ഈ വർഷം കാലവർഷത്തിൽ പ്രളയം ഉണ്ടായാൽ കൊവിഡ്-19 മഹാമാരിയെ അകറ്റാൻ പോരാടുന്ന സംസ്ഥാനത്തിന് ഇത് മറ്റൊരു ഗുരുതര വെല്ലുവിളിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് മോശമായ സാഹചര്യവും നേരിടാൻ നാം തയ്യാറെടുത്തേ പറ്റൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളപ്പൊക്കമുണ്ടായാൽ മുൻ വർഷങ്ങളിലേതിന് സമാനമായി ആളുകളെ മാറ്റിപ്പാർപ്പിക്കാനാവില്ല. ഇതിനു പകരം നാലു തരത്തിലുള്ള കെട്ടിടങ്ങൾ സജ്ജമാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ക്വാറന്റൈൻ സൗകര്യങ്ങൾക്കായി സർക്കാർ മൊത്തം 27,000 കെട്ടിടങ്ങൾ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

“ഈ വർഷം സാധാരണയിൽ കവിഞ്ഞ മഴയുണ്ടാവുമെന്നാണ് കാലവസ്ഥാ നിരീക്ഷകർ സൂചിപ്പിക്കുന്നത്. കാലവർഷം സാധാരണ നിലയിലാണെങ്കിൽ തന്നെ ആഗസ്റ്റിൽ അധിവർഷം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കൊവിഡ്-19 മഹാമാരിയെ അകറ്റാൻ പോരാടുന്ന സംസ്ഥാനത്തിന് ഇത് മറ്റൊരു ഗുരുതര വെല്ലുവിളിയാണ്. ഈ സാഹചര്യം മുന്നിൽക്കണ്ട് അടിയന്തര തയ്യാറെടുപ്പ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡിനൊപ്പം കാലവർഷക്കെടുതി നേരിടുന്നതിനുള്ള പദ്ധതി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്.”- മുഖ്യമന്ത്രി പറഞ്ഞു.

“ക്വാറന്റൈൻ സൗകര്യങ്ങൾക്കായി സർക്കാർ മൊത്തം 27,000 കെട്ടിടങ്ങൾ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. അവയിൽ ബാത്ത്റൂമോട് കൂടിയ രണ്ടര ലക്ഷത്തിലധികം മുറികളുണ്ട്. അടിയന്തര സാഹചര്യം വന്നാൽ ഉപയോഗിക്കാനുള്ള കെട്ടിടങ്ങൾ വേറെയും കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമാന്തരമായാണ് വെള്ളപ്പൊക്കമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുന്ന വെല്ലുവിളി. ഇതിനു വേണ്ടി (കെട്ടിടങ്ങൾ) ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏത് മോശമായ സാഹചര്യവും നേരിടാൻ നാം തയ്യാറെടുത്തേ പറ്റൂ.” – മുഖ്യമന്ത്രി പറഞ്ഞു.

നാല് തരത്തിൽ കെട്ടിടങ്ങൾ വേണം

“കോവിഡ്-19 വ്യാപന ഭിഷണി ഉള്ളതുകൊണ്ട്, വെള്ളപ്പൊക്കം കാരണം ഒഴിപ്പിക്കേണ്ടി വരുന്നവരെ സാധാരണപോലെ ഒരുമിച്ച് താമസിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തേ സ്കൂളുകളിലും മറ്റും ഒന്നിച്ച് പാർപ്പിക്കാമായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ അത് പറ്റില്ലെന്നും അദ്ദഹം വ്യക്തമാക്കി. നാല് തരത്തിൽ കെട്ടിടങ്ങൾ വേണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്.   പൊതുവായ കെട്ടിടം, പ്രായം കൂടിയവർക്കും (കോവിഡ് അല്ലാത്ത) മറ്റു രോഗങ്ങളുള്ളവർക്കും പ്രത്യേക കെട്ടിടം. കോവിഡ് രോഗ ലക്ഷണമുള്ളവർക്ക് വേറൊരു കെട്ടിടം. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് വേറൊരു കെട്ടിടം എന്നിങ്ങനെയാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അണക്കെട്ടുകൾ തുറക്കേണ്ടി വരില്ല

കാലവർഷത്തിൽ സംസ്ഥാനത്തെ ഇടുക്കി അടക്കമുള്ള അണക്കെട്ടുകളൊന്നും തുറക്കേണ്ടിവരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ ദുരന്ത നിവാരണ അതോറിറ്റി സ്ഥിതിഗതികൾ വിലയിരുത്തി. വെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ നദികളിലെയും തോടുകളിലെയും ചാലുകളിലെയും എക്കലും മാലിന്യവും മഴ തുടങ്ങും മുമ്പ് നീക്കാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രവൃത്തികള്‍ രണ്ടാഴ്ചയ്ക്കകം തീര്‍ക്കണം.

അണക്കെട്ടുകളിലെ സ്ഥിതിയും തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ട്. ഇടുക്കി ഉള്‍പ്പെടെ വലിയ അണക്കെട്ടുകളൊന്നും തുറക്കേണ്ടിവരില്ല സര്‍ക്കാരിന്‍റെ സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാര്‍ക്ക് അടിയന്തരമായി ദുരന്തപ്രതികരണ കാര്യങ്ങളില്‍ പരിശീലനം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിക്കായിരിക്കും ഇതിന്‍റെ ചുമതല.

രോഗികളുടെ എണ്ണം വർധിക്കുന്നത് വരാനിരിക്കുന്ന വിപത്തിന്റെ സൂചന

അതേസമയം സംസ്ഥാനത്ത് കോവിഡ്-19 രോഗികളുടെ എണ്ണം വർധിക്കുന്നത് വരാനിരിക്കുന്ന വിപത്തിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി കോവിഡ്-19 ബാധിക്കുന്ന പുതിയ കേസുകളുടെ എണ്ണം ഒറ്റ അക്കത്തിലാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്നലെ അത് പത്തായെന്നും ഇന്ന് 26ലേക്ക് എത്തി.. എന്നാൽ ഈ പ്രതിസന്ധി മറികടക്കും. സർക്കാരും ജനങ്ങളും ഒന്നായി നിന്ന് തന്നെ പ്രതിസന്ധിയെ മറികടക്കാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൊറോണയെ കരുതികൊണ്ട് വേണം ജീവിക്കാൻ

ലോക്ക്ഡൗൺ തുറന്നാലും ഇല്ലെങ്കിലും നമ്മൾ കൊറോണയെ കരുതികൊണ്ട് വേണം ജീവിക്കാനെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പ്രകാരം കോവിഡ്-19 ഒരിക്കലും ഇല്ലാതാകുകയില്ലെന്നാണ്. വാക്സിന്റെ അഭാവത്തിൽ എച്ച്ഐവിയെ പോലെ തന്നെ ലോകത്താകമാനം നിലനിൽക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൊതുസമൂഹത്തിന്റെയാകെ രോഗപ്രതിരോധശേഷി വർധിപ്പിക്കുകയെന്നതും കോവിഡ്-19നെ ചികിത്സിച്ച് ഭേദമാക്കുന്ന പ്രത്യേക ചികിത്സ പ്രോട്ടൊകോൾ പാലിക്കേണ്ടതും പരമപ്രധാനമാണ്. അത്തരത്തിലുള്ള ഇടപ്പെടലുകളിലേക്കാണ് ശ്രദ്ധ നൽകുന്നത്.

ഇതോടൊപ്പം പൊതുസമൂഹം ജീവിതശൈലിയിൽ ചില മാറ്റങ്ങൾ ഉൾകൊള്ളണം. അതിൽ ഏറ്റവും പ്രധാനം മാസ്ക് പൊതുജീവിത്തതിന്റെ ഭാഗമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിക്കുംതിരക്കും ഉണ്ടാകത്ത വിധം കച്ചവടവും പൊതുഗതാഗതവും ക്രമീകരിക്കണം. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. അതിൽ തന്നെ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുക. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മുൻകൂട്ടി സമയം ക്രമീകരിക്കുന്നതും ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് മാത്രം 26 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ പത്ത് പേർ കാസർഗോഡ് ജില്ലക്കാരാണ്. മലപ്പുറം ജില്ലയിൽ അഞ്ച് പേർക്കും പാലക്കാട് വയനാട് ജില്ലകളിൽ മൂന്ന് പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചപ്പോൾ കണ്ണൂരിൽ രണ്ട് പേർക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേർക്കും കണ്ണൂരിൽ ഒരാൾക്കുമാണ് ഇന്ന് രോഗം ഭേദമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.