കൊച്ചി: കേരളത്തിന്റെ കായല്‍പ്പരപ്പുകളില്‍ തുഴയെറിയാൻ കശ്മീരികള്‍ വീണ്ടുമെത്തും. ഇത്തവണത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ പങ്കെടുക്കാന്‍ മുപ്പതോളം കശ്മീരികളാണ് കേരളത്തിലെത്തിയത്. എന്‍സിഡിസി കുമരകം ബോട്ട് ക്ലബിനുവേണ്ടിയാണ് ഇവര്‍ എത്തിയത്. അടുത്ത വളളംകളി സീസണില്‍ പങ്കെടുക്കാനായി 2020 മാര്‍ച്ച് കഴിയുമ്പോള്‍ വീണ്ടും കശ്മീരികള്‍ കേരളത്തിലേക്കെത്തും.

കശ്മീരിലെ ടൂർണമെന്റുകളിൽ മത്സരിക്കുന്ന മുപ്പതോളം തുഴച്ചിലുകാരെയാണു എന്‍സിഡിസി കുമരകം ബോട്ട് ക്ലബ് ചുണ്ടൻ വളളത്തിൽ തുഴയാനായി കൊണ്ടുവന്നത്. ഇതിൽ 22 പേർ കുമരകം ബോട്ട് ക്ലബിന്റെ ദേവസ് ചുണ്ടനുവേണ്ടി തുഴയെറിഞ്ഞു. ക്ലബ് ഭാരവാഹികൾ അവിടെ പോയി തുഴച്ചിലുകാരെ തിരഞ്ഞെടുക്കുകയായിരുന്നു. അടുത്ത സീസണില്‍ തിരഞ്ഞെടുപ്പ് കൂടുതല്‍ പ്രൊഫഷണലാക്കുമെന്ന് ക്ലബ് പ്രസിഡന്റ് ആന്റണി ആന്റണി പറഞ്ഞു.

”ഇത്തവണ 22 പേരെയാണ് കൊണ്ടുവന്നത്. കേരളത്തില്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥരായ നിരവധി പേരുണ്ടെങ്കിലും അവര്‍ക്ക് വളളംകളി സീസണിലെ മുഴുവന്‍ മത്സരങ്ങളിലും ചിലപ്പോള്‍ പങ്കെടുക്കാന്‍ കഴിയാറില്ല. അതിനാലാണ് കശ്മീരികളെ കൊണ്ടുവന്നത്. കശ്മീരില്‍ പോയാണ് കളിക്കാരെ തിരഞ്ഞെടുത്തത്. കേരളത്തിലെത്തിയ അവര്‍ക്ക് പരിശീലനം കൊടുത്തു. ഇവിടുത്തെ പ്രാദേശിക ബോട്ട് ക്ലബിലെ അംഗങ്ങള്‍ക്കൊപ്പമാണ് അവര്‍ പരിശീലനം നടത്തിയത്. ഒരു മാസത്തോളം അവര്‍ ഇവിടെ തങ്ങി,” ആന്റണി ആന്റണി പറഞ്ഞു.

രണ്ടരമാസം കൊണ്ട് 1.25 ലക്ഷത്തോളം രൂപ കശ്മീരില്‍നിന്നുള്ള ഓരോ തുഴച്ചിലുകാരനും നല്‍കിയതായി ആന്റണി ആന്റണി പറഞ്ഞു. ”നെഹ്റു ട്രോഫിയുടെ പരിശീലന സമയത്ത് 40000 രൂപ വീതം ഒരാള്‍ക്ക് കൊടുത്തു. ഓരോ മത്സരത്തിനും 7000 രൂപയോളം വീതം വേറെയും നല്‍കി.  ഇതുകൂടാതെ ഭക്ഷണം, താമസ സൗകര്യം, ചികിത്സാച്ചെലവ്, വിമാനടിക്കറ്റ് എന്നിവയും നല്‍കി. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ 23-ാം തീയതിയിലെ മത്സരം കഴിഞ്ഞ് അവർ മടങ്ങി, ” ആന്റണി ആന്റണി പറഞ്ഞു.

എന്‍സിഡിസി കുമരകം ബോട്ട് ക്ലബ് തുഴഞ്ഞ ദേവസ് ചുണ്ടന്‍ സിബിഎല്ലില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ക്കിള്‍ 370 റദ്ദാക്കിയതിനുപിന്നാലെയുണ്ടായ അരക്ഷിതാവസ്ഥയെത്തുടര്‍ന്ന് പല ബോട്ട് ക്ലബുകളും സജീവമല്ല. ഈയൊരു സാഹചര്യത്തിലാണ് കളിക്കാര്‍ കേരളത്തിലേക്കെത്തുന്നത്.

”കേരളത്തിലേക്ക് പോകുന്നത് ഞാന്‍ വളരെ ആസ്വദിച്ചു. ആരും ഞങ്ങളെ ബുദ്ധിമുട്ടിച്ചില്ല. ഞാന്‍ അവരോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. കാരണം, ഹിന്ദുവോ മുസ്ലിമോ അല്ലെങ്കില്‍ ക്രിസ്ത്യനിയോ എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാവരും ഞങ്ങള്‍ക്ക് ധാരാളം ഇസത്ത് (ബഹുമാനം) നല്‍കി,” കശ്മീരിലെ ഡ്രാഗണ്‍ ബോട്ട് ക്ലബ് അംഗമായ മുഹമ്മദ് റാഫിഖ് പറഞ്ഞു. മറ്റു നിരവധി ടീമുകളില്‍നിന്നും തങ്ങള്‍ക്കിപ്പോള്‍ ഓഫറുകള്‍ വരുന്നതായി റാഫിഖിന്റെ സംഘാംഗം അജാസ് അഹമ്മദ് ദര്‍ പറഞ്ഞു.

”സര്‍വശക്തന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍, കേരളത്തിലേക്കു വീണ്ടും പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കശ്മീരില്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല,” ആശങ്കയോടെ റഫീഖ് പറഞ്ഞുനിര്‍ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.