തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തി ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ വാക്സിനേഷൻ കേന്ദ്രത്തിൽ വൻ ജനത്തിരക്ക്. പ്രായമായവരടക്കം ഏറെ നേരമായി വാക്സിനായി കാത്തിരിക്കുകയാണ്. മണിക്കൂറുകളായി കാത്ത് നിൽക്കുന്നവർക്കും ഇത് വരെ വാക്സിൻ കിട്ടിയിട്ടില്ല. കാത്തു നിന്നവരിൽ നാല് പേർ കുഴഞ്ഞു വീണു എന്നാണ് റിപ്പോർട്ട്.
തലസ്ഥാന നഗരിയിലെ എറ്റവും പ്രധാനപ്പെട്ട വാക്സിനേഷൻ കേന്ദ്രമാണ് ജിമ്മി ജോർജ് സ്റ്റേഡിയത്തിലേത്. സാമൂഹിക അകലം പാലിക്കുന്നത് പോലും ഉറപ്പാക്കാനാവാത്ത സ്ഥിതിയാണ് ഇവിടെ. വാക്സിന് എടുക്കാന്‍ എത്തിയവരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. പോര്‍ട്ടല്‍ വഴി എല്ലാവര്ക്കും ലഭിച്ചത് ഉച്ചയ്ക്ക് മുന്‍പുള്ള സമയമാണ്.

കഴിഞ്ഞ കുറേ ദിവസങ്ങളായി ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ സ്ഥിതി ഇതാണ്. എന്നാൽ ജനങ്ങൾ സമയക്രമം പാലിക്കാത്തതാണ് ഈ തിരക്കിന് കാരണമെന്ന് ഡിഎംഒ പ്രതികരിച്ചു. ഒൻപത് മണി മുതലാണ് സമയം എന്ന് നേരത്തേ അറിയിച്ചിരുന്നു എന്നും, നാളെ മുതൽ സമയക്രമം പാലിക്കുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്നും ഡിഎംഒ പറഞ്ഞു. ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ വിവിധ ടൈം സ്ലോട്ടുകള്‍ ലഭിച്ചവര്‍ ഒരുമിച്ച് എത്തിയതാണ് വലിയ തിരക്കിന് കാരണമായത്. ആദ്യ ഡോസ് എടുക്കാനെത്തിയവർക്കും രണ്ടാം ഡോസ് എടുക്കാൻ എത്തിയവർക്കും ഒരു ക്യൂ മാത്രമാണുള്ളത്.
ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ കേന്ദ്രത്തിൽ ഇന്ന് രണ്ടായിരം പേര്‍ക്ക് വാക്സിന് നല്‍കാനാണ് തീരുമാനിച്ചിരുന്നത്. പത്തുമണിക്കാണ് കേന്ദ്രത്തില്‍ വാക്സിനേഷന് ആരംഭിക്കുന്നത്. എന്നാല്‍ രാവിലെ ഏഴ് മണി മുതൽ തന്നെ ആളുകൾ എത്തിത്തുടങ്ങിയതാണ് തിരക്കിന് കാരണമെന്ന് പൊലീസ് പറയുന്നു. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കണ്‍ നല്കാന് ശ്രമിച്ചിരുന്നു. എന്നാല്‍ അതും വിജയിച്ചില്ല. വാക്സിന് എടുക്കാന്‍ എത്തിയവരും പോലീസും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും ചെയ്തു.