ചാലക്കുടി: ചാലക്കുടിയില്‍ ഇന്നസെന്റ് തന്നെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയില്‍ ഇന്നസെന്റിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം കൈക്കൊണ്ടതായാണ് സൂചന.
ഒരു അവസരം കൂടി ഇന്നസെന്റിന് നല്‍കണമെന്ന് സംസ്ഥാന സമിതിയില്‍ ആവശ്യമുയര്‍ന്നു. ഇന്നസെന്റ് വീണ്ടും സ്ഥാനാര്‍ത്ഥിയാകുന്നതില്‍ ചാലക്കുടി പാര്‍ലമെന്ററി കമ്മിറ്റി കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചിരുന്നു. ഇന്നസെന്റ് പരാജയപ്പെട്ടാല്‍ സംസ്ഥാന നേതൃത്വം പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നായിരുന്നു പാര്‍ലമെന്ററി കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നത്.
ഇന്നസെന്റിന് വിജയസാധ്യതയില്ലെന്ന പാര്‍ലമെന്ററി കമ്മിറ്റിയുടെ അഭിപ്രായം തള്ളിയാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി ഇന്നസെന്റ് എംപിക്ക് ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.
അതേസമയം, പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കും എന്നതില്‍ സിപിഎമ്മിനുള്ളില്‍ ഇപ്പോഴും വ്യക്തതയായിട്ടില്ല. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരിക്കും എല്‍ഡിഎഫിനായി പൊന്നാനിയില്‍ നിന്ന് ജനവിധി തേടുക. എന്നാല്‍, ഇത് ആരായിരിക്കണമെന്ന അന്തിമ തീരുമാനം നീളുകയാണ്.
നേരത്തെ, പി.വി.അന്‍വര്‍ എംഎല്‍എയെ മത്സരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതിയില്‍ ഇതേകുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. ശനിയാഴ്ച ചേരുന്ന സിപിഎം സെക്രട്ടറിയേറ്റില്‍ പൊന്നാനി മണ്ഡലത്തിന്റെ ചിത്രം തെളിയാനാണ് സാധ്യത. ശനിയാഴ്ച വൈകീട്ട് സിപിഎം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.