ നൽകാൻ കാരണമെന്ന് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. മഞ്ജുവാര്യരാണ് കേസിലെ പ്രധാന സാക്ഷി.

കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനെതിരേ ദിലീപ് അങ്കമാലി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ദേ പുട്ടിന്റെ ഉദ്ഘാടനത്തിനായി ദുബായിലേക്ക് പോവുന്നതിനു മുമ്പാണ് ദിലീപ് അങ്കമാലി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്, തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി പോലീസിനോടു നിര്‍ദേശിക്കുകയും ചെയ്തു.

ദിലീപ് ഉള്‍പ്പെടെ 12 പ്രതികളാണ് നടി ആക്രമിക്കപ്പെട്ട കേസിലുള്ളത്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. സുനിക്കെതിരേ ചുമത്തിയ വകുപ്പുകള്‍ തന്നെയാണ് എട്ടാം പ്രതിയായ ദിലീപിനെതിരേയും ചുമത്തിയിരിക്കുന്നത്. മഞ്ജു വാര്യരെ കൂടാതെ സിനിമാ മേഖലയില്‍ നിന്ന് അമ്പതോളം സാക്ഷികള്‍ ഉണ്ടെന്നാണ് വിവരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ