കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റിനു മുന്നിൽ (ഇഡി) മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ഹാജരായി. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ ഇഡി ഓഫീസിലെത്തിയ അദ്ദേഹം എട്ടുമണിയോടെയാണ് ഇഡി ഓഫീസിന് പുറത്തിറങ്ങിയത്.
തന്നെ ചോദ്യം ചെയ്തതല്ലെന്നും സാക്ഷി എന്ന തരത്തിൽ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഇഡി ഓഫീസിൽ നിന്ന് പുറത്തിറങ്ങവെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇങ്ങനെ ഒരു അവസരം ലഭിച്ചത് നന്നായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
“കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നുള്ളതിൽ വളരെ സന്തോഷമുണ്ട്. ഇങ്ങനെ ഒരു അവസരം ലഭിച്ചത് നന്നായി. കാരണം ഈ മഹത്തായ പത്രത്തെക്കുറിച്ച് ഇല്ലാത്ത പല കാര്യങ്ങളും പലരും എഴുതിക്കൊണ്ട് കൊടുത്തിട്ടുണ്ട്. അതൊക്കെ വളരെ നന്നായി സമയമെടുത്ത് ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം,” കുഞ്ഞാലിക്കുട്ടി പറഞ്ഞു.
“അവരുടെ കാര്യം അവരാണ് പറയേണ്ടത് ഞാനല്ല. സാക്ഷി എന്ന നിലയിൽ ഒരു സ്റ്റേറ്റ്മെന്റ് എടുത്തു. അത്ര മാത്രമേയുള്ളൂ. വേറെ ഒന്നും ഇല്ല. ആവശ്യമായ എല്ലാ റെക്കോഡും കൊടുത്തു. ഒരു കുഴപ്പവും ആ പത്രത്തിനില്ല,” കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമെന്ന നിലയിലാണ് കുഞ്ഞാലിക്കുട്ടിയെ ഇഡി വിളിപ്പിച്ചത്. ചന്ദ്രിക കൊച്ചി യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നോട്ടുനിരോധന കാലത്ത് പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ട വിശദീകരണമാണ് ഇഡി കുഞ്ഞാലിക്കുട്ടിയില്‍നിന്ന് തേടുന്നത്. പാലാരിവട്ടം മേല്‍പ്പാലം അഴിമതി വഴി ലഭിച്ച കള്ളപ്പണം വെളുപ്പിക്കാന്‍ ചന്ദ്രിക ദിനപത്രം ഉപയോഗിച്ചെന്ന പരാതിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഇഡി കേസെടുത്തത്.
ഇന്നു രാവിലെ പതിനൊന്നോടെ ഹാജരാവാനാണ് കുഞ്ഞാലിക്കുട്ടിയോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വൈകിട്ട് നാലോടെ അഭിഭാഷകനൊപ്പം അദ്ദേഹം ഹാജരാവുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ വിശദമായ മൊഴി ഇഡി രേഖപ്പെടുത്താനാണു സാധ്യത. നേരത്തെ ഒരു ദിവസം ഹാജരാവാന്‍ ആവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടിക്ക് ഇഡി നോട്ടിസ് നല്‍കിയിരുന്നെങ്കിലു അദ്ദേഹം സമയം നീട്ടിവാങ്ങുകയായിരുന്നു.
സാക്ഷിയായാണ് ഇഡി തന്നെ വിളിപ്പിച്ചിരിക്കുന്നതെന്ന് കുഞ്ഞാലിക്കൂട്ടി പറഞ്ഞു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെന്നത് തെറ്റാണ്. കേസിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Also Read: കോഴക്കേസ് രാഷ്ട്രീയ പ്രേരിതം, സുന്ദരയെ അറിയില്ല; കെ.സുരേന്ദ്രൻ
നേരത്തെ ദിനപത്രവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട പ്രതിനിധികളേയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. പണം എവിടെ നിന്ന് വന്നു, ഏത് രീതിയില്‍ കൈകാര്യം ചെയ്തു തുടങ്ങിയ കാര്യങ്ങളാവും കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചറിയുക എന്നാണ് സൂചനകള്‍.
കേസില്‍ ചന്ദ്രിക ഫിനാന്‍സ് മാനേജര്‍ സമീറിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പണം പിന്‍വലിച്ചത് ജീവനക്കാരുടെ ശമ്പളം പിഎഫ് വിഹിതം, എന്നിവ നല്‍കാനാണെന്നാണ് സമീര്‍ വിശദീകരിച്ചതായാണു വിവരം. ഇത് സംബന്ധിച്ച രേഖകള്‍ സമീര്‍ ഹാജരാക്കിയെന്നും വിവരമുണ്ട്. നേരത്തെ, ഇഡി വിളിപ്പിച്ചതനുസരിച്ച് ഹാജരായയ കെടി ജലീല്‍ എംഎല്‍എ, ചന്ദ്രികയിലെ ക്രമക്കേട് സംബന്ധിച്ച് രേഖകള്‍ കൈമാറിയെന്നു പറഞ്ഞിരുന്നു.