കോഴിക്കോട്: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (പി എഫ്) തുക അടച്ചില്ലെന്ന പരാതിയില്‍ മുസ്ലിം ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യുടെ ഫിനാന്‍സ് ഡയറക്ടര്‍ പി എം എ സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നടക്കാവ് പൊലീസ് സ്‌റ്റേഷനില്‍ ഹാജരായ സമീറിനെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു.
മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്നാണ് സമീര്‍ സ്‌റ്റേഷനില്‍ ഹാജരായതെന്നാണു വിവരം. രാജ്യം വിട്ടുപോകരുതെന്നും അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാവണമെന്നുള്ള വ്യവസ്ഥകള്‍ പ്രകാരമാണു മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ആവശ്യപ്പെടുന്ന മുറയ്ക്ക് ഹാജരാകാമെന്ന വ്യവസ്ഥയിലാണ് സ്‌റ്റേഷന്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
ചന്ദ്രിക ജീവനക്കാരുടെ 2017 സെപ്റ്റംബര്‍ മുതലുള്ള പി എഫ് തുക അടയ്ക്കാനുണ്ട്. ഇതു സംബന്ധിച്ച് ജീവനക്കാരുടെ പരാതിയില്‍ 2020-ലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
പിഎഫ്, ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയിലേക്കു ശമ്പളത്തില്‍നിന്ന് പിടിച്ച 2.20 കോടി രൂപ അടച്ചില്ലെന്നും ഇത് സമീര്‍ തട്ടിയെന്നുമാണു ജീവനക്കാരുടെ പരാതി. കമ്പനിയുടെ വിഹിതവും അടച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഇത് ഉള്‍പ്പെടെ പിഴ ചേര്‍ത്ത് നാലു കോടി രൂപയോളം രൂപയാണ് അടയ്ക്കാനുളളത്.
പിഫ് വിഹിതം സ്ഥാപനം അടയ്ക്കാത്ത സാഹചര്യത്തില്‍ വിരമിച്ച നിരവധിപേര്‍ക്ക് പിഫ് ആനുകൂല്യം ലഭിക്കാനുണ്ട്. ഇതേത്തുടര്‍ന്ന് ഇവര്‍ കോഴിക്കോട് ചന്ദ്രിക ഹെഡ് ഓഫീസിനു മുന്നില്‍ ഏറെക്കാലമായി സമരം ചെയ്തുവരികയായിരുന്നു.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പി എം എ സമീറിനെ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്തിരുന്നു. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ചന്ദ്രിക കോഴിക്കോട് ഓഫീസില്‍ ഇഡി കഴിഞ്ഞവര്‍ഷം വിജിലന്‍സ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. മുന്‍മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള ചന്ദ്രികയുടെ അക്കൗണ്ടിലേക്ക് പാലാരിവട്ടം മേല്‍പ്പാലം പൂര്‍ത്തിയായ സമയത്ത് 10 കോടി രൂപ കള്ളപ്പണം എത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.