ചാലക്കുടി :ചാലക്കുടി കൊലപാതക കേസിലെ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ചക്കര ജോണി രാജ്യം വിട്ടിട്ടില്ലെന്ന് സൂചന. ജോണിയുടെ കൊരട്ടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിൽ പോലീസ് പാസ്പോര്‍ട്ട് രേഖകള്‍ കണ്ടെത്തി.
രാജീവിനെ ബന്ദിയാക്കാന്‍ ക്വട്ടേഷന്‍ നല്കിയതു ചക്കര ജോണിയാണ്. ഇയാൾ രാജ്യം വിട്ടെന്നായിരുന്നു നേരത്തെ പൊലീസിനു ലഭിച്ച സൂചന. ഇയാൾക്കു മൂന്നു രാജ്യങ്ങളുടെ വീസയുള്ളതാണു സംശയമുയരാൻ കാരണം. ഓസ്ട്രേലിയ, യുഎഇ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള വീസയാണ് കൈവശമുള്ളത്. ജോണിക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും സൂചനയുണ്ട്. ഇയാൾക്കായി വിമാനത്താവളങ്ങളിൽ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കുമെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ വിമാനത്താവളങ്ങള്‍ ഒഴിവാക്കി കോയമ്പത്തൂര്‍ വഴി വിദേശത്തേക്ക് കടന്നേക്കാമെന്ന സൂചനയില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. ഇതിനിടെ കൊല്ലപ്പെട്ട രാജീവിന്റെ മകന് അഖിലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.
കൊല നടത്തിയെന്നു സംശയിക്കുന്ന നാലംഗ ക്വട്ടേഷൻ സംഘത്തെ അഞ്ചു മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രമുഖ അഭിഭാഷകൻ സി.പി.ഉദയഭാനുവിൽനിന്നു തനിക്കു വധഭീഷണി ഉണ്ടെന്നുകാട്ടി മൂന്നു മാസം മുൻപു ഡിജിപിക്കു രാജീവ് പരാതി നൽകിയ സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ പങ്കും അന്വേഷിക്കുമെന്നു റൂറൽ പൊലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു. അന്വേഷണത്തിനു ഡിവൈഎസ്പി എസ്.ഷംസുദ്ദീന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.