ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്തിനടുത്ത് നരണിപ്പുഴയിൽ തോണി മറിഞ്ഞ് മരിച്ച ആറ് കുട്ടികളുടെ മൃതദേഹം ഇന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ഒഴിവാക്കിയാകും ബന്ധുക്കൾക്ക് വിട്ടു നൽകുക. അതേ സമയം തോണിയിലുണ്ടായ വിളളലാണ് അപകടകാരണമെന്ന് തോണിക്കാരൻ പൊലീസിന് മൊഴി നൽകി. വിള്ളലിൽകൂടി വെള്ളം അകത്തേക്കു കയറുകയായിരുന്നു. അപകടത്തിന്റെ നടുക്കത്തിൽനിന്ന് മോചിതനാവാത്ത വേലായുധൻ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
അപകടത്തിൽ പരുക്കേറ്റവരേയും മരിച്ചവരുടെ ബന്ധുക്കളേയും മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മന്ത്രിമാരായ എ.സി.മൊയ്തീൻ, സി.രവീന്ദ്രനാഥ് തുടങ്ങിയവർ ഇന്നലെ രാത്രി ആശുപത്രിയിലെത്തി സന്ദർശിച്ചു. അപകടത്തെ തുടർന്ന് ചങ്ങരംകുളത്തെ രണ്ട് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.
ഏഴ് പേരാണ് യാത്രാസംഘത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ആറ് കുട്ടികളും വേലായുധനുമാണ് യാത്ര പോയത്. വൈഷ്ണവ് (20), അഭിലാഷ് (13), ജനീഷ (14), പ്രസീന (14), മിന്നു (14) എന്നിവരാണ് മരിച്ചത്. എല്ലാവരും മാപ്പാനിക്കൽ കുടുംബാംഗങ്ങളാണ്.