തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കരസേന മുന്നറിയിപ്പ്. കരസേനാ ദക്ഷിണേന്ത്യൻ കമാന്‍ഡന്‍റ് ലഫ്. ജനറൽ എസ് കെ സൈനി ആണ് ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഗുജറാത്തിലെ സർ ക്രീക്കിൽ നിന്ന് ഉപേക്ഷിച്ച ബോട്ടുകൾ കണ്ടെത്തിയെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും സൈന്യം അറിയിച്ചു.

കരസേനയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത പുലർത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകി. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, എന്നിവിടങ്ങളിലും ജനങ്ങൾ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലർത്താനും ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണാഘോഷവുമായി ബന്ധപ്പെട്ട് ജനത്തിരക്ക് വർധിക്കുന്ന സ്ഥലങ്ങളിലും ആഘോഷവേദികൾക്ക് സമീപവും കർശന സുരക്ഷ ഏർപ്പെടുത്തും.

Also Read: വിക്രം ലാൻഡർ തകർന്നിട്ടില്ല; ചന്ദ്രനിൽ ചരിഞ്ഞ നിലയിൽ

ജയ്ഷെ മുഹമ്മദ് തലവനും ആഗോളഭീകരനുമായ മസൂദ് അസറിനെ പാകിസ്ഥാൻ രഹസ്യമായി ജയിൽമോചിതനാക്കിയെന്നും രാജ്യമെമ്പാടും പാകിസ്ഥാൻ വൻഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയാണെന്നും ഇന്‍റലിജൻസ് ബ്യൂറോ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്‍റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ് ലഭിച്ചതോടെ രാജ്യമെമ്പാടും അതീവജാഗ്രതാ നിർദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.

സംശയ്സ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ 112 എന്ന നമ്പറിലോ സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലോ അറിയിക്കണം. കൺട്രോൾ റൂം നമ്പർ: 0471 2722500

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.