തൃശ്ശൂർ: ചാലക്കുടി രാജീവ് വധക്കേസില്‍ ഏ‍ഴാം പ്രതി അഡ്വക്കറ്റ് സിപി ഉദയഭാനുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് നടപടി. ഉദയഭാനുവിനെ ഇരിങ്ങാലക്കുട സബ്ജയിലിലേക്ക് മാറ്റി. ഉദയഭാനുവിനെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി നാളെ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിക്കും. അതേസമയം നാളെ ഉദയഭാനു കോടതിയിൽ ജാമ്യാപേക്ഷ നൽകും.

റിയൽഎസ്റ്റേറ്റ് ഇടപാടുകാരൻ രാജീവ് വധക്കേസില്‍ അറസ്റ്റിലായ പ്രമുഖ അഭിഭാഷകൻ ഉദയഭാനു ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിച്ചിരുന്നു. ഉദയഭാനു കേസിലെ മുഖ്യപ്രതിയായ ചക്കര ജോണിക്ക് ഉപദേശം നല്‍കുക മാത്രമാണ് ചെയതതെന്നും, പ്രതികള്‍ക്ക് കയ്യബദ്ധം പറ്റിയതാണെന്നും ഉദയഭാനു അന്വേഷണ സംഘത്തോട് പറഞ്ഞു.

നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടുന്നതിന് വേണ്ടി രാജീവിനെ തട്ടിക്കൊണ്ടുപോയി രേഖകളിൽ ഒപ്പുവയ്ക്കാനായിരുന്നു പദ്ധതിയിട്ടത്. അതിനുവേണ്ടി രാജീവിനെ ബന്ദിയാക്കാൻ തന്റെ കക്ഷിയായ ജോണിക്ക് നിർദ്ദേശം നൽകി. എന്നാൽ,​ കൊല്ലരുതെന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇരുവരും ചേർന്ന് രാജീവിനെ കൊലപ്പെടുത്തുകയായിരുന്നെന്നും ഡി.വൈ.എസ്.പി ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഉദയഭാനു പറഞ്ഞു

ഇന്നലെ രാത്രി ഏഴു മണിയോടെ ഉദയഭാനുവിന്റെ രണ്ടാമത്തെ സഹോദരൻ അജയ്ഘോഷിന്റെ വസതിയായ തൃപ്പൂണിത്തുറ ഹിൽപ്പാലസ് മ്യൂസിയത്തിന് സമീപമുള്ള വയലിൽ റോഡിലെ സൗപർണികയിൽ നിന്നാണ് അഭിഭാഷകനെ പൊലീസ് പിടികൂടിയത്. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം രാത്രി പത്തു മണിയോടെ പ്രത്യേക അന്വേഷണസംഘത്തിന്റെ ആസ്ഥാനമായ തൃശൂർ റൂററിൽ എത്തിച്ചു.

ഇന്നലെ രാത്രി എസ്.പി യതീഷ് ചന്ദ്ര ഉദയഭാനുവിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ രണ്ട് മണിക്കൂറിലധികം നീണ്ടു നിന്നതായാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. പ്രത്യേകം ചോദ്യാവലി തയ്യാറാക്കിയായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ അഞ്ചാം പ്രതി ചക്കര ജോണിയുമായി ഫോണിൽ നിരന്തരം ബന്ധപ്പെടാനുണ്ടായ സാഹചര്യം, കൊല്ലപ്പെട്ട രാജീവുമായുള്ള ബന്ധം, വസ്തു ഇടപാടുകൾ നടത്തിയതുമായുള്ള വിവരങ്ങൾ എന്നിവയാണ് ചോദ്യാവലിയിൽ ഉൾപ്പെട്ടിട്ടുള്ളതെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ