തൃശൂർ: ചാലക്കുടി രാജീവ് വധക്കേസിൽ കുറ്റാരോപിതനായ മുതിർന്ന ക്രിമിനൽ അഭിഭാഷകൻ അഡ്വ. സി.പി.ഉദയഭാനുവിന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. കേരള ഹൈക്കോടതിയാണ് പ്രൊസിക്യൂഷൻ വാദം പരിഗണനയിലെടുത്ത് ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

എത്ര ഉന്നതനായാലും നിയമത്തിന് മുന്നിൽ എല്ലാവരും ഒരേ പോലെയാണെന്ന് കോടതി വിലയിരുത്തി. കീഴടങ്ങാൻ കൂടുതൽ സമയം വേണമെന്ന ഉയഭാനുവിന്റെ അപേക്ഷയും തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

രാജീവ് കൊല്ലപ്പെട്ട ദിവസം ഉച്ചതിരിഞ്ഞ് ഉദയഭാനുവും പ്രതികളായ ജോണിയും രഞ്ജിത്തും ആലപ്പുഴയില്‍ ഒരേ ടവര്‍ ലൊക്കേഷന് കിഴില്‍ ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഫോണ്‍ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. 12 പേജ് ഉള്ള റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.

അതേസമയം, താൻ അഭിഭാഷകൻ എന്ന നിലയിലാണ് പ്രതികളുമായി സംസാരിച്ചതെന്ന വാദമാണ് ഉദയഭാനുവിന്റെ അഭിഭാഷകൻ വാദിച്ചത്. ഈ വാദം തള്ളിയാണ് കോടതി ഹർജിയിൽ തീർപ്പുകൽപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ